ഇനി നടക്കില്ല കങ്കണയുടെ വിഷംചീറ്റും ട്വീറ്റുകള്‍, ട്വിറ്റര്‍ എന്നേക്കുമായി അക്കൗണ്ടിന് പൂട്ടിട്ടു

ഇനി നടക്കില്ല കങ്കണയുടെ വിഷംചീറ്റും ട്വീറ്റുകള്‍, ട്വിറ്റര്‍ എന്നേക്കുമായി അക്കൗണ്ടിന് പൂട്ടിട്ടു

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് ട്വിറ്ററിന്റെ പൂട്ട്. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി ട്വീറ്റുകളാണ് കങ്കണയുടെ ഹാന്‍ഡിലില്‍ നിന്നെത്തിയത്. ബംഗാളില്‍ രാഷ്ട്രപതി വരണം വേണം, ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു.

കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നത്തേക്കുമായി സസ്‌പെന്‍ഡ് ചെയ്തതാണെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്. ഹേറ്റ്ഫുള്‍ കണ്ടക്ട് പോളിസിയും അബ്യൂസിവ് ബിഹേവിയര്‍ പോളിസിയും പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതാണെന്നും വക്താവ്. ആമസോണ്‍ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് നേരത്തെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്.

ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ തുടങ്ങി നീളുന്നു വിദ്വേഷ പ്രചരണം.

മുസ്ലിങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചരണവും മോദിയെ വിമര്‍ശിക്കുന്ന ബോളിവുഡിലെ സഹതാരങ്ങള്‍ക്കെതിരെ വ്യക്തിഹത്യ നിറഞ്ഞ പ്രചരണവും കങ്കണ റണാവത് തുടര്‍ന്നിരുന്നു. ഇത്തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കങ്കണ റണാവത്തിനായിരുന്നു.

No stories found.
The Cue
www.thecue.in