ഇങ്ങനെ ഒരു കോരന്റെ മകനെയാണ് ഇന്ത്യ കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി

ഇങ്ങനെ ഒരു കോരന്റെ മകനെയാണ് ഇന്ത്യ കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി
Hareesh Peradi

സൗജന്യ വാക്‌സിന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

വീണുപോകുമ്പോള്‍ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്, സഹോദരന്‍, നേതാവ്, സഖാവ്, മനുഷ്യന്‍ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ഇങ്ങനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ...

Posted by Hareesh Peradi on Saturday, 24 April 2021

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പണമുള്ളവര്‍ മാത്രം വാക്സീന്‍ സ്വീകരിക്കട്ടെയെന്ന നയം സംസ്ഥാനത്ത് സ്വീകരിക്കാനാവില്ല. ജനത്തിന് നല്‍കിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാര്‍ഗമാണ് വാക്സിന്‍. വാക്സിന്‍ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇതിന് സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആവേശകരമായി പ്രവര്‍ത്തിച്ചു. സിഎംഡിആര്‍എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സീനേഷന്‍ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് മാതൃകയാണ്.

കൊവിഡ് വാക്സീന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത് പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കിയ വാക്സീന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം

വാക്‌സിന്‍ ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം

ഓണ്‍ലൈന്‍ വഴി എങ്ങനെ പണം നല്‍കാം സിഎംഡിആര്‍ഫ് ഡൊണേഷന്‍ പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി donation.cmdrf.kerala.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക. തുറന്നുവരുന്ന ജാലകത്തില്‍ Donate എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ സംഭാവന നല്‍കാനുള്ള ഫോം കാണാം. ഇതില്‍ പെയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവ വഴി പണം നല്‍കാം.

No stories found.
The Cue
www.thecue.in