മുരളി ഗോപിയുടെ ഡ്രീം പ്രൊജക്ടില്‍ മമ്മൂട്ടി, നവാഗതനൊപ്പം ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

മുരളി ഗോപിയുടെ ഡ്രീം പ്രൊജക്ടില്‍ മമ്മൂട്ടി, നവാഗതനൊപ്പം ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ രചനയില്‍ ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്. നവാഗതനായ ഷിബു ബഷീറാണ് സംവിധാനം. 2022ലായിരിക്കും ഈ ചിത്രമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു ദ ക്യു'വിനോട് പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്വപ്‌നമായിരുന്നു. മമ്മൂക്കക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്‍ സീക്വല്‍ ഉള്‍പ്പെടെ പ്ലാന്‍ ചെയ്തിരുന്നത്. ആ സ്വപ്നം സഫലമാവുകയാണെന്ന് വിജയ് ബാബു.

ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്. അന്നത്തെ പോസ്റ്റിന് പൃഥ്വിരാജ് കമന്റിട്ടതിന് പിന്നാലെ എമ്പുരാനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയോട് മുരളി ഗോപി നേരത്തെ പറഞ്ഞ തിരക്കഥയാണെന്നും ഇത് നിര്‍മ്മിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് ബാബു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി ഹോം, നായകള്‍ മാത്രം അഭിനേതാക്കളായി എത്തുന്ന വാലാട്ടി എന്നീ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഇറങ്ങാനിരിക്കുന്നത്.

രതീഷ് അമ്പാട്ട് മുരളി ഗോപിയുടെ രചനയില്‍ സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവുണ് വിജയ് ബാബു. രതീഷ് അമ്പാട്ട് കമ്മാരസംഭവത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം.

AD
No stories found.
The Cue
www.thecue.in