'മമ്മൂട്ടി പിണറായിയുടെ വേണ്ടപ്പെട്ടയാള്‍, വിമര്‍ശിക്കുന്നത് ഇഷ്ടമല്ല', ഡയലോഗ് തിരുത്താന്‍ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

'മമ്മൂട്ടി പിണറായിയുടെ വേണ്ടപ്പെട്ടയാള്‍, വിമര്‍ശിക്കുന്നത് ഇഷ്ടമല്ല', ഡയലോഗ് തിരുത്താന്‍ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടി പിണറായിയുടെ വേണ്ടപ്പെട്ടയാളാണെന്നും മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യു പറഞ്ഞു.

താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു സംഭാഷണമുണ്ടായിരുന്നു, അത് ഉചിതമായി തോന്നാത്തത് കൊണ്ട് തിരുത്താന്‍ ശ്രമിച്ചു. എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ലെന്നും ജോയ് മാത്യു പറഞ്ഞു. മോഹന്‍ലാല്‍ രാഷ്ട്രീയം പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കഥയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, 'വേണ്ടിവന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്' സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.

എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉചിതമായി തോന്നാത്തത് കൊണ്ട് ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചു എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. എന്നാല്‍ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹം', ജോയ് മാത്യു പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Joy Mathew About Mammootty And Pinarayi Vijayan

Related Stories

No stories found.
logo
The Cue
www.thecue.in