Aashiq abu's next Naaradhan Malayalam Movie, tovino thomas anna ben lead role
പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വാരിയംകുന്നന്' ആയിരുന്നു കൊവിഡ് കാലത്ത് ആഷിഖ് അബു പ്രഖ്യാപിച്ച സിനിമ. പിരീഡ് ഡ്രാമയായ വാരിയംകുന്നന് മുമ്പ് 'നാരദന്' എന്ന സിനിമയിലേക്ക് കടക്കുകയാണ് ആഷിഖ് അബു. ഉണ്ണി. ആര് രചന നിര്‍വഹിക്കുന്ന സിനിമയില്‍ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളാകുന്നു. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്'. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായികയുടെ റോളിലുമെത്തുന്നു.
2021ന് വിഷു റീലീസായി തിയറ്ററിലെത്തിക്കാനാണ് ആലോചനയെന്നറിയുന്നു. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന് എഡിറ്റിംഗും ശേഖര്‍ മേനോന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍.
2021 ജനുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്ന് ആഷിഖ് അബു ദ ക്യു'വിനോട് പറഞ്ഞു. തിയറ്റര്‍ റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമയാണ് 1921 മലബാര്‍ കലാപം പശ്ചാത്തലമാകുന്ന വാരിയംകുന്നന്. 2021 അവസാനമായിരിക്കും ഈ സിനിമ.
രാജീവ് രവി, വേണു എന്നിവര്‍ക്കൊപ്പമുള്ള ആന്തോളജിയില്‍ പെണ്ണും ചെറുക്കനും എന്ന ആഷിക് അബു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഉണ്ണി ആര് ആയിരുന്നു. ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ തിരക്കഥയും ഉണ്ണി.ആര് ആണ്. റോഷന് ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന് കോഴിക്ക് ശേഷം ഉണ്ണി.ആര് രചന നിര്‍വഹിക്കുന്ന സിനിമയുമാണ് നാരദന്.
ടൊവിനോ തോമസിന് നായകനിരയിലും താരമെന്ന നിലയ്ക്കും ഏറെ സ്വീകാര്യത നല്കിയ ചിത്രമായിരുന്നു ആഷിഖ് അബുവിന്റെ മായാനദി. മായാനദിയിലെ മാത്തന് എന്ന കഥാപാത്രമായി ടൊവിനോ തോമസിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.