'നഷ്ടം വന്ന നിര്‍മ്മാതാക്കള്‍ വീട്ടിലിരിപ്പാണ്, സിനിമ കുറച്ച് വ്യക്തികളിലേക്ക് ചുരുങ്ങി'; വിമര്‍ശനവുമായി അനില്‍ തോമസ്

'നഷ്ടം വന്ന നിര്‍മ്മാതാക്കള്‍ വീട്ടിലിരിപ്പാണ്, സിനിമ കുറച്ച് വ്യക്തികളിലേക്ക് ചുരുങ്ങി'; വിമര്‍ശനവുമായി അനില്‍ തോമസ്

കൊവിഡ് കാലത്ത് മലയാള സിനിമയില്‍ തെഴില്‍പരമായ വിവേചനങ്ങള്‍ സജീവമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റും നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ്. താരങ്ങള്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുകള്‍ തുടങ്ങിയതോടെ ഏതാനും പേര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന ഒന്നായി സിനിമ മാറി. പ്രാധാന താരങ്ങള്‍ പലരും കാലങ്ങളായി സിനിമ ചെയ്യുന്ന,ഇന്‍ഡസ്ട്രിയില്‍ സജീവമായ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്ന അഭിപ്രായം നിര്‍മ്മാതാക്കളുടെ ഇടയിലും ശക്തമാണ്. കൊവിഡിന് മുമ്പ് വലിയ മുതല്‍ മുടക്കി നഷ്ടത്തിലായ നിര്‍മ്മാതാക്കള്‍ സിനിമ ചെയ്യാനില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരികയാണെന്നും അനില്‍ തോമസ് 'ദ ക്യു'വിനോട്.

തൊഴില്‍ വിവേചനമുണ്ട്

കൊവിഡ് സമയത്ത് തെഴില്‍പരമായ വിവേചനങ്ങള്‍ ഉണ്ടാവരുതെന്നാണ് ആഗ്രഹം. ചില സംവിധായകരും താരങ്ങളും അവരില്‍ തന്നെ കേന്ദ്രീകരിച്ച് സിനിമ ചെയ്യുന്നു. മിക്ക താരങ്ങളും ഇപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ തുടങ്ങി. അവരും, അവരുടെ സൂഹൃത്തുകളും മാത്രമാകുന്ന സിനിമകള്‍ ഉണ്ടാകുന്നു. കോടികള്‍ മുടക്കി നഷ്ടം വന്നിട്ടുളള നിര്‍മ്മാതാക്കള്‍ വീട്ടില്‍ ഇരിക്കുന്നു. അവര്‍ക്ക് കൂടി നിര്‍മ്മാണപ്രക്രിയയില്‍ ഭാഗമാകാന്‍ കഴിയണം.

തൊഴില്‍ തുല്യമായി വീതിക്കണം

നിര്‍മ്മാതാക്കളുടെ ഇടയില്‍ മാത്രമല്ല, സിനിമയ്ക്കുളളില്‍ മറ്റ് പലയിടത്തും വിവേചനങ്ങള്‍ വ്യാപകമാണ്. ഒരേ സമയം ഒരുപാട് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സും മലയാള സിനിമയില്‍ ഉണ്ട്. അവരെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായെങ്കിലും വിലക്കണം. രണ്ട് പടത്തില്‍ കൂടുതല്‍ പ്രാധാന ടെക്‌നീഷ്യന്‍സ് വര്‍ക്ക് ചെയ്യരുത്. സിനിമകള്‍ കുറച്ച് വ്യക്തികളിലേയ്ക്ക് മാത്രം ഒതുങ്ങുന്ന സാഹചര്യമാണ് ഇതിലൂടെ സംഭവിക്കുന്നത്. കൊവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാവര്‍ക്കും തെഴിലില്‍ ഉറപ്പ് കിട്ടണം. ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും ഒരുപോലെ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും തുല്യമായി തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

'നഷ്ടം വന്ന നിര്‍മ്മാതാക്കള്‍ വീട്ടിലിരിപ്പാണ്, സിനിമ കുറച്ച് വ്യക്തികളിലേക്ക് ചുരുങ്ങി'; വിമര്‍ശനവുമായി അനില്‍ തോമസ്
കേരളത്തില്‍ ഡിസംബര്‍ വരെ തിയറ്റര്‍ തുറക്കാനാകില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

കൊവിഡ് വിലക്കുകള്‍, ലൊക്കേഷനുകളിലെ ഇളവുകള്‍

കൊവിഡ് മൂലം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല എന്ന വിലക്കിന് ഷൂട്ടിങ് ലൊക്കേഷനുകളിലും തൊഴിലിടങ്ങളിലുമെല്ലാം ഇളവുകളുണ്ട്. പ്രധാനമായും പ്രകടനങ്ങള്‍ സമരങ്ങള്‍ തുടങ്ങിയവ വിലക്കിക്കൊണ്ടാണ് ഉത്തരവ് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. അത് സിനിമകളെ ബാധിക്കാന്‍ വഴിയില്ലെന്നാണ് കിട്ടിയ വിവരം. ആ ഉത്തരവില്‍ തന്നെ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തതയോടെ പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞിട്ടുളളത്.

കൊവിഡിനിടയിലെ സിനിമാ റിലീസുകള്‍

കേരള ഫിലിം ചേമ്പറില്‍ നിന്നും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് അയച്ചിരുന്നു. കൊവിഡാന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സംരക്ഷണം എന്ന നിലയില്‍ എല്ലാ മലയാള സിനിമകള്‍ക്കും പത്ത് ലക്ഷം രൂപയെങ്കിലും സബ്‌സിഡിയായി നല്‍കുക, കൊവിഡ് കാലത്തെ വിനോദ നികുതി കുറയ്ക്കുക, മാര്‍ച്ച് 2021 വരെയെങ്കിലും വസ്തുനികുതി, ലൈസന്‍സ് തുടങ്ങിയവയിലും ഇളവ് നല്‍കുക തുടങ്ങി ജി എസ് ടി ഉള്‍പ്പടെയുളള കാര്യങ്ങളിലും ഇളവുകള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റുകള്‍ക്കടക്കം കത്തുകള്‍ അയച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയ ശേഷം തീയറ്റര്‍ റിലീസുകളിലേയ്ക്ക് കടക്കാം എന്ന നിലപാടിലാണ് ഫിലിം ചേംബര്‍.

No stories found.
The Cue
www.thecue.in