'നിങ്ങക്ക് വല്ല ജീന്‍സും ഷര്‍ട്ടുമിട്ട് അടിച്ചുപൊളിച്ചൂടേ'യെന്ന് കലാഭവന്‍ മണി ചോദിച്ചിട്ടുണ്ട്, മോളി കണ്ണമാലിക്ക് പറയാനുള്ളത്

'നിങ്ങക്ക് വല്ല ജീന്‍സും ഷര്‍ട്ടുമിട്ട് അടിച്ചുപൊളിച്ചൂടേ'യെന്ന് കലാഭവന്‍ മണി ചോദിച്ചിട്ടുണ്ട്, മോളി കണ്ണമാലിക്ക് പറയാനുള്ളത്
Summary

കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‍ ചെയ്യാത്ത കാര്യമാണ്. എന്നെ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയ നിമിഷം, വൈറലായ തന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ച് മോളി കണ്ണമാലി

ജീന്‍സും ടോപ്പും ജാക്കറ്റുമിട്ട് മുടി ക്രോപ്പ് ചെയ്ത് കണ്ണില്‍ ലെന്‍സ് വെച്ച് ഹൈലി മോഡേണായി മോളി കണ്ണമാലിയുടെ മാഗസിന്‍ കവര്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മനോരമയുടെ ആരോഗ്യമാസികയ്ക്ക് വേണ്ടിയുള്ള കവര്‍ ഫോട്ടോ ചര്‍ച്ചയായപ്പോള്‍ മോളി കണ്ണമാലി സംസാരിക്കുന്നു. ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് ലോകം ഉയര്‍ത്തുന്ന മുദ്രാവാക്യമായി മാറുകയും വംശീയ വെറിക്കെതിരെ കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്യുന്ന കാലത്തെ മുന്‍നിര്‍ത്തിയും കവര്‍ ഫോട്ടോയ്ക്ക് രാഷ്ട്രീയമുണ്ടെന്ന വാദവും ഉണ്ടായിരുന്നു. സാരിയും, ചട്ടയും മുണ്ടും ധരിച്ച് സിനിമയില്‍ കൂടുതലും കണ്ടിട്ടുള്ള മോളി കണ്ണമാലിയെ തീര്‍ത്തും വ്യത്യസ്തമായൊരു സ്‌റ്റൈലില്‍ കണ്ടവരൊക്കെയും അമ്പരന്നു. കണ്ണാടിയില്‍ തന്റെ രൂപം കണ്ടു താന്‍ തന്നെ ഞെട്ടിപ്പോയെന്ന് മോളി കണ്ണമാലി. ആരും ഞെട്ടും, അത്രയ്ക്കും ഗംഭീരമായിട്ടാണ് മോളിചേച്ചി പുതിയ രൂപഭാവത്തില്‍ അവതരിച്ചിരിക്കുന്നത്.

മേക്കോവറിന് പിന്നിലെ കഥ

ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞാല്‍ എന്താണെന്ന് നേരാം വണ്ണം പിടിയില്ലാത്ത എന്നെയാണ് ആ കോലത്തില്‍ ആക്കിയത്. ഒരു ഫോട്ടോ എടുക്കണം ചേച്ചി ഒന്ന് വരുമോ എന്നേ അവര്‍ ചോദിച്ചുള്ളൂ. കൊറോണ കാരണം വീടിന് പുറത്തിറങ്ങാനാവാതെ നട്ടം തിരിഞ്ഞിരുന്ന താന്‍ പുറത്തിറങ്ങാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയെന്ന് മോളി.

ഈ കൊറോണയെ പേടിച്ച് വീടിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല മനുഷ്യന്. എനിക്കാണെങ്കില്‍ ഇതിനകത്ത് അടച്ചു പൂട്ടിയിരിക്കുന്ന സ്വഭാവവും ഇല്ല. ആ സമയമാണ് അവര്‍ ഫോട്ടോഷൂട്ടിന് പോകാം എന്ന് പറഞ്ഞത്. രണ്ടാമതൊന്നു ഞാന്‍ ആലോചിച്ചില്ല. പക്ഷേ അവിടെ ചെന്നപ്പോളാണ് ഇത് ഇത്ര വലിയ പണിയാണെന്ന് ഞാന്‍ അറിഞ്ഞത്.

മേക്കപ്പൊക്കെ ഇടാന്‍ പെണ്‍പിള്ളേര്‍ ചുറ്റുംകൂടി. ഒരാളെന്റെ മുടി ശരിയാക്കുന്നു, വേറൊരാളെന്റെ മുഖം ശരിയാക്കുന്നു. ഷൂട്ടിങ്ങിനിടയില്‍ പോലും ഇത്രയും സമയമെടുത്ത് ഞാന്‍ മേക്കപ്പ് ചെയ്തിട്ടില്ല. എന്തിനാ ഏറെ പറയുന്നത്, ഇത്രയും മേക്കപ്പ് ഞാന്‍ എന്റെ ജീവിതത്തില്‍ പോലും ഇട്ടിട്ടില്ല.

ഈ ബഹളത്തിനിടയില്‍കൂടെ ഒരു പെങ്കൊച്ച് എനിക്ക് ഇടാനുള്ള കോസ്റ്റ്യൂമായി വന്നു. ജീന്‍സും ഷര്‍ട്ടും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, എടി മോളെ ഇത് എനിക്ക് ഇടാന്‍ തന്നെ ഉള്ളതാണോ. അതെയെന്ന് എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‍ ഇട്ടിട്ടില്ല. എന്നിട്ടിപ്പോള്‍ ഈ വയസ്സാന്‍ കാലത്ത് ആണോ എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ എല്ലാം കൂടെ കൂട്ടച്ചിരി. അങ്ങനെ അമ്പത്തിയേഴാം വയസ്സില്‍ സൂപ്പര്‍ മോഡല്‍ ആയി ഞാന്‍ മാറി. പണ്ട് പുറത്ത് സ്റ്റേജ് ഷോയ്ക്ക് പോകുമ്പോഴും ഞാന്‍ സാരിയാണ് ഉടുക്കാറ്. അന്ന് കലാഭവന്‍ മണിയൊക്കെ എന്നെ കളിയാക്കിയിട്ടുണ്ട്, ചേച്ചിക്ക് നാണമാകില്ലേ സാരിയൊക്കെ ഉടുത്ത് ഇവിടെയൊക്കെ വരാന്‍. നിങ്ങള്‍ക്ക് വല്ല ജീന്‍സും ഷര്‍ട്ടുമൊക്കെ ഇട്ടു അടിച്ചുപൊളിച്ചു നടന്നുടേയെന്ന്. അന്നൊന്നും ജീന്‍സ് ഇടാത്ത ഞാനാണ് ഇന്ന് ഈ പ്രായത്തില്‍ ഇങ്ങനെയൊരു കോലത്തില്‍.

എന്തായാലും സംഭവം കിടിലനായി. കണ്ണില്‍ ലെന്‍സൊക്കെ വച്ച് അവരെന്നെ മോഡേണ്‍ ആക്കി. ആകെ 12 മുടിയെ എന്റെ തലയില്‍ ഉള്ളു. എന്നിട്ടും എന്റെ മുടിയില്‍ മാത്രം ഏതാണ്ട് രണ്ടു മണിക്കൂര്‍ എടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. മേക്കപ്പ് എല്ലാം കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയ ഞാന്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. എന്നെ കണ്ട് എന്റെ തന്നെ കണ്ണുതള്ളി.

മനോരമ ആരോഗ്യം കവര്‍ ചിത്രം ഫോട്ടോഗ്രാഫര്‍ ശ്യാം ബാബു
മനോരമ ആരോഗ്യം കവര്‍ ചിത്രം ഫോട്ടോഗ്രാഫര്‍ ശ്യാം ബാബു

ഫോട്ടോയെടുപ്പ് എന്ന അടുത്ത പണി

മേക്കപ്പും കോസ്റ്റ്യൂംസും ഒക്കെ ഇട്ടു നില്‍ക്കുന്ന തന്നെ കണ്ട് അവര്‍ എല്ലാവരും ഞെട്ടിയെന്ന് മോളി. ചേച്ചിയെ കണ്ടാല്‍ ഇപ്പോള്‍ ഒരു മോഡല്‍ ആണെന്നേ പറയുവെന്ന് അവരൊക്കെ പറഞ്ഞു. അപ്പോള്‍ ദേ വരുന്നു അടുത്ത പണി. ഫോട്ടോയ്ക്ക് പോസ് ചെയ്യല്‍. ഏതായാലും ഇത്രയൊക്കെയായി. ഒട്ടും കുറയ്ക്കണ്ടയെന്ന് ഞാനും തീരുമാനിച്ചു. ക്യാമറാമാന്‍ പറയുന്നതുപോലെ ഒക്കെ പോസ് ചെയ്തു. ആ ഫോട്ടോസ് കണ്ടാല്‍ അറിയാം ഞാന്‍ എങ്ങനെയൊക്കെയാണ് നിന്നതെന്ന്. ഭിത്തിയില്‍ കാല്‍ കയറ്റിവെച്ച് നിന്നും കാറില്‍ ചാരി നിന്നുമൊക്കെ പലവിധത്തില്‍ ഫോട്ടോയെടുത്തു.കാറില്‍ ചാരി നിന്നപ്പോള്‍ ഞാന്‍ ചുമ്മാ ഒരു രസത്തിന് സേംടു യു ബ്രോ എന്ന് പറഞ്ഞ് ആഗ്യം കാണിച്ചു. അതും അവര്‍ ഫോട്ടോ ആക്കി. സത്യം പറഞ്ഞാല്‍ അടിപൊളിയായിരുന്നു സംഭവം. ഞാനും ശരിക്കും ആസ്വദിച്ചു.

നല്ല പ്രായത്തില്‍ ഒന്നും എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. ഒരു 20- 21 വയസ്സ് പ്രായത്തില്‍ ആയിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഞാനിന്ന് ആരാകുമായിരുന്നു. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ ചെന്ന് എന്റെ ഫോട്ടോ കണ്ട മക്കളും പേരക്കിടാങ്ങളുമൊക്കെ പറഞ്ഞു അമ്മച്ചി ക്ലിക്കാകും. അപ്പോള്‍ ഞാന്‍ പറഞ്ഞു 'മക്കളെ അമ്മച്ചി ഇത് കണ്ടപ്പോള്‍ തന്നെ ക്ലിക്കായി, കിളി പോയിരിക്കുകയാണെന്ന് '.

ഫോട്ടോ പുറത്തുവന്നതിനുശേഷം എന്റെ ഫോണിനും എനിക്കും റസ്റ്റ് ഇല്ലാതായി. വിളിയോട് വിളി. ഗള്‍ഫില്‍ നിന്നും ദുബായില്‍ നിന്നുമൊക്കെ ഒത്തിരിപ്പേര്‍ വിളിച്ചു. അവരൊക്കെ അടിപൊളി എന്ന് പറഞ്ഞു. അത് തന്നെ വലിയ സന്തോഷം. അങ്ങനെ ഈ വയസ്സാന്‍ കാലത്ത് ഞാന്‍ ശരിക്കും ഒരു സ്റ്റാറായി എന്നു പറയാം അല്ലേ.

ഇനി വേണമെങ്കില്‍ മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോക്കെ നായികയായിട്ട് എനിക്ക് അഭിനയിക്കാം, എന്താ പറ്റില്ലേടാ മക്കളേ എന്ന് മോളി ചേച്ചി ചോദിക്കുമ്പോള്‍ പറ്റും എന്ന് നമുക്കും പറയാം,അത്ര സ്‌റ്റൈലിഷല്ലേ മോളിചേച്ചിയിപ്പോള്‍.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടതിനെ മുന്‍നിര്‍ത്തി കേരളത്തിലെ ഫോട്ടോ ഷൂട്ട് ചര്‍ച്ചയായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോളിച്ചേച്ചി പറയുന്നത് ഇങ്ങനെ ' കറുത്തവനാണെന്ന പേരില്‍ മനുഷ്യനെ കൊല്ലാന്‍ നടക്കുന്നവന്റെ ഉള്ളാണ് ശരിക്കും കറുത്തത്. നിറത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്നവര്‍ ചിന്തിക്കേണ്ട ഒരു കാര്യം അവരും ജീവനുള്ള മനുഷ്യര്‍ തന്നെയാണ്. അവരുടെ ഉള്ളിലും ഉണ്ട് ഒരു ഹൃദയം. അത് നിങ്ങളെക്കാളും വെളുത്തതാണ്. എനിക്കിന്നുവരെ ഇങ്ങനത്തെ അനുഭവമൊന്നുമുണ്ടായിട്ടില്ല. ഞാന്‍ കറുത്തവള്‍ തന്നെയാണ് ,അതില്‍ എനിക്ക് ഒരു കുറവും ഇതുവരെ തോന്നിയിട്ടില്ല,എന്നോട് ആരും ഒന്നും പറയില്ല. പറയാന്‍ വരുന്നവന് തിരിച്ചു നല്ലതുപോലെ കിട്ടും എന്ന് അറിയാം. ഞാന്‍ തിരിച്ചു പറയുകയും ചെയ്യും. നിറത്തിലല്ലല്ലോ മക്കളെ കാര്യം, ചങ്കിനുള്ളിലെ സ്‌നേഹത്തിനല്ലേ. ആ സ്‌നേഹത്തിന് നിറവുമില്ല ജാതിയുമില്ല.

മോളി ചേച്ചിയുടെ മേക്കോവര്‍ കണ്ട് കിളി പോയവര്‍ കൊവിഡ് കാലത്ത് ആലോചനയിലെത്തുന്ന പുതിയ സിനിമകളിലേക്കും അവരെ ആലോചിക്കട്ടേ.

Related Stories

No stories found.
logo
The Cue
www.thecue.in