Film Talks

നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം, അനീഷ് ജി മേനോന്‍ എഴുതിയത്

കൊറോണാ വ്യാപനം ലോകത്തെ ഗുരുതര ആരോഗ്യ പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാക്കുമ്പോള്‍ സജഹജീവികളെ മറക്കരുതെന്ന കുറിപ്പുമായി നടന്‍ അനീഷ് ജി മേനോന്‍. കൊറോണാ കാലത്ത് സാമ്പത്തിക ദുരിതത്തിലായ സുഹൃത്തിന്റെ അനുഭവം പങ്കുവച്ചാണ് അനീഷിന്റെ കുറിപ്പ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്. കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അന്വേഷണമെങ്കിലും നടത്തണം. നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പിക്കണം, അനീഷ് ജി മേനോന്‍ എഴുതുന്നു

അനീഷ് ജി മേനോന്റെ കുറിപ്പ്

'അവസ്ഥ വളരെ മോശമാണ്.....

ഓള്‍ക്കിപ്പോ

ആ മുട്ട് വേദന വല്ലാണ്ട് കൂടിയിട്ട്ണ്ട്. അതും വെച്ച് ഓളും, പാതി കിഡ്‌നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരിക്കാടാ സില്‍മാനടാ..

(ഉറക്കെ ചിരിച്ചുകൊണ്ട്)

ഇനി എന്നാണ് ഒരു പൂതിക്കെങ്കിലും തട്ടേകേറാന്‍ (നാടകം)

പറ്റാ എന്നറഞ്ഞൂട മുത്തെ..!

(അല്‍പനേരം നിശ്ശബ്ദനായി)

അടുക്കള കാലിയായി തോടങ്ങീ..

ള്ള അരീം സാധനങ്ങളും വെച്ച് ഇന്നും എല്ലാവരും കഞ്ഞി കുടിച്ചു.

നാളത്തെ കാര്യം അറയില്ലെടോ.. സത്യമായിട്ടും അറയില്ല...'

:അതിശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ ഉള്‍പ്പടെ നിരവധി സൃഷ്ടികള്‍ രചിച്ച്

പൗരുഷം തുളുമ്പുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ഒരു വലിയ നാടക കലാകാരന്‍ ഇന്നലെ രാത്രി എന്നോട് സംസാരിച്ചതാണ്!

..ശബ്ദത്തില്‍ കാര്യമായ പതര്‍ച്ചയുണ്ട്.

കഷ്ടപ്പാട് ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സംഭാഷണം അവസാനിക്കും വരെ അദ്ധ്യേഹം കടം ചോദിച്ചതെയില്ല.

ഇതേ മാനസികാവസ്ഥയില്‍ എത്ര പേരുണ്ടാകും...

അനവധി.. നിരവധി...

ആലോചിച്ച് വട്ടായി കിടക്കുമ്പോള്‍ പുറത്ത് അനിയത്തിയും അമ്മയും:

'ഈ പോക്ക് പോയാല്‍ സാധാരണക്കാരന്റെ ഗതി ആലോചിച്ച് നോക്കൂ..

എല്ലാ മാസവും കൂളായി പൊയ്‌ക്കൊണ്ടിരുന്ന installment payments

ഒക്കെ എങ്ങിനെ

മാനേജ് ചെയ്യും..??

മാസക്കുറികളോക്കെ എങ്ങിനെ അടക്കനാ..

ഈ ഗവര്‍മെന്റ് അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ല്ലേ..??

മൂന്ന് നാല് മാസം 'അടവുകള്‍'

നീട്ടി വെക്കാന്‍ ബങ്കുകളോടും മറ്റും റിക്വസ്റ്റ് ചെയ്താല്‍ പോരെ.. എന്നിട്ടെന്തേ ചെയ്യത്തേ.. ദൈവത്തിനറിയാം

കേള്‍ക്കുതോറും ആലോചന മനസ്സില്‍ പെരുകുകയാണ്....

!കൊറോണ!

അത് മെല്ലെ പടര്‍ന്ന് കയറി ലോകം പിടിച്ച് ഉലക്കുകയാണ്...

Maybe ഇനി വരാന്‍ പോകുന്നത് ഇതിലും ഭയാനക അവസ്ഥയായേക്കാം.

വാട്ട്‌സ് ആപ്പ് വഴി വന്ന ഒരു ഫോര്‍വേര്‍ഡ് മെസ്സേജില്‍ പറയുന്നുണ്ട്

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..

നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്..

കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അന്വേഷണമെങ്കിലും നടത്തണം.

നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പിക്കണം.

കാരണം, അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.

അവരില്‍ നാടന്‍ കലാകാരന്മാരും, മൈക്ക് സെറ്റ് - ലൈറ്റ് ആന്‍ഡ് സൗണ്ട് ടീമും,

സ്‌കൂള്‍- കോളേജ് അധ്യാപക - ഓഫീസ് ജീവനക്കാരും,

ബസ് തൊഴിലാളികളും, ഓട്ടോ-ടാക്സി ജീവനക്കാരും, ലോട്ടറി കച്ചവടക്കാരും, കൂലിപ്പണിക്കാരും, ചുമട്ടുകാരും, സിനിമാ തൊഴിലാളികളും,

തിയറ്ററുകളിലെ ജീവനക്കാരും, വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെ യായി ഒട്ടനവധി പേരുണ്ട്...

ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.

അവരെക്കൂടി കരുതാന്‍ കഴിവുളള

മനസ് വെക്കണം.

നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.

അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.

ഈ സമയവും കടന്നു പോവും....

വീണ്ടും നല്ല അന്തരീക്ഷം വരും. ഇപ്പൊ ഈ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം...

തല്‍ക്കാലം,

ശരീരം കൊണ്ട് അകലം പാലിക്കുക..

മനസ്സുകൊണ്ട് അടുക്കുക..!

*സ്‌നേഹപൂര്‍വ്വം* , *സുഹൃത്ത്*