ഫേസ്ബുക്ക് ‘യന്ത്രമനുഷ്യനായി’ തെറ്റിദ്ധരിച്ചെന്ന് ശ്രീനിവാസന്‍, ഇനിമുതല്‍ പച്ച മനുഷ്യനായി ഉണ്ടാകും

ഫേസ്ബുക്ക് ‘യന്ത്രമനുഷ്യനായി’ തെറ്റിദ്ധരിച്ചെന്ന് ശ്രീനിവാസന്‍, ഇനിമുതല്‍ പച്ച മനുഷ്യനായി ഉണ്ടാകും

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിന് ശേഷം ഇതുവരെ ബ്ലോക്ക് ലഭിച്ചിരിക്കുകയായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ പാട്യം എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ഹാസ്യാത്മകമായി എഴുതിയ കുറിപ്പിലാണ് അക്കൗണ്ട് തുടങ്ങിയ ശേഷം ദീര്‍ഘകാലമായി ഇടവേള സംഭവിച്ചതിന്റെ കാരണം ശ്രീനിവാസന്‍ വിശദീകരിക്കുന്നത്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയിലെ 'യെന്തിരന്‍' റഫറന്‍സ് ഉള്ള രംഗത്തിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം ശ്രീനിവാസന്‍ ചേര്‍ത്തിട്ടുണ്ട്.

2019 സെപ്തംബര്‍ 23നാണ് ശ്രീനിവാസന്‍ തന്റെ പേരിലുളള വ്യാജ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ പരാമര്‍ശിക്കുന്ന വീഡിയോയുമായി ശ്രീനിവാസന്‍ പാട്യം എന്ന പ്രൊഫൈലിലൂടെ എത്തിയത്. ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നുവെന്നും തമാശയായി പുതിയ പോസ്റ്റില്‍ ശ്രീനിവാസന്‍.

ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലേ ?

ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!

അതുകൊണ്ടു കുറച്ചു നാളുകളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.

എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചുകൊണ്ട് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞത്

ഫെയ്സ്ബുക്കില്‍ ഇതുവരെ എനിക്ക് അക്കൗണ്ട് ഇല്ലായിരുന്നു. എന്നാല്‍ ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ആറ് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ആ അക്കൗണ്ടുകളിലൂടെ സുഹൃത്തുക്കള്‍ക്ക് പറയാനുള്ള നിരവധി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതായി അവര്‍ പറയുകയാണ്. വിനീതിന് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കിയെന്നൊക്കെയാണ്. സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍, പാടില്ലെന്ന് പിന്നീടൊരിക്കല്‍. സിപിഎമ്മില്‍ ചേരുകയെന്നാല്‍ ചൂണ്ടയാണ് സൂക്ഷിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍, ഇതുവരെ ഞാന്‍ വിനീതിനോട് രാഷ്ട്രീയം സംസാരിച്ചിട്ടില്ല. ഓരോ ആളുകള്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍, ഇവിടെ നടക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം. വിനീതിന് ആ രീതിയില്‍ കഴിവുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. വിനീതിന് മാത്രമല്ല പുറത്തു പറയാത്തവര്‍ക്ക് പോലും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും. എന്റെ ഉപേദേശമോ അഭിപ്രായമോ ആര്‍ക്കും ആവശ്യമില്ല. ഞാന്‍ ആരെയും ഉപദേശിക്കാന്‍ തയ്യാറല്ല. ലോകത്തെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. പക്ഷേ ഫേക്ക് അക്കൗണ്ടുകളില്‍ എന്നെ പറ്റി എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസ്സിലാക്കണം. Sreenivasan Pattiam (Sreeni) എന്ന ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അതിലൂടെ എനിക്ക് പറയാന്‍ ആഗ്രഹമുള്ള ഉപദേശമല്ലാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയാന്‍ ആ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ശ്രമിക്കുന്നതാണ്.

തകരച്ചെണ്ടക്ക് ശേഷം അവിരാ റബേക്കയുടെ സംവിധാനത്തില്‍ പുതിയ സിനിമയില്‍ അഭിനയിക്കുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. അട്ടപ്പാടിയിലെ മരുത് എന്ന മൂപ്പനായാണ് '501 ഡേയ്‌സ്' എന്ന സിനിമയില്‍ ശ്രീനിവാസന്‍ വേഷമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in