മിഷ്‌കിന്‍ ‘തുപ്പരിവാലന്‍ 2’ വിട്ടതിന്റെ കാരണങ്ങള്‍, തമിഴ് ഷെര്‍ലക് ഹോംസ് വിശാലിന്റെ സംവിധാനത്തിലെത്തും

മിഷ്‌കിന്‍ ‘തുപ്പരിവാലന്‍ 2’ വിട്ടതിന്റെ കാരണങ്ങള്‍, തമിഴ് ഷെര്‍ലക് ഹോംസ് വിശാലിന്റെ സംവിധാനത്തിലെത്തും

വിശാലിന്റെ പ്രധാന പ്രൊജക്ട് ആയ 'തുപ്പരിവാലന്‍ ടു' വില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ പിന്‍മാറി. ബജറ്റിനെ ചൊല്ലിയുള്ള ഭിന്നതയാണ് പിന്‍മാറ്റത്തിന് കാരണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശാലിന്റെ ബാനറായ വിശാല്‍ ഫിലിം ഫാക്ടറി ആണ് തുപ്പരിവാലന്‍ ടു നിര്‍മ്മിക്കുന്നത്. തുപ്പരിവാലന്‍ ടു പ്രശ്‌നങ്ങളെക്കുറിച്ച് മിഷ്‌കിനും വിശാലും പ്രതികരിച്ചിട്ടില്ല.

തമിഴിന്റെ ഷെര്‍ലക് ഹോംസ് വേര്‍ഷന്‍

മാസ് മസാലാ തട്ടുപൊളിപ്പന്‍ സിനിമകള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന വിശാല്‍ കളം മാറ്റിയ ചിത്രമായിരുന്നു തുപ്പരിവാലന്‍. മിഷ്‌കിന്‍ സംവിധാനം ചെയ്ത സിനിമയില്‍ വിശാല്‍ പ്രൈവറ്റ് ഡിറ്റക്ടീവ് കനിയന്‍ പൂങ്കുട്രനെയാണ് അവതരിപ്പിച്ചത്. ഷെര്‍ലക് ഹോംസിനെ അനുകരിച്ചുള്ള കഥയും അവതരണവുമായിരുന്നു തുപ്പരിവാലന്റേത്. 2017 സെപ്തംബറില്‍ റിലീസ് ചെയ്ത സിനിമ മിഷ്‌കിന്റെയും വിശാലിന്റെയും വന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായി.

40 കോടി ചോദിച്ചെന്ന് ആരോപണം

2019 ഓഗസ്റ്റില്‍ ലണ്ടനില്‍ ചിത്രീകരണമാരംഭിച്ച തുപ്പരിവാലന്‍ ടു ഭൂരിഭാഗം രംഗങ്ങളും വിദേശത്ത് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. ഒന്നരമാസത്തോളം ലൊക്കേഷന്‍ കണ്ടെത്താനായി മിഷ്‌കിന്‍ ലണ്ടനില്‍ ചെലവഴിച്ചെങ്കിലും ഷൂട്ടിംഗ് അനുമതി കിട്ടുന്നതില്‍ കാലതാമസമുണ്ടായി. തടസങ്ങള്‍ നീങ്ങി ഡിസംബര്‍ 11 വരെ ലണ്ടനില്‍ ചിത്രീകരിച്ച തുപ്പരിവാലന്‍ ടു പിന്നീട് ഇന്ത്യയിലേക്ക് മാറ്റി. 12 കോടി രൂപ ആദ്യ ഷെഡ്യൂളിന് ചെലവഴിച്ചെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും 40 കോടി വേണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടന്നെും ഇതാണ് ഭിന്നതയ്ക്ക് കാരണമായതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മിഷ്‌കിന്‍ സര്‍ക്കാസം കലര്‍ത്തിയ മറുപടിയാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയത്. ''40കോടിയല്ല 400 കോടിയാണ് ഞാന്‍ ചോദിച്ചത്, 100 കോടിക്ക് സിനിമ പകുതി പൂര്‍ത്തിയാക്കി ബാക്കി 100 കോടി ചോദിച്ചിട്ടുണ്ട്. വിശാല്‍ ഒരു ഉപഗ്രഹത്തില്‍ നിന്ന് ചാടുന്നതാണ് ക്ലൈമാക്‌സ്, അതിന് വേണ്ടി മാത്രം 100 കോടി വേറെ വേണം''

മിഷ്‌കിനെതിരെ പ്രസന്നയും

തുപ്പരിവാലന്‍ ടുവില്‍ മനോഹര്‍ എന്ന കഥാപാത്രമായി കന്നിയന്‍ പൂങ്കുട്രന്റെ സഹായിയായി പ്രസന്ന മുഴുനീള റോളിലുണ്ടായിരുന്നു. രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിനിടെ മിഷ്‌കനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി പ്രസന്ന അടുത്തിടെ ദ ഹിന്ദു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലണ്ടനില്‍ കോസ്റ്റിയൂം ഡിസൈനറോട് പ്രസന്ന സിനിമയില്‍ ആരാണെന്ന ചോദ്യത്തിന് ശിങ്കിടി റോളിലുള്ള ആളെന്ന് മിഷ്‌കിന്‍ പറഞ്ഞെന്നായിരുന്നു പ്രസന്നയുടെ പരാതി.

ബാക്കിയുള്ളത് കുറച്ചുഭാഗങ്ങള്‍ മാത്രം

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയായതായും ഒരു ഷെഡ്യൂള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അറിയുന്നു. ലവ്‌ലി സിംഗ്, നാസര്‍, ഗൗതമി, റഹ്മാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. മിഷ്‌കിനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുണ്ടെന്നാണ് സൂചന. നിരവ് ഷാ ക്യാമറയും ഇളയരാജ സംഗീതവും നിര്‍വഹിക്കുന്നു.

സൈക്കോയുടെ വന്‍വിജയത്തെ തുടര്‍ന്നുളള തര്‍ക്കം

ഉദയനിധി സ്റ്റാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോ എന്ന ത്രില്ലര്‍ വന്‍വിജയമായിരുന്നു. സൈക്കോ വന്‍വിജയമായതിന് പിന്നാലെ തുപ്പരിവാലന്‍ തുടര്‍ഷെഡ്യൂളുകള്‍ക്ക് മിഷ്‌കിന്‍ ബജറ്റ് പുതുക്കി നിശ്ചയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഷ്‌കിനും വിശാലും തമ്മില്‍ സംവിധാനത്തിന്റെ കാര്യത്തില്‍ നിയമപരമായ ധാരണയിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചക്ര എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിശാല്‍ ഇപ്പോള്‍. ആദ്യ ഷെഡ്യൂളില്‍ കൃത്യമായ ആസൂത്രണമില്ലാതെ പോയത് ബജറ്റ് ഇരട്ടിക്കാന്‍ കാരണമായതായി വിശാലിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in