‘മോഹന്‍ലാല്‍ കോളേജില്‍ എസ് എഫ് ഐ’, സോഷ്യല്‍ മീഡിയ വൈറലാക്കുന്ന വീഡിയോക്ക് പിന്നില്‍

‘മോഹന്‍ലാല്‍ കോളേജില്‍ എസ് എഫ് ഐ’, സോഷ്യല്‍ മീഡിയ വൈറലാക്കുന്ന വീഡിയോക്ക് പിന്നില്‍

മോഹന്‍ലാലിന്റെ രാഷ്ട്രീയവും, രാഷ്ട്രീയ പ്രവേശനവും, രാഷ്ട്രീയ ചായ്‌വുമെല്ലാം പല ഘട്ടങ്ങളിലായി ചര്‍ച്ചയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതും ബ്ലോഗുകളും ആര്‍എസ്എസ് നേതൃതലത്തിലുള്ളവര്‍ ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് തുടങ്ങിയതുമെല്ലാം മോഹന്‍ലാല്‍ ബിജെപി പാളയത്തിലേക്കാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി പിന്തുണയില്‍ മത്സരിക്കുമെന്ന് വരെ പ്രചരണങ്ങള്‍ ഉണ്ടായി. മോഹന്‍ലാല്‍ തിരുവന്തപുരം എം ജി കോളജ് കാലത്ത് എസ് എഫ് ഐയില്‍ സജീവമായിരുന്നുവെന്ന് സുഹൃത്ത് പറയുന്ന വീഡിയോ ആണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇപ്പോള്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ സംഘപരിവാര്‍ അനുഭാവിയല്ലെന്നാണ് ഈ വീഡിയോ പ്രചരിക്കുന്നവരുടെ വാദം.

ഒരു അഭിമുഖത്തിലെ ചെറുഭാഗമാണ് 'മോഹന്‍ലാല്‍ എസ് എഫ് ഐക്കാരനായിരുന്നു' എന്ന പേരില്‍ ആരാധകരും മറ്റുള്ളവരും പ്രചരിപ്പിക്കുന്നത്. സംഘികളെന്ന് മോഹന്‍ലാലിനെ വിളിക്കുന്നവര്‍ ഇത് കാണണം എന്ന തലക്കെട്ടിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേഷണം ചെയ്ത തിരനോട്ടം എന്ന പ്രോഗ്രാമിലെ പ്രസക്ത ഭാഗമാണ് ഈ വീഡിയോ. മോഹന്‍ലാലിനെക്കുറിച്ച് ഒപ്പം അഭിനയിച്ചവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംവിധായകരും ഓര്‍മ്മകള്‍ പങ്കിടുന്ന പരിപാടിയാണ് തിരനോട്ടം. ഈ പ്രോഗ്രാമില്‍ നടന്‍ സന്തോഷ് കെ നായര്‍ മോഹന്‍ലാലുമൊത്തുള്ള കോളേജ് കാലം പങ്കുവച്ചപ്പോഴാണ് എസ് എഫ് ഐയില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നത്.

സന്തോഷ് കെ നായര്‍ പറഞ്ഞത്

1976 മുതല്‍ മോഹന്‍ലാലുമായി ബന്ധമുണ്ട്. ഞാന്‍ പ്രിഡിഗ്രിയും ഡിഗ്രിയും ചെയ്തത് എം ജി കോളജിലാണ്. ഞാന്‍ ഡിഗ്രി മാത്തമാറ്റിക്‌സ് ആയിരുന്നപ്പോള്‍ മോഹന്‍ലാല്‍ കൊമേഴ്‌സിലാണ്. ഞങ്ങള്‍ ഒരു ബാച്ചായിരുന്നു ശരിക്കും. അന്ന് സൗഹൃദം എന്ന് പറയാന്‍ മാത്രമില്ല. രണ്ട് പാര്‍ട്ടിയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. മോഹന്‍ലാല്‍ എസ് എഫ് ഐയും, ഞാന്‍ ഡിഎസ്‌യുവും ആയിരുന്നു. ഞങ്ങള്‍ക്കിടയില്‍ വലിയ ചേര്‍ച്ച പോരായിരുന്നു.

എം ജി കോളജിലെ ഡിഗ്രി കാലത്താണ് മോഹന്‍ലാല്‍ തിരനോട്ടം എന്ന ആദ്യസിനിമ ചെയ്യുന്നത്. ഈ ചിത്രം തിയറ്ററുകളിലെത്തിയില്ല. പിന്നീടാണ് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ ലാല്‍ സ്‌ക്രീനിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in