മരക്കാര്‍ എന്ത് പ്രതീക്ഷിക്കാം, മോഹന്‍ലാലിന് പറയാനുള്ളത്

മരക്കാര്‍ എന്ത് പ്രതീക്ഷിക്കാം, മോഹന്‍ലാലിന് പറയാനുള്ളത്

Summary

തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍. ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. 2020 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. 5000 സ്‌ക്രീനുകളിലാണ് ഗ്ലോബല്‍ റിലീസ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മാതൃഭൂമി ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ മോഹന്‍ലാല്‍ വിശദീകരിച്ചു.

മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമ, മോഹന്‍ലാല്‍ പറഞ്ഞത്

കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന തോന്നുന്നത്.

മരക്കാര്‍ എന്ത് പ്രതീക്ഷിക്കാം, മോഹന്‍ലാലിന് പറയാനുള്ളത്
‘വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെ’, പഞ്ച് ഡയലോഗിനൊപ്പം പടപ്പുറപ്പാടിന് മരക്കാര്‍ ടീസര്‍ കാണാം

ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടേ.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

  അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്.

പ്രിയദര്‍ശന്‍

മരക്കാര്‍ എന്ത് പ്രതീക്ഷിക്കാം, മോഹന്‍ലാലിന് പറയാനുള്ളത്
മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്, റിലീസിന് മുമ്പേയുള്ള പരിഹാസത്തില്‍ വിമര്‍ശനം 

കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിനത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് ആലോചന എന്നറിയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റുപോയത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയതെങ്കില്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in