‘മമ്മുക്ക ഞങ്ങളെ ചേര്‍ത്തു പിടിച്ചു’; ഷൈലോക്ക് മെഗാസ്റ്റാര്‍ ഷോയെന്ന് ബിബിന്‍ മോഹന്‍ 

‘മമ്മുക്ക ഞങ്ങളെ ചേര്‍ത്തു പിടിച്ചു’; ഷൈലോക്ക് മെഗാസ്റ്റാര്‍ ഷോയെന്ന് ബിബിന്‍ മോഹന്‍ 

അജയ് വാസുദേവും മമ്മൂട്ടിയും മൂന്നാമതും ഒന്നിക്കുന്ന ഷൈലോക്ക് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ പുറത്ത് വന്ന ടീസറുകളിലെല്ലാം മമ്മൂട്ടി വളരെ എന്‍ജോയ് ചെയ്യുന്ന കോമഡിയും മാസും എല്ലാം ഉള്‍പ്പെടുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മനസിലാകും. 2020ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്കിനെക്കുറിച്ച് തിരക്കഥാകൃത്തിലൊരാളായ ബിബിന്‍ മോഹന്‍ സംസാരിക്കുന്നു

Q

മമ്മൂട്ടിയുടെ അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മാസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഷൈലോക്ക്, പോസ്റ്ററും ടീസറുമെല്ലാം ആ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്... മാസ് ആണോ ഷൈലോക്ക് ?

A

അതേ. പക്കാ ഫാമിലി മാസ് എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ആഘോഷ സിനിമ ആയിരിക്കും ഷൈലോക്ക്.. മമ്മുക്ക വളരെ ആസ്വദിച്ചു ചെയ്ത ഒരു കഥാപാത്രം ആണ് ഈ സിനിമയിലേത്. അതിന്റെതായ ഒരു റിസള്‍ട്ട് ടോട്ടല്‍ സിനിമക്കും ലഭിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. മമ്മുക്ക ആരാധകര്‍ക്ക് മാത്രം അല്ല സ്ത്രീകളും കുട്ടികളും അടക്കം കുടുംബ പ്രേക്ഷകര്‍ക്ക് കൂടി തിയേറ്ററില്‍ ആഘോഷം ആക്കാവുന്ന കുറെ ഘടകങ്ങള്‍ ഷൈലോക്കില്‍ ഉണ്ടായിരിക്കും.

Q

അജയ് വാസുദേവും മമ്മൂട്ടിയും മൂന്നാം തവണയാണ് ഒന്നിക്കുന്നത്, ആദ്യ രണ്ട് ചിത്രങ്ങളും ആക്ഷന് പ്രാധാന്യം നല്‍കിയിരുന്ന, മമ്മൂട്ടിയെന്ന താരത്തെ ഉപയോഗിക്കുന്ന ചിത്രങ്ങളായിരുന്നു, ഈ ചിത്രം രൂപപ്പെട്ടതും മമ്മൂട്ടിയെ മുന്നില്‍ കണ്ടാണോ ?

A

ഈ ചിത്രം ഞങ്ങളുടെ മനസ്സില്‍ രൂപപ്പെട്ടത് തന്നെ ഒരു മമ്മുട്ടി ചിത്രം എന്ന ചിന്തയില്‍ നിന്നു തന്നെ ആണ്. മമ്മുക്ക ചെയ്യുമ്പോള്‍ മാത്രം ആളുകള്‍ കണ്ടു കയ്യടിച്ചു ആസ്വദിക്കുന്ന തരം കഥാപാത്രങ്ങള്‍ പല കാലഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തിന് വേണ്ടി ആയിരുന്നു ഞങ്ങളും ശ്രമിച്ചത്. അത്തരം ഒരു കഥാപാത്രം മനസ്സില്‍ രൂപപ്പെടുത്തിയ ശേഷം ആണ് എഴുത്തു ആരംഭിച്ചത്. എഴുത്തുകാര്‍ എന്നതിന്റെ ഒപ്പം പ്രേക്ഷകര്‍ എന്ന നിലയില്‍ കൂടി ഞങ്ങള്‍ രണ്ടു പേരും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ഒരു മെഗാസ്റ്റാര്‍ കഥാപാത്രം തന്നെ ആണ് ഷൈലോക്കിലെ ‘ബോസ്സ് ‘ . മൂന്നാമത്തെ ചിത്രത്തില്‍ മമ്മുക്ക അജയേട്ടനൊപ്പം ഒന്നിക്കുമ്പോള്‍ ആക്ഷനൊപ്പം തന്നെ രസകരമായ ഒരു രീതിയില്‍ പെരുമാറുന്ന ഒരു ഹീറോയിസം നിറഞ്ഞ കഥാപാത്രം കൂടി ആയിരുക്കും മമ്മുക്കയുടേത്. കഥ കേട്ട് കഴിഞ്ഞു മമ്മുക്ക തന്നെ ആണ് അജയേട്ടനെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്.

Q

ആദ്യ ചിത്രമാണ്, വലിയൊരു ബാനറില്‍, ഒരു ഫെസ്റ്റിവല്‍ മൂഡോടു കൂടി റിലീസ് ചെയ്യപ്പെടുന്നു.. എങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ?

A

ഏകദേശം 2 വര്‍ഷത്തോളം ആയി ഈ കഥ മമ്മുക്കയോട് പറയാന്‍ ഞങ്ങള്‍ ശ്രമം തുടങ്ങിയിട്ട്. . അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ജോര്‍ജേട്ടന്‍ ഈ കഥ മുഴുവന്‍ ആദ്യം കേട്ടത്. ജോര്‍ജേട്ടന് കഥ ഇഷ്ട്ടപ്പെട്ടു. അവിടുന്നു കാര്യങ്ങള്‍ എല്ലാം സ്പീഡ് ആയി. അജയ് വാസുദേവ് ചിത്രം സംവിധാനം ചെയ്യുന്നു എന്നു തീരുമാനിച്ചു. തുടര്‍ന്ന് മധുരരാജയുടെ സെറ്റില്‍ വച്ചു മമ്മുക്ക സബ്ജക്ട് കേട്ടു. കഥാപാത്രത്തെ കുറിച്ചൊക്കെ സംസാരിച്ചു. ശേഷം ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയില്‍ വീട്ടിലേക്കു വിളിച്ചു ഫുള്‍ സ്‌ക്രിപ്റ്റ് മമ്മുക്ക കേട്ടു. ഈ സിനിമ നമ്മള്‍ ചെയ്യുന്നു എന്ന് പറഞ്ഞു.

Q

നവാഗത സംവിധായകര്‍ക്ക് എപ്പോഴും കടന്നു ചെല്ലാന്‍ കഴിയുന്ന ഇടമായിട്ടാണ് മമ്മൂട്ടിയെ പറഞ്ഞു കേട്ടിട്ടുള്ളത്, തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപനം എങ്ങനെയായിരുന്നു ?

A

മമ്മുക്കയുടെ സമീപനം വലിയൊരു അനുഭവം ആണ്.. മമ്മുക്ക ഇതു വരെ ചെയ്ത സിനിമകളില്‍ വരാത്ത ഒരാളുടെ ഇതുവരെ കാണാത്ത ഒരു ഭാവവും രീതിയും ഒക്കെ ആണ് മമ്മുക്ക ഞങ്ങള്‍ക്ക് ഷൈലോക്കിന് വേണ്ടി തന്നിരിക്കുന്നത്....സിനിമ തുടങ്ങുമ്പോളും സിനിമ ഷൂട്ടിങ്ങിലും പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമിലും ഒക്കെ ഒരേ പോലെ മമ്മുക്ക ഞങ്ങളെ ചേര്‍ത്തു പിടിച്ചു എന്നു തന്നെ ഒറ്റ വാക്കില്‍ പറയാം. ഒരു വലിയ സിനിമ ഞങ്ങള്‍ പുതിയ രണ്ടു പേര്‍ വന്നു പറഞ്ഞപ്പോള്‍ അതിനു കൈ തന്നു അതിനെ പൂര്‍ണ്ണം ആക്കി തന്നു മമ്മുക്ക. പലരും പറഞ്ഞു പേടിപ്പിച്ച അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം നമുക്കു എന്ത് ആണോ വേണ്ടത് അതു അതിനും മേലേ ചെയ്തു തന്നു മമ്മുക്ക. ഒരു സീനിനെ കുറിച്ചു മമ്മുക്ക നമ്മളോട് ചോദിക്കുമ്പോള്‍ അതിനു കൃത്യമായ ഉത്തരം നമുക്കു ഉണ്ട് എങ്കില്‍ പിന്നെ എല്ലാം മമ്മുക്ക ഭംഗി ആക്കിയിരിക്കും. ചിത്രത്തിലെ ചില ഡയലോഗുകളും മറ്റും മമ്മുക്കയുടെ അഭിപ്രായങ്ങള്‍ കിട്ടിയത് കൊണ്ട് കുറെ കൂടി ഭംഗി ആക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മമ്മുക്ക വളരെ ആസ്വദിച്ചു ചെയ്ത കഥാപാത്രം ആണ് ഈ ചിത്രത്തിലേത്. അതിന്റെ റിസള്‍ട്ട് ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം. മെഗാ സ്റ്റാര്‍ ഷോ തന്നെ ആയിരിക്കും ഈ സിനിമ. ഫാന്‍സിനൊപ്പം കുടുംബ പ്രേക്ഷകരും കൂടി ആസ്വദിക്കുന്ന ഒരു മമ്മുക്കയെ തിയേറ്ററില്‍ കാണാന്‍ ആവും.

Q

രണ്ട് പേരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനീഷ് ഹമീദിനൊപ്പമെത്തിയത് എങ്ങനെയാണ്,

A

പണ്ട് തൊട്ടേ സിനിമ തിയേറ്ററിലും സിനിമ ചര്‍ച്ചകളിലും ഒക്കെ ഞങ്ങള്‍ ഒന്നിച്ചു ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും രണ്ടു വഴിക്ക് സിനിമക്ക് വേണ്ടി ശ്രമിച്ചു നടന്ന സമയത്തു നമുക്കു ഒന്നിച്ചു എഴുതിയാലോ എന്നു ചോദിച്ചത് അവന്‍ ആയിരുന്നു. അതു വരെ ഉള്ള സിനിമ ചര്‍ച്ചകളില്‍ ഒരേ ചിന്താഗതിയില്‍ മുന്നോട്ട് പോയിരുന്നത് കൊണ്ട് ആ ചോദ്യത്തിന് ഒടുവില്‍ ഒന്നിച്ചു ആയി പിന്നെ ശ്രമങ്ങള്‍...അങ്ങനെ ആണ് ഷൈലോക്ക് ഉണ്ടാവുന്നത്. ഇനിയും കുറെ പ്ലാനുകള്‍ ഞങ്ങളുടെ മനസ്സില്‍ ഉണ്ട്. അതിലേക്ക് എത്താന്‍ ഉള്ള ശ്രമങ്ങള്‍ ഒന്നിച്ചു തന്നെ തുടരും.

Q

മമ്മൂട്ടിക്കായി ഒരു കഥാപാത്രം രൂപപ്പെടുത്തുമ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്... എന്തെല്ലാം പുതുമകളാണ് പ്രേക്ഷകര്‍ക്കായി കരുതി വെച്ചിരിക്കുന്നത്.

A

കഥ പറയാന്‍ അവസരം കിട്ടിക്കഴിഞ്ഞാല്‍ മമ്മുക്ക നോ പറയരുത് എന്നു ഉറപ്പുള്ള ഒരു സബ്ജക്റ്റ് റെഡി ആക്കുക എന്നത് ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. നാന്നൂറില്‍ പരം ചിത്രങ്ങളില്‍ അതില്‍ കൂടുതല്‍ കഥാപാത്രങ്ങളെ മമ്മുക്ക അവതരിപ്പിച്ചു കഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. അയാള്‍ക്ക് അയാളുടേതായ ഒരു രീതി ഉണ്ട്. ആ കഥാപാത്രം ആയി മമ്മുക്ക നിറഞ്ഞാടി എന്നു തന്നെ ആണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ആയി കരുതി വച്ചിരിക്കുന്ന പുതുമ.

Q

‘തമറടിക്കണ കാലമായടി’ എല്ലാം മമ്മൂട്ടിയുടെ ഹൈ വോള്‍ട്ടേജ് പെര്‍ഫോര്‍മന്‍സാണ് ചെറിയ സെക്കന്റിനുള്ളില്‍ കാണിക്കുന്നത്... അതെല്ലാം ആദ്യമേ ഉണ്ടായിരുന്ന ഐഡിയയാണോ

A

അതേ. ചിത്രത്തിന്റെ എഴുത്തു തുടങ്ങുമ്പോള്‍ തന്നെ അതെല്ലാം തീരുമാനിച്ചിരുന്നു. മമ്മുക്കയുടെ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ എനര്‍ജെറ്റിക് ആയി തന്നെ ആയിരുന്നു മമ്മുക്കയുടെ പെര്‍ഫോമന്‍സ്.

Q

മമ്മൂട്ടിയെ കൂടാതെയും വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്... എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ ചിത്രമായിട്ട് തന്നെയാണ് സിനിമ റിലീസിനെത്തുന്നതും, ആദ്യ ചിത്രമെന്ന നിലയില്‍ ടെന്‍ഷനാണോ അതോ എക്സൈറ്റ്മെന്റോ ?

A

അതേ...ഇതൊരു വലിയ സിനിമ ആണ്. മമ്മുക്ക, രാജ് കിരണ്‍ സാര്‍ ,മീന അടക്കം വലിയൊരു താര നിര തന്നെ ഉണ്ട്. ആക്ഷന്‍ അടക്കം ടെക്‌നിക്കല്‍ സൈഡ് ഇലും വലിയ ആളുകള്‍ തന്നെ ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗുഡ് വില്‍ പോലൊരു വലിയ പ്രൊഡക്ഷന്‍ കമ്പനി ആണ് ചിത്രം നിര്‍മിക്കാന്‍ മുന്നോട്ട് വന്നതും. ആദ്യ ചിത്രം എന്ന നിലയില്‍ ഇതെല്ലാം വലിയ ഭാഗ്യം ആയിട് ഞങ്ങള്‍ കരുതുന്നു. സിനിമ നന്നായി വന്നിട്ടുണ്ട് എന്നു തന്നെ ആണ് വിശ്വാസം ,അതു കൊണ്ട് ടെന്‍ഷന്‍ ഇല്ല . പക്ഷെ തിയേറ്ററില്‍ പ്രേക്ഷകര്‍ എങ്ങനെ ചിത്രത്തെ സ്വീകരിക്കും എന്നു കാണാനുള്ള എക്‌സൈറ്റ്മെന്റ് തീര്‍ച്ച ആയും ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in