കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗമില്ല, കാരണം വ്യക്തമാക്കി മിഥുന്‍ മാനുവല്‍ തോമസ് ദ ക്യുവിനോട്

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗമില്ല, കാരണം വ്യക്തമാക്കി മിഥുന്‍ മാനുവല്‍ തോമസ് ദ ക്യുവിനോട്

മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച കോട്ടയം കുഞ്ഞച്ചന്‍ ടു ഉണ്ടാകില്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ദ ക്യു അഭിമുഖത്തിലാണ് മിഥുന്‍ മാനുവല്‍ തോമസ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന കാര്യം വെളിപ്പെടുത്തിയത്.

കോട്ടയം കുഞ്ഞച്ചന് ഒരു കഥയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ പറ്റിയിട്ടില്ല. ലാന്‍ഡ് ചെയ്ത സമയത്ത് മമ്മൂക്കയും ഞാനും പല വഴിക്ക് തിരക്കിലായിപ്പോയി. ഇപ്പോള്‍ അതിന്റെ സമയം കഴിഞ്ഞെന്നാണ് എന്റെ നിരീക്ഷണം. ഞാന്‍ ഇനി അത് ചെയ്യാന്‍ ശ്രമിക്കുന്നില്ല. ചെയ്യാന്‍ ശ്രമിച്ച സമയമുണ്ടായിരുന്നു. അന്നത് പല കാരണങ്ങളാല്‍ നടന്നില്ല. അത് തന്നെയാണ് ടര്‍ബോ പീറ്ററിനും സംഭവിച്ചത്. സ്‌ക്രിപ്ട് ലോക്ക് ചെയ്തു, അനൗണ്‍സ്‌മെന്റ് കഴിഞ്ഞു, അവസാന നിമിഷം സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ പല ഭാഗത്ത് നിന്നും അനിവാര്യമാണെന്ന് തോന്നുകയും, അത് എനിക്ക് പക്ഷേ മാറ്റണമെന്ന് തോന്നിയിട്ടില്ല. പല ധ്രുവങ്ങളില്‍ നിന്ന് സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ, അങ്ങനെ ആ രണ്ട് സിനിമകളും ഉപേക്ഷിച്ചു.

മിഥുന്‍ മാനുവല്‍ തോമസ്

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന കുഞ്ഞച്ചന്‍ എന്ന കോട്ടയം വാമൊഴിയുളള നായകനെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. സുനിതയുടെ ബാനറില്‍ അരോമ മണി നിര്‍മ്മിച്ച കോട്ടയം കുഞ്ഞച്ചന്‍ വമ്പന്‍ വിജയവുമായിരുന്നു.

സില്‍ക്ക് ജുബ്ബയും കൂളിംഗ് ഗ്ലാസും തോളത്ത് കസവ് ഷാളുമായി എന്ത് പോക്രിത്തരത്തിനും ഒന്നാമനായി നിന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കുഞ്ഞച്ചനില്‍ അവതരിപ്പിച്ചത്. ആട് ടു വിജയാഘോഷ വേദിയില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് 2018 മാര്‍ച്ച് 14ന് കോട്ടയം കുഞ്ഞച്ചന്‍ ടു പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. ആശാനേ ജോഷി ചതിച്ചു എന്ന കുഞ്ഞച്ചനിലെ ഡയലോഗിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയൊരുക്കിയ ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി പിന്നീട് പല സിനിമകളിലായി ആവര്‍ത്തിച്ച അച്ചായന്‍ ഭാഷയുടെ ഗംഭീര സ്വീകാര്യതയും കോട്ടയം കുഞ്ഞച്ചനൊപ്പമായിരുന്നു. ജയസൂര്യയെ ടൈറ്റില്‍ റോളില്‍ അവതരിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ് അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ടര്‍ബോ പീറ്റര്‍.

Related Stories

No stories found.
logo
The Cue
www.thecue.in