ഷൂട്ടിങ്ങ് ഫ്രീസറില്‍, തണുപ്പ് -10 ഡിഗ്രി;ട്രെയിലറിനപ്പുറം തിയ്യേറ്ററില്‍ കൊടുക്കാമെന്ന് ഉറപ്പായിരുന്നു : മാത്തുക്കുട്ടി സേവ്യര്‍  

ഷൂട്ടിങ്ങ് ഫ്രീസറില്‍, തണുപ്പ് -10 ഡിഗ്രി;ട്രെയിലറിനപ്പുറം തിയ്യേറ്ററില്‍ കൊടുക്കാമെന്ന് ഉറപ്പായിരുന്നു : മാത്തുക്കുട്ടി സേവ്യര്‍  

സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ മലയാളത്തില്‍ അധികം ചിത്രങ്ങളില്ല, ഭരതന്‍ സംവിധാനം ചെയ്ത ‘മാളൂട്ടി’യാണ് പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന മലയാളത്തിലെ സര്‍വൈവല്‍ ത്രില്ലര്‍, ഈ ഴോണറിലേക്ക് ‘ഹെലന്‍’ എന്ന ഒരു പേര് കൂടി ഇനി മുതല്‍ മലയാളികളുടെ ഓര്‍മയിലുണ്ടാവും, മാത്തുക്കുട്ടി സേവ്യര്‍ എന്ന നവാഗതസംവിധായകന്റെ ചിത്രം തിയ്യേറ്ററുകളില്‍ ശ്രദ്ധ നേടുകയാണ്. കഥയുടെ ഗതി എന്താകും ഏറെക്കുറെ എങ്ങനെ അവസാനിക്കും എന്നെല്ലാം ഊഹിച്ചെടുക്കാന്‍ പാകത്തിനുള്ള ഒന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ എന്നാല്‍ തിയ്യേറ്ററില്‍ അതിലും കൂടുതലായി ആളുകള്‍ക്ക് പുതുമയുള്ള സ്‌ട്രോങ്ങായ ഒരു കഥ കൊടുക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് അത്തരമൊരു നീക്കം നടത്തിയതെന്ന് മാത്തുക്കുട്ടി പറയുന്നു, തുടക്കത്തിന്റെ പതര്‍ച്ചകളില്ലാതെയൊരുക്കിയ ആദ്യ ചിത്രമൊരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

Q

കഥ മുഴുവനായി തന്നെ റിവീല്‍ ചെയ്തുള്ളൊരു ട്രെയ്ലര്‍ ആയിരുന്നു ഹെലന്റേത്, അത് ബോധപൂര്‍വ്വമുള്ള ഒരു നീക്കം തന്നെയായിരുന്നോ ?

A

‘മിസ്സിങ് ഗേള്‍’ എന്ന പ്ലോട്ട് പറഞ്ഞു കൊണ്ട് തന്നെ ട്രെയിലര്‍ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. വിദേശ സിനിമകളിലടക്കം പ്ലോട്ട് റിവീല്‍ ചെയ്തുകൊണ്ടായിരിക്കും ട്രെയ്‌ലറുകള്‍ വരുന്നത്. അങ്ങനെ ഒരു രീതിയാണ് സ്വീകരിച്ചത്. കഥ മുഴുവന്‍ ട്രെയ്ലറിലൂടെ രജിസ്റ്ററായി എന്ന് പലരും പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് ഉറപ്പ് ഉണ്ടായിരുന്നത് തിയ്യേറ്ററില്‍ അതിലും കൂടുതലായി ആളുകള്‍ക്ക് പുതുമയുള്ള,സ്‌ട്രോങ്ങായ ഒരു കഥ കൊടുക്കാന്‍ പറ്റുമെന്ന് തന്നെയായിരുന്നു.

Q

സര്‍വൈവല്‍ ത്രില്ലര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭരതന്റെ മാളൂട്ടി അടക്കമുള്ള സിനിമകളായിരിക്കും മലയാളികളുടെ മനസ്സിലേക്ക് വരുക. ആ കൂട്ടത്തിലേക്കാണ് നിങ്ങള്‍ ഹെലനുമായി എത്തുന്നത്. എത്രത്തോളമായിരുന്നു ആ വെല്ലുവിളി?

A

മാളൂട്ടിയൊക്കെ വീര്‍പ്പുമുട്ടിയിരുന്നു കണ്ടിട്ടുള്ള സിനിമകളാണ്. അത്തരത്തിലുള്ള ബെഞ്ച് മാര്‍ക്കുകള്‍ മലയാളത്തില്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ടെങ്കിലും പക്ഷേ അതെല്ലാം കുറച്ച് കാലം മുന്നെയുള്ളവയായിരുന്നെന്നും അടുത്തയിടക്ക് ഇത്തരത്തില്‍ ഒരു സിനിമ വന്നിട്ടില്ല എന്നതുമായിരുന്നു ഞങ്ങള്‍ ആലോചിച്ച കാര്യങ്ങള്‍. ഹെലന്‍ അനുഭവിക്കുന്ന അവസ്ഥ കാണുന്നവര്‍ക്ക് അതുപോലെ അനുഭവപ്പെടണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫ്രീസറിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തതും ഫ്രീസര്‍ സെറ്റ് ചെയ്തിട്ടായിരുന്നു. -4 മുതല്‍ -10 ഡിഗ്രി വരെ തണുപ്പിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയില്‍ നിന്ന് ഫ്രീസര്‍ കൊണ്ടുവന്ന് ആയിരുന്നു ഷൂട്ട്. ശ്വസിക്കുമ്പോഴുള്ള ഫോഗ് അടക്കമുള്ള കാര്യങ്ങള്‍ അതുപോലെ തന്നെ ഫീല്‍ ചെയ്യിക്കാന്‍ വേണ്ടിയായിരുന്നു തണുപ്പത്ത് തന്നെ ഷൂട്ട് ചെയ്തത്. ആ സമയത്തൊക്കെ അന്ന ബെന്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഷൂട്ടിങ്ങ് ഫ്രീസറില്‍, തണുപ്പ് -10 ഡിഗ്രി;ട്രെയിലറിനപ്പുറം തിയ്യേറ്ററില്‍ കൊടുക്കാമെന്ന് ഉറപ്പായിരുന്നു : മാത്തുക്കുട്ടി സേവ്യര്‍  
പിടിച്ചിരുത്തുന്ന സര്‍വൈവല്‍ ത്രില്ലറായി ഹെലന്‍
Q

ആദ്യം പുറത്തു വന്ന പോസ്റ്റര്‍ തന്നെ സിംപിളാണ് ഒപ്പം തന്നെ പെട്ടെന്ന് അട്രാക്ട് ചെയ്യുന്നതുമാണ്, പ്രൊമോഷണല്‍ കണ്ടന്റുകളിലെല്ലാം അതുണ്ടായിരുന്നു ?

A

പോസ്റ്ററുകളും ഡിസൈനിങ് ഏരിയയും പണ്ടുമുതലേ ശ്രദ്ധിക്കുന്നവയായിരുന്നു. സൈജു ശ്രീധരനെ പോലുള്ളവര്‍ ഉപയോഗിക്കുന്ന യൂണിഫോമിറ്റി ഞങ്ങളുടെ സിനിമയിലും ഉണ്ടാകണമെന്ന് തീരുമാനിച്ചിരുന്നു. സിംപിളും ക്യാച്ചിയുമായ പോസ്റ്ററുകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പ്രതുല്‍ എന്‍ ടി ആയിരുന്നു പോസ്റ്റര്‍ ചെയ്തത്. പ്രതുല്‍ ചേട്ടന്‍ നന്നായി അത് എക്‌സിക്യൂട്ട് ചെയ്തു.

Q

മലയാളത്തിലെ തന്നെ സംവിധായകരെ എടുത്താല്‍ ആദ്യ സിനിമ ഇത്തരം ഒരു ഴോണര്‍ ചെയ്തവര്‍ ചുരുക്കമായിരിക്കും. അതൊരു ധൈര്യം കാണിക്കലായിരുന്നോ?

A

കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് കൊണ്ട് സംവിധായകന്‍ എന്ന നിലയില്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ടായിരുന്നു. ലാല്‍ സാറും അന്നയും അടക്കം എല്ലാവരും കംഫര്‍ട്ടബിള്‍ ആയി സിനിമ മുമ്പോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ ജോലി എളുപ്പമാവുകയും ചെയ്തു.

Q

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ തണ്ണീര്‍മത്തന്‍ ദിനങ്ങളടക്കം എടുത്താല്‍, ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്ത് പരിചയമില്ലാതെ തന്നെ പുതിയ ആളുകള്‍ വരുന്നു. മികച്ച സിനിമകള്‍ ചെയ്യുന്നു. പുതിയ ആളുകള്‍ക്ക് സിനിമ ചെയ്യുന്നതിലെ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതായി തോന്നുന്നുണ്ടോ?

A

നമുക്ക് കിട്ടുന്ന ടീം ആയിരിക്കും പ്രധാന ഘടകം. ക്യാമറ, ഡയറക്ഷന്‍, പ്രൊഡക്ഷന്‍ ടീം എല്ലാം സ്മൂത്താണെങ്കില്‍ നമുക്ക് സിനിമ നടത്തിക്കൊണ്ട് പോകാന്‍ എളുപ്പത്തില്‍ സാധിക്കും. പുതിയ ആളെന്ന നിലയില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ പെട്ടെന്ന് തന്നെ ട്രാക്കിലേക്ക് വീണു. സെറ്റില്‍ എപ്പോഴും ചോദ്യങ്ങള്‍ ഉണ്ടാകും, ഓരോ ചോദ്യങ്ങള്‍ക്കും സംവിധായകന് ഉത്തരമുണ്ടെങ്കില്‍ സ്മൂത്തായി ഷൂട്ട് നടക്കും. എനിക്ക് ഈ സിനിമയില്‍ ലാല്‍ സാര്‍ എന്ന സംവിധായകന്റെ ഹെല്പ് കൂടെ കിട്ടിയിട്ടുണ്ട്.

Q

സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസന്‍. ആനന്ദത്തിനുശേഷം വിനീത് നിര്‍മ്മിക്കുന്ന സിനിമയാണ് ഹെലന്‍. എങ്ങനെയാണ് വിനീതിലേക്കെത്തിയത്? വിനീത് വന്ന ശേഷം ഹെലെനുണ്ടായ മാറ്റങ്ങള്‍?

A

വിനീതേട്ടനുമായി ഇടയ്‌ക്കെല്ലാം സംസാരിക്കാറുണ്ട്. 3 വര്‍ഷത്തോളമായി പരിചയമുണ്ട്. അങ്ങനെ ഈ കഥ വിനീതേട്ടനോട് അഭിപ്രായം ചോദിക്കാമെന്ന് കരുതി പറഞ്ഞതാണ്. അപ്പോഴാണ് വിനീതേട്ടന്‍ പ്രൊഡ്യൂസ് ചെയാമെന്ന് ഞങ്ങളോട് ഇങ്ങോട്ട് പറയുന്നത്. അത് കഴിഞ്ഞ് വിനീതേട്ടനോടൊപ്പമിരുന്ന് ഞങ്ങള്‍ റീ വര്‍ക്ക് ചെയ്തു. ഷൂട്ടിന്റെ സമയത്ത് വിനീതേട്ടന്‍ ഒന്നിലും ഇടപെട്ടിരുന്നില്ല. ‘നീ എന്താണോ എടുക്കാന്‍ ഉദ്ദേശിക്കുന്നേ, അത് എടുത്തോ’ എന്നായിരുന്നു എന്നോട് പറഞ്ഞത്.

Q

അനൗണ്‍സ് ചെയ്ത് പെട്ടെന്ന് തന്നെ ചിത്രം തിയ്യേറ്ററിലേക്കെത്തി, എല്ലാം പെട്ടെന്നായത് എങ്ങനെ ?

A

മെയ് മാസത്തില്‍ ആയിരുന്നു ആദ്യം ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ പ്രീ പ്രൊഡക്ഷന് കൂടുതല്‍ സമയം എടുക്കാമെന്ന് തീരുമാനിച്ച് ആഗസ്റ്റിലേക്ക് ഷൂട്ട് മാറ്റി വെച്ചതാണ്. എല്ലാം നല്ല പോലെ പ്ലാന്‍ ചെയ്തത് കൊണ്ടാണ് ചുരുങ്ങിയ സമയം കൊണ്ട് തീര്‍ക്കാന്‍ സാധിച്ചത്. പ്രീ പ്രൊഡക്ഷനില്‍ കൂടുതല്‍ സമയം കൊടുത്തതും സിനിമാട്ടോഗ്രാഫറുമായുള്ള കമ്മ്യൂണിക്കേഷനും പെട്ടെന്ന് തീര്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്.

Q

വളരെ സ്വാഭാവികമായി ശക്തമായി പറഞ്ഞുപോകുന്ന കഥയാണ് ഹെലന്‍. ഗ്രൂപ്പായിട്ടുള്ള എഴുത്ത് എങ്ങനെ ഉപകാരപ്പെട്ടിട്ടുണ്ട്?

A

മൂന്ന് പേരിലൂടെയും പാസ്സ് ചെയ്യുന്ന ഒരു ആശയമോ ഡയലോഗോ മാത്രമേ പേപ്പറില്‍ ഉണ്ടാകൂ. 3 പേര്‍ക്കും തോന്നുന്ന കാര്യങ്ങളും വ്യത്യസ്തമാണല്ലോ. ഒരാള്‍ തന്നെയെഴുതുന്നതും അയാളുടെ മാത്രം കാഴ്ച്ചപ്പാടുകള്‍ വരുന്നതിലും നന്നായിരുന്നു 3 പേര് ചേര്‍ന്ന് എഴുതുമ്പോള്‍. ഒരുമിച്ച് യാത്ര ചെയ്‌തൊക്കെയായിരുന്നു എഴുത്ത് പൂര്‍ത്തിയാക്കിയത്.

Q

കുമ്പളങ്ങിയിലൂടെ വലിയ സ്വീകാര്യത കിട്ടിയ അന്ന ബെന്നിന്റെ രണ്ടാമത്തെ സിനിമ. എങ്ങനെയായിരുന്നു അന്നയിലേക്ക് എത്തിയത്?

A

ഞങ്ങള്‍ എഴുതുന്ന സമയത്ത് ഹെലെനായി ആരെയും മനസ്സില്‍ കണ്ട് എഴുതേണ്ടെന്ന് തീരുമാനിച്ചിരുന്നു. ആരെയും മനസ്സില്‍ വിചാരിക്കാതെയാണ് ഹെലന്റെ അച്ഛന്റെ ക്യാരക്ടറും എഴുതി തുടങ്ങിയത്. പക്ഷേ എവിടെയൊക്കെയോ വെച്ച് ലാല്‍ സാറിന്റെ മുഖം ഞങ്ങള്‍ക്ക് ആ ക്യാരക്ടറിന് തോന്നി തുടങ്ങി. അങ്ങനെ ലാല്‍ സാറിനെ ഞങ്ങള്‍ പോയി കണ്ടു സംസാരിച്ചു. ലാല്‍ സാര്‍ ഓക്കേ പറഞ്ഞു. പിന്നെ ലാല്‍ സാറും ഡിസ്‌കഷന്‍സില്‍ ഇരുന്നു. ലാല്‍ സാറാണ് ഹെലനായി അന്നയെ നോക്കിക്കൂടേയെന്ന് ചോദിക്കുന്നത്. ഞങ്ങള്‍ക്കും പെട്ടെന്ന് അത് നല്ലതായിരിക്കുമെന്ന് തോന്നുകയും പിറ്റേന്ന് പോയി അന്നയോട് കഥ പറയുകയുമായിരുന്നു. അങ്ങനെ അന്ന ഹെലനാവുകയായിരുന്നു.

Q

ഹിറ്റ് സിനിമകളുടെ സിനിമാട്ടോഗ്രാഫര്‍ ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സിനിമയ്ക്ക് എത്രത്തോളം ഗുണകരമായി ?

A

ആനന്ദേട്ടന്റെ കൂടെ 2 വര്‍ഷം മുമ്പ് ഞാന്‍ ഒരു ഷോര്‍ട്ട്ഫിലിമില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നുമുതല്‍ പരിചയമുണ്ട്. അങ്ങനെ ആനന്ദേട്ടന്‍ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നമ്മള്‍ എന്ത് പറയുന്നോ അതിന്റെ ബെസ്റ്റ് വേര്‍ഷന്‍ ആനന്ദേട്ടന്‍ നമുക്ക് എടുത്ത് തരും. അതായിരിക്കണമല്ലോ ഒരു സംവിധായകനും സിനിമാട്ടോഗ്രാഫറും തമ്മില്‍ പ്രാധാനമായി ഉണ്ടാകേണ്ടത്. അത് ഞങ്ങള്‍ക്കിടയില്‍ നല്ല പോലെ വര്‍ക്കായി. ആനന്ദേട്ടനുമായുള്ള ആ സിങ്കും ആനന്ദേട്ടന്റെ സ്പീഡുമെല്ലാം നല്ല പോലെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നേരത്തെ പറഞ്ഞപോലെ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചതും.

Q

പഠനം, ജോലി. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമക്ക് പിന്നാലെ, എങ്ങനെയായിരുന്നു ഇതുവരെയുള്ള യാത്ര?

A

തൊടുപുഴയാണ് നാട്. പേരന്റ്‌സ് കൊല്ലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സ്‌കൂള്‍ പഠനം തൊടുപുഴയിലും കൊല്ലത്തുമായിരുന്നു. ചങ്ങനാശ്ശേരി മീഡിയ വില്ലേജിലായിരുന്നു ഡിഗ്രി പഠനം. പിന്നീട് കൊച്ചിയില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തു. അതിന്റെ കൂടെ തന്നെ എഴുത്തും ഉണ്ടായിരുന്നു. പക്ഷേ രണ്ടും ഒരുമിച്ച് പോകില്ലെന്ന് മനസ്സിലാക്കി ജോലി നിര്‍ത്തി. അതിനു ശേഷമാണ് എഴുതാനായി ഇരിക്കുന്നതും കൂടെ എഴുതിയിട്ടുള്ള ആല്‍ഫ്രഡും നോബിളും ഒപ്പം എഴുതാന്‍ ചേരുന്നതും. ആദ്യം മറ്റൊരു പ്രൊജക്ടായിരുന്നു ആദ്യ സിനിമയായി പ്ലാന്‍ ചെയ്തതെങ്കിലും അത് നടക്കാതിരിക്കുകയും ഈ സബ്ജക്ടിലേക്ക് എത്തുകയുമായിരുന്നു. ചെറിയ സബ്ജക്ടില്‍ വര്‍ക്ക് ചെയ്ത് ഇങ്ങനൊരു സ്‌ക്രിപ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.

Q

മുന്നോട്ടുള്ള പ്ലാനുകള്‍ എന്തൊക്കെയാണ്? അടുത്ത പ്രൊജക്ട്?

A

ധൃതി പിടിച്ച് ഒന്നും ചെയ്യുന്നില്ലെന്നാണ് തീരുമാനം. ചെറിയൊരു ബ്രേക്ക് എടുക്കണം. ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടില്ല. അതെല്ലാം കാണണം. ഒരു റീഫില്‍ ടൈം കൊടുത്തിട്ട് വീണ്ടും എഴുത്തില്‍ ഇരിക്കാമെന്നാണ് ഇപ്പൊ വിചാരിക്കുന്നത്. ഞങ്ങള്‍ 3 പേരും ചേര്‍ന്ന് തന്നെ എഴുതാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in