മോഹന്‍ലാലിന്റെ മേഘരൂപം മാത്രമല്ല ഷമിലിന്റെ വര;  കണ്ടതും കാണാത്തതുമായി ഒരുപാടുണ്ട്

മോഹന്‍ലാലിന്റെ മേഘരൂപം മാത്രമല്ല ഷമിലിന്റെ വര; കണ്ടതും കാണാത്തതുമായി ഒരുപാടുണ്ട്

ഹൈദരാബാദിലെ സൈനിക കേന്ദ്രത്തില്‍ വൈകീട്ട് കുളിക്കാന്‍ നേരമാണ് ഷമിലിന് ആകാശത്തെ മേഘങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മുഖച്ഛായ തോന്നിയത്. ഉടന്‍ മേഘത്തിന്റെ ഫോട്ടോ ഫോണില്‍ എടുത്ത് അതിന് ഒപ്പം കണ്ണും മൂക്കും മീശയുമെല്ലാം വരച്ചു ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മേഘരൂപത്തിലുള്ള മോഹന്‍ലാല്‍ ചിത്രം പെട്ടന്ന് തന്നെ വൈറലായി. ചിത്രം വലിയ തോതില്‍ പ്രചരിക്കപ്പെട്ടതോടെ ആശംസയറിയിച്ച് മോഹന്‍ലാല്‍ ഷമിലിനെ വിളിക്കുകയും ചെയ്തു.

ചിത്രം ഒരുപാട് പേര്‍ മോഹന്‍ലാലിന് ഷെയര്‍ ചെയ്ത് കൊടുക്കുകയും തുടര്‍ന്ന് താരം തന്നെ ഇത് വരച്ച ആളെ കണ്ടെത്താന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയുമായിരുന്നു. ഒരുപാട് സന്തോഷമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്ന് ഷാമില്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു. എവിടെ എന്താണ് ചെയ്യുന്നതെന്നെല്ലാം ചോദിച്ചറിഞ്ഞു, ആര്‍മിയിലാണെന്നും സിനിമയില്‍ പ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹം പറഞ്ഞു. നാട്ടില്‍ വരുമ്പോള്‍ വന്നു കാണണമെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയതെന്നും ഷമില്‍ പറയുന്നു.

ആരാണ് പടം വരച്ചതെന്ന് ചോദിച്ച് ഒരുപാട് പേര്‍ എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ ലാലേട്ടന്‍ എന്റെ നമ്പര്‍ ചോദിക്കുന്നവര്‍ക്ക് കൊടുത്തോട്ടെയെന്ന് ചോദിച്ചു. അദ്ദേഹത്തെ പോലൊരു വലിയൊരാള്‍ അങ്ങനെയൊക്കെ സിമ്പിളായിട്ട് പറഞ്ഞപ്പോള്‍ ഒരുപാട് ബഹുമാനം തോന്നി, ഒപ്പം ജീവിതത്തിലെ ഏറ്റവും വലിയൊരു മൊമന്റായിട്ടും.

ഷമില്‍

മോഹന്‍ലാലിന്റെ മേഘ ചിത്രത്തിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ട ഒരുപാട് കലാസൃഷ്ടികള്‍ക്ക് പിന്നില്‍ ഷമിലുണ്ടായിരുന്നു. വാഗമണ്‍ ഇല്ലിക്കല്‍ കല്ലിലെ പാറയില്‍ പെരുന്തച്ചനായഭിനയിച്ച നടന്‍ തിലകന്റെ ചിത്രവും കല്ലിലും മരത്തിലും സോപ്പിലുമെല്ലാം കൊത്തിയും വരച്ചുമെല്ലാമെടുത്ത ഒരുപാട് ദൃശ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.

ദിവസവും ഒരു ചിത്രം വച്ച് വരക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് ഷമില്‍ പറഞ്ഞു. എവിടെയാണെങ്കിലും എന്തെങ്കിലും ഒരു ചിത്രം വരയ്ക്കും, നോക്കി വരക്കുന്നതിനേക്കാള്‍ എന്തെങ്കിലും സംഭവങ്ങളെ പറ്റി അന്വേഷിച്ച് അതിന് പിന്നിലെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വരക്കാനാണ് ഷാമിലിനിഷ്ടം. നിവിന്‍ പോളിയുടെ ആദ്യ സിനിമാ പ്രവേശവും, ടൊവിനോയുടെ പ്രണയവും, ഉണ്ണി മുകുന്ദന്‍ ലോഹിതദാസിനെ കാണാനെത്തിയതുമെല്ലാം അങ്ങനെ കേട്ട കഥകളില്‍ നിന്ന് വരച്ചതാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ സ്വപ്‌നമായി മനസില്‍ കൊണ്ടു നടക്കുന്ന ഷമില്‍ അമ്പിളി എന്ന ചിത്രത്തില്‍ വിനേഷ് ബംഗ്ലാന്റെ ആര്‍ട്ട് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിലെ ആര്‍ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷമില്‍ തനിക്ക് സംവിധായകന്റെ ഒരു ടൂളായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് പറയുന്നു. സിനിമയിലെ ക്യാരക്ടര്‍ സ്‌കെച്ചുകള്‍, ലൊക്കേഷനുകള്‍ എങ്ങനെ ഉണ്ടാവണം തുടങ്ങിയവയെല്ലാം സംവിധായകന്റെ ആശയം ഉള്‍ക്കൊണ്ട് വരക്കാനാണ് ഇഷ്ടം, സ്റ്റോറി ബോര്‍ഡ് ആര്‍ടിസ്റ്റാകുക എന്നതെല്ലാം സ്വപ്‌നമാണെന്നും അവസരം ലഭിച്ചാല്‍ ആര്‍മിയിലെ ജോലിക്കിടയില്‍ തന്നെ അത് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഷമില്‍ കൂട്ടിച്ചേര്‍ത്തു.

ഷമില്‍
ഷമില്‍ഷമില്‍

നാട്ടിലെത്തുന്ന ഇടവേളകളില്‍ ഫിലിം ലൊക്കേഷനുകളിലൊക്കെ പോകാറുണ്ടായിരുന്നു. പക്ഷേ ഇതുവരെ ആകെ അമ്പിളിയില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 18 വയസെത്തുന്നതിന് മുന്‍പ് ആര്‍മിയിലെത്തിയ ആളാണ് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ ഷാമില്‍ കണ്ടാശേരി. ഇനി ആറ് വര്‍ഷം കൂടിയുണ്ട് വിരമിക്കാന്‍. അതിനുള്ളില്‍ തന്നെ ഒഴിവു സമയങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്നുള്ള ആഗ്രഹവും ഷമില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in