അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം

അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം

മലയാളി ഇന്ദ്രന്‍സിനെ കാണാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. എവിടെയാണ് ആദ്യം കണ്ടതെന്ന് പലര്‍ക്കും ഓര്‍മയുണ്ടാവില്ല. പക്ഷേ അദ്ദേഹം പൊട്ടിച്ചിരിപ്പിച്ച സിനിമകളും രംഗങ്ങളുമെല്ലാം എന്നും ഓര്‍മയിലുണ്ടാവാം. സ്‌ക്രീനിലെ മറക്കാനാവാത്ത ഒരുപാട് ഹാസ്യ കഥാപാത്രങ്ങളും സ്‌ക്രീനിന് പുറത്തെ നിഷ്‌കളങ്കമായ ചിരിയും എളിമയുമെല്ലാം അദ്ദേഹത്തെ ഏതൊരു മലയാളിയാലും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയാക്കി മാറ്റി. രണ്ട് വര്‍ഷം മുന്‍പ് ആളൊരുക്കത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് ഇപ്പോഴിതാ ഡോ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങളിലൂടെ മികച്ച നടനുള്ള സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുന്നു.

കോമഡി ചെയ്തത് തനിക്ക് എപ്പോഴും കരുത്ത് തന്നിട്ടെയുള്ളുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഒരു താളം നല്‍കിയത് കോമഡിയാണ്. ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കരുത്ത് നല്‍കിയതും ഒരുപാട് പ്രേക്ഷകരിലേക്ക് തനിക്കെത്താന്‍ കഴിഞ്ഞതിന് കാരണവും അത്തരം കഥാപാത്രങ്ങളായിരിക്കാമെന്ന് പറയുന്ന താരം പ്രേക്ഷകര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും ‘ദ ക്യൂ’വിനോട് സംസാരിക്കുന്നു.

Q

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടുകയും മേളയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യപ്പെട്ട ചിത്രമാണ് വെയില്‍ മരങ്ങള്‍, ഇപ്പോഴിതാ മികച്ച നടനുള്ള സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നോ ഈ അംഗീകാരം ?

A

ഇല്ല, ഇങ്ങനെയുള്ള ഓരോ സിനിമകള്‍ ചെയ്യുമ്പോള്‍ മേളകളിലൊക്കെ പോകാന്‍ പറ്റുന്നു, പിന്നെ ഡോ ബിജുവിനെ പോലുള്ളവര്‍ അതിനെ പരമാവധി എത്തിക്കാന്‍ പറ്റുന്ന അടുത്ത് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ കൂടെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇങ്ങനെ എത്തിപ്പെടുന്നു. പിന്നെ മേളയില്‍ വരുന്ന സിനിമകളുടെ കൂടെ വിലയിരുത്തുമ്പോള്‍ അവാര്‍ഡ് കിട്ടാം കിട്ടാതിരിക്കാം. എന്തായാലും അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റുന്നുവെന്നതാണ് സന്തോഷമുള്ള കാര്യം. അവാര്‍ഡ് കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം.

Q

പുരസ്‌കാരം ലഭിച്ചത് സിനിമയിലുള്ളവരും സാധാരണക്കാരുമെല്ലാം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇത്രത്തോളം സ്‌നേഹം എല്ലാവര്‍ക്കും ഉണ്ടെന്ന് കരുതിയിരുന്നോ ?

A

നമ്മള് സെറ്റിലൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍, പരിചയപ്പെട്ടിട്ടുള്ള കൂട്ടുകാരാരാരും ചിലപ്പോള്‍ വഴക്കുകൂടിയാല്‍ പോലും തമ്മിലുള്ള സ്‌നേഹബന്ധം കളയാറില്ല, എല്ലായിടത്തും അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ വഴക്കു കൂടിയാലും അതിന്റെ അതിരുവിടാറില്ലാരും. എല്ലാവരോടും വളരെ ബഹുമാനത്തോടും മര്യാദയോടുമൊക്കയാണ് പെരുമാറാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. ആ ഒരു ബന്ധമായിരിക്കാം. പിന്നെ ഞാന്‍ കുറെക്കൊലമായില്ലേ, എന്റെ ആകെയുള്ള ഒരു സമ്പാദ്യവും അതാണ്. കുറെ നല്ല ബന്ധങ്ങളാണാകെ ഉള്ളത്, വലിയ സമ്പത്തായിട്ടാണ് അതിനെ കാണുന്നതും.

അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം
ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം
Q

ഡോ ബിജുവിന്റെ കൂടെ ഇത് നാലാമത്തെ ചിത്രമാണ്. എല്ലാത്തിലും ഗൗരവമായ കഥാപാത്രങ്ങളായിരുന്നു. എങ്ങനെയാണ് അദ്ദേഹവുമായിട്ടുള്ള ഒരു സൗഹൃദം രൂപപ്പെട്ടത് ?

A

ഡോ ബിജുവിനെ തുടക്കം മുതലെ, അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ മുതല്‍ അറിയാം. ആദ്യം എന്റെയടുത്ത് ഡോക്ടര്‍ ഒരു കഥ പറഞ്ഞിരുന്നു. അത് നടന്നില്ല, രാമന്‍ എന്ന കഥ, പിന്നീട് അനൂപ് ചന്ദ്രനാണ് അത് ചെയ്തത്. ഒരുപാട് സിനിമ മോഹിച്ചും ഉത്സാഹിച്ചും നടക്കുന്ന ഒരാളാണ്. ആളുടെ ചിന്തകളോടും മറ്റും യോജിച്ചു നിക്കുന്നത് കൊണ്ടായിരിക്കും നമ്മളെ കൂടി സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

Q

അദ്ദേഹത്തിന്റെ സിനിമകള്‍ ശക്തമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവ കൂടിയാണല്ലോ, വെയില്‍ മരങ്ങളെ സംബന്ധിച്ചടുത്തോളം അത് എത്രത്തോളം പ്രസക്തമാണ് ?

A

മണ്ണും മണ്ണില്‍ പണിയെടുക്കുന്നുവനും തമ്മിലുള്ള രാഷ്ട്രീയമാണ്. അത് പ്രകൃതിയുമായിട്ടൊക്കെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. മരങ്ങളെയും എല്ലാ ജീവജാലങ്ങളെയും പോലെ തന്നെ മനുഷ്യനും പ്രകൃതിയുടെ മാറ്റങ്ങളുമായി ബന്ധമുണ്ടല്ലോ, പ്രകൃതിയുടെ മാറ്റവും, പ്രതിഷേധവും സന്തോഷവുമെല്ലാം ബന്ധപ്പെട്ട് നമ്മളും ചലിക്കുന്നില്ലേ ? അതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് മണ്ണില്‍ പണിയെടുക്കുന്നവനാണ്. ഇതൊക്കെ വിളയിക്കാനും വിളവെടുക്കാനുമൊക്കെ അവന്‍ വേണം പക്ഷേ അവന്റേതെന്ന് പറയാന്‍ ഒരു ഭൂമിയുണ്ടാവില്ല. വേനല്‍ വരുമ്പോള്‍ ജീവിക്കാന്‍ മറ്റൊരു ജോലി, വെള്ളപ്പൊക്കം വരുമ്പോള്‍ മാറി അടുത്തിടത്തേക്ക് അങ്ങനെ പോകുന്നു അവന്റെ ജീവിതം. മരങ്ങള്‍ ഇല കൊഴിയുന്ന പോലെ തന്നെ വിളവ് കഴിയുമ്പോള്‍ അവരെയും കൊഴിച്ചു വിടുകയാണ്. പക്ഷേ എന്നിട്ടും അവര്‍ തളരുന്നില്ല. ഉത്സാഹത്തോടെ തന്നെ മുന്നോട്ട് പോവുകയാണ്. അങ്ങനെ മുന്നോട്ട് തന്നെ എന്ന് പറയുന്ന ചിത്രമാണ്.

അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം
ഡോ ബിജു അഭിമുഖം : ഇവിടെ പുരസ്‌കാരങ്ങളുടെ മൂല്യത്തിനല്ല, ആര്‍ക്ക് ലഭിച്ചു എന്നതിനാണ് പ്രാധാന്യം  
Q

കൊമേര്‍ഷ്യല്‍ ചേരുവകളൊന്നും ചേര്‍ക്കാതെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണല്ലോ, ആളൊരുക്കവും വെയില്‍ മരങ്ങളുമെല്ലാം, അത്തരം ചിത്രങ്ങള്‍ ചെയ്യണമെന്ന് മുന്‍പേ ആഗ്രഹിച്ചിരുന്നോ ?

A

അത്തരം ചിത്രങ്ങളോട് പ്രത്യേക താത്പര്യം ഒന്നുമില്ല. പക്ഷേ സിനിമയില്‍ ഒരുപാട് സജീവമാകുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള സിനിമകള്‍ കുറെ കാണുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ അതെല്ലാം ഒരു വേറിട്ട അനുഭവം പോലെ തോന്നിയിട്ടുണ്ട്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അത്തരം സിനിമ ചെയ്യുന്നവരെ ആരാധനയോടെ നോക്കിക്കാണുകയും പരിചയപ്പെടുകയുമെല്ലാം ചെയ്തിട്ടുണ്ട്. സിനിമ അതും ഇതും എല്ലാം ഒന്നു തന്നെയാണ്. ചിലര്‍ പറയുന്ന താളത്തിന്റെ വ്യത്യാസമുണ്ടെന്നെയുള്ളു. പറയുന്ന വിഷയം പാകപ്പെടുത്തുന്നതിന്റെ രീതിക്കുള്ള വ്യത്യാസം. ഓരോരുത്തരുടെ ശൈലിക്ക് അനുസരിച്ച് ഓരോരുത്തര്‍ സിനിമ ചെയ്യുന്നുവെന്ന് മാത്രം.

Q

ഒന്നര വര്‍ഷത്തോളം സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് വെയില്‍ മരങ്ങള്‍, വിവിധ കാലാവസ്ഥകളില്‍ കേരളത്തിനകത്തും പുറത്തും., ബുദ്ധിമുട്ടുകളുണ്ടായിരുന്നോ ചിത്രീകരണ സമയത്ത് ?

A

മണ്‍റോതുരത്തില്‍ വെള്ളവും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാക്കിയാണ് ഷൂട്ട് ചെയ്തത്. മഴയത്താണ് അതൊക്കെ ഷൂട്ട് ചെയ്തത്. അതുപോലെ തന്നെ വെയിലും മറ്റ് കാര്യങ്ങളും. ക്യാരക്ടറിന് വേണ്ട കാര്യങ്ങളൊക്കെ ബുദ്ധിമുട്ടി തന്നെയാണ് ചെയ്തിരിക്കുന്നത്. പക്ഷേ അതിനേക്കാള്‍ അധികം ബുദ്ധിമുട്ട് സംവിധായകനും ക്യാമറമാനുമെല്ലാം ഉണ്ട്. സിങ്ക് സൗണ്ടിലാണ് ചിത്രം ചെയ്തത്. അതെല്ലാം എന്‍ജോയ് ചെയ്താണ് എല്ലാവരും ചെയ്തത്.

Q

ഷാങ്ഹായി ഫെസ്റ്റിവലില്‍ ചിത്രം കണ്ട മാധ്യമ പ്രവര്‍ത്തകരോട് ചേട്ടന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡോ ബിജു പറഞ്ഞിരുന്നു. അവിടെ ആളുകളില്‍ നിന്നുണ്ടായ സമീപനം എങ്ങനെയായിരുന്നു ?

A

അവിടെ എന്നെക്കുറിച്ച് അവരാണ് പരിചയപ്പെടുത്തിയത്. മാധ്യമങ്ങള്‍ എന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര് പറഞ്ഞുകൊടുത്തതാണ്. പിന്നെ എനിക്ക് മൈക്ക് തന്നപ്പോള്‍ ചോദിച്ചത് മറ്റൊരു കാര്യമാണ്. ഈ ചിത്രം ഒരു വര്‍ഷത്തോളം സമയമെടുത്ത് ചെയ്തതാണ്. ഇത്രയും നീണ്ട കാലത്തില്‍ എങ്ങനെയാണ് കണ്ടിന്യുറ്റി നിലനിര്‍ത്തിയതെന്ന്. ചിത്രത്തിലെ വയ്യായ്കയുടെ അവസ്ഥയെല്ലാം അതേ പോലെ മെയിന്റയിന്‍ ചെയ്തത് എങ്ങനെയെന്ന്. നമ്മള്‍ അത്രയും ശ്രദ്ധ കൊടുത്ത് സിനിമയുടെ കൂടെ നിന്നത് കൊണ്ട് ചെയ്യാന്‍ പറ്റിയെന്നെ ഉള്ളു. അതിന്റെയൊക്കെ അംഗീകാരമായിരിക്കാം ലഭിക്കുന്നത്.

പിന്നെ കോമഡി ചെയ്തത് എനിക്ക് കരുത്ത് തന്നിട്ടെയുള്ളു. എന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ കോമഡി ചെയ്ത് വന്നതാവും ഒരുപക്ഷേ ഈ താളം കിട്ടിയത്. കോമഡിക്ക് എപ്പോഴും ഒരു താളം ഉണ്ടല്ലോ, അത് കടുകിട മാറിയാല്‍ പോയി. വീഴേണ്ടത് അത് അതിന്റെ താളത്തില്‍ വീണിരിക്കണം, ഓരോ ഡയലോഗും മറുപടിയുമെല്ലാം. അതൊക്കെ ഇപ്പോള്‍ സീരിയസ് ക്യാരക്ടറുകള്‍ ചെയ്യാന്‍ സഹായിക്കുന്നുണ്ടാവാം
Q

ഈ പ്രേക്ഷകരുടെയെല്ലാം സ്‌നേഹത്തിന്റെ കാരണവും അതായിരിക്കാം, ആരെയും വേദനിപ്പിക്കാത്ത കുറെ തമാശകള്‍, സ്വയം കളിയാക്കപ്പെടുന്നതല്ലാതെ മറ്റൊരാളെ വെറുപ്പിച്ചിട്ടില്ലൊന്നിലും...?

A

ശരിയായിരിക്കാം, ഞാനും ഇത് ഇടക്ക് ആലോചിക്കാറുണ്ട്. കോമഡി ക്യാരക്ടര്‍ ചെയ്ത് പെട്ടെന്ന് എല്ലാവരെയും സ്വാധീനിക്കാന്‍ പറ്റുമായിരിക്കാം, നന്നായിട്ട് ചെയ്യാന്‍ പറ്റുമ്പോള്‍. അങ്ങനെയായിരിക്കാം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയത്.. എന്തോ അതില്‍ വ്യക്തമായ ധാരണയില്ല എങ്കില്‍ പോലും എല്ലാര്‍ക്കും ഭയങ്കര സ്‌നേഹമാണ്...വല്ലാതെ... ഒരുപാട് പ്രോത്സാഹനവും തരുന്നുണ്ട്, എന്റെ എല്ലാ കുറവും മറന്ന് പോകും.

Q

ഇപ്പോഴും കുറവുണ്ടെന്ന് ചിന്തിക്കാറുണ്ടോ ?

A

ഇല്ല, ഒരു നടന് വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ബിംബം മനസിലുണ്ട്. അത് എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവുമെന്നാണ് തോന്നുന്നത്. അതെല്ലാം ഒരുപാട് കാലം കൊണ്ട് മാറിമാറി വന്നു. ക്യാരക്ടറിന്റെ ബലത്തിലാണ് ഞാന്‍ ഇപ്പോള്‍ നിക്കുന്നത്. ക്യാരക്ടറിന്റെ ബലം വെച്ച് അളക്കുമ്പോഴാണ് എനിക്ക് അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നത്. അതിന് ഒരുപാട് കാലമെടുത്തു. പക്ഷേ ഇപ്പോഴും പൂര്‍ണമായിട്ടും ചില ക്യാരക്ടറുകള്‍ ചെയ്യാന്‍ എന്റെ അളവ് വെച്ച് പരിമിതികളുണ്ട്, അതൊന്നും അല്ലാന്ന് നമുക്ക് പറയാന്‍ പറ്റില്ല, അതൊക്കെ വെച്ച് നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കുമ്പോഴും എന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് ഞാന്‍ അത് എടുത്ത് പറഞ്ഞത്.

Q

പണ്ട് അത്തരം കോംപ്ലക്‌സുകള്‍ കാര്യമായിട്ടുണ്ടായിരുന്നോ..?

A

തുടക്കത്തില്‍... കുറച്ച് കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുമ്പോള്‍ ചമ്മല്‍ തോന്നിയിട്ടണ്ട്, പക്ഷേ അധികം വൈകാതെ ഇങ്ങനെയാണ് ഇവിടെ നിക്കാന്‍ പറ്റുന്നതെന്ന് തിരിച്ചറിഞ്ഞു. അതല്ലാതെ എന്നെ വ്യത്യസ്തനാക്കുന്ന വേറൊന്നും ഇല്ലല്ലോ, പിന്നെ അങ്ങനെ തോന്നിയിട്ടില്ല. എത്ര പ്രായമായിട്ടാണെങ്കിലും സീരിയസായിട്ട് ഒരു ക്യാരക്ടര്‍ ചെയ്യണം എന്ന കൊതി അപ്പോഴുമുണ്ട്, അതങ്ങനെ മനസില്‍ കൊതിച്ച് കൊണ്ടു നടന്നിരുന്നു. എന്നാലും എന്നെ ഇവിടെ കൊണ്ടെത്തിച്ചല്ലോ,

Q

അര്‍ജുനനായും ഭീമനായുമെല്ലാം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് കേട്ടിട്ടുണ്ട്...

A

(ചിരിക്കുന്നു). സത്യായിട്ടും കൊതി തോന്നിയിട്ടുണ്ട്, തമാശയ്ക്ക് വേണ്ടി പറഞ്ഞതല്ല. നമുക്ക് ചില കരുത്തുള്ള കഥാപാത്രം ചെയ്യണമെന്ന് വലിയ ആവേശം തോന്നും. പക്ഷേ ഒരിക്കലും അത് എത്തിപ്പിടിക്കാന്‍ പറ്റുന്നതല്ല. നമ്മുടെ ചരിത്ര കഥാപാത്രങ്ങളെല്ലാം, ഓരോരുത്തരുടെയും മനസില്‍ ഓരോ രീതിയില്‍ സങ്കല്‍പ്പിച്ചു വെച്ചിരിക്കുന്നതല്ലെ, അതൊരിക്കലും ഉടയ്ക്കാന്‍ പറ്റില്ല, എന്നാലും എന്റെ ആഗ്രഹം ഞാന്‍ തുറന്നു പറയുന്നുവെന്നേ ഉള്ളൂ (വീണ്ടും ചിരിക്കുന്നു).

Q

കഴിഞ്ഞ ദിവസമാണ് മനോഹരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായത്. സമൂഹമാധ്യമങ്ങളില്‍ അത് ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ‘ഇന്ദ്രന്‍സേട്ടെന്റെ മികച്ച ഒരു കഥാപാത്രമാണ് വരാന്‍ പോകുന്നത്’ എന്ന് പ്രേക്ഷകര്‍ പറയുന്നത്. കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ വ്യത്യാസം ഫീല്‍ ചെയ്യുന്നുണ്ടോ ?

A

ഫീല്‍ ചെയ്യുന്നുണ്ട്, കുറച്ചു കൂടെ ബലമുള്ള കഥാപാത്രങ്ങള്‍ വരുന്നു, കുറച്ചു കൂടെ വലിയ സംവിധായകരുടെ സിനിമകളില്‍ അവസരം കിട്ടുന്നു. നന്നായി ചര്‍ച്ചയായിട്ടുള്ള സിനിമകളെടുത്തിട്ടുള്ള സംവിധായകരുടെ ചിത്രങ്ങള്‍ കിട്ടുന്നു. അത് ഒരുപക്ഷേ എന്നെക്കൊണ്ട് പറ്റുമെന്ന വിശ്വാസം അവരില്‍ ഉണ്ടാക്കിയത് കൊണ്ടാകാം. ‘കഥാവശേഷന്‍’ തൊട്ട് ഈ മാറ്റമുണ്ട്, ചെറുതാണെങ്കിലും നല്ല കഥാപത്രങ്ങള്‍ കിട്ടിത്തുടങ്ങുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ചെറുതാണെങ്കിലും വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Q

ഏത് തരത്തിലുള്ള കഥാപാത്രമാണ് കൂടുതല്‍ എന്‍ജോയ് ചെയ്യുക കോമഡിയാണോ അതോ കുറച്ചു കൂടി ഗൗരവമായവയാണോ ? കോമഡി ചെയ്യുന്നതില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ ?

A

മനസില്‍ രണ്ടും രണ്ട് രീതിയിലാണ്. കോമഡി ചെയ്യുമ്പോള്‍ നമുക്ക് കുറച്ച് ഇളകിയൊക്കെ നില്‍ക്കാം. അതിന് കുറച്ച് കൗശലമൗക്കെ വേണം. മറ്റേത് ആ കഥാപാത്രം നമ്മളാണെങ്കില്‍ എങ്ങനെ ആയിരിക്കുമെന്ന തരത്തിലാണ്, ചെയ്യുക. രണ്ടും രണ്ട് രീതിയിലാണ് അങ്ങനെ തന്നെ ആസ്വദിച്ചാണ് ചെയ്യുന്നതും. പിന്നെ കോമഡി എപ്പോഴും അതിന്റെ അളവില്‍ തന്നെ ചെയ്യണം, പ്രധാനമായും അത് സംവിധായകന്റെ അഭിരുചിയാണ്. അവരാണ് ആ താളം നോക്കുന്നത്. എന്നാലും പണ്ടത്തെ സിനിമയുടെ സ്വഭാവത്തിനൊക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇനി വരാനുള്ള വാര്‍ത്തകള്‍ ഇതുവരെ, ജാക്ക് ആന്‍ഡ് ജില്‍, മനോഹരം തുടങ്ങിയവയൊക്കെ ഹ്യൂമറിലൂടെ പറയുന്ന സിനിമയാണ്.

അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം
‘ഭയങ്കര സന്തോഷണ്ട്, എല്ലാം അടിപൊളിയാര്‍ന്ന്’; വെനീസ് വേദിയില്‍ തൃശൂര്‍ ശൈലിയില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍

Related Stories

No stories found.
logo
The Cue
www.thecue.in