#WeStandwithDHANUSH പലരും പറ്റിച്ചെന്ന ധനുഷിന്റെ പ്രസംഗത്തിനെതിരെ നിര്‍മ്മാതാക്കള്‍, ട്വിറ്ററില്‍ പിന്തുണയേകി ആരാധകര്‍

#WeStandwithDHANUSH പലരും പറ്റിച്ചെന്ന ധനുഷിന്റെ പ്രസംഗത്തിനെതിരെ നിര്‍മ്മാതാക്കള്‍, ട്വിറ്ററില്‍ പിന്തുണയേകി ആരാധകര്‍

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ ഓഡിയോ ലോഞ്ചില്‍ പല നിര്‍മ്മാതാക്കളും പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ മടി കാണിക്കുന്നതിനെ ധനുഷ് വിമര്‍ശിച്ചിരുന്നു. ചുരുക്കം നിര്‍മ്മാതാക്കള്‍ മാത്രമാണ് മുഴുവനായി പ്രതിഫലം നല്‍കുന്നത് പക്ഷേ അസുരന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്, കലൈപുലി എസ് താണു ഷൂട്ട് തീരുംമുമ്പ് മുഴുവന്‍ പ്രതിഫലവും നല്‍കി എന്നായിരുന്നു ധനുഷിന്റെ പ്രസംഗം. സമീപകാലത്ത് ഉണ്ടായ ചില ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ധനുഷ് തുറന്നടിച്ചതെന്നാണ് അറിയുന്നത്.

ധനുഷിന്റെ പ്രസ്താവനക്കെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ എ എല്‍ അഴകപ്പനാണ് പരസ്യമായി ആദ്യം രംഗത്ത് വന്നത്. എത്ര നിര്‍മ്മാതാക്കള്‍ക്ക് ധനുഷ് ലാഭം ഉണ്ടാക്കി കൊടുത്തുവെന്ന് ആദ്യം പറയട്ടേ എന്നാണ് അഴകപ്പന്‍ ചോദിക്കുന്നത്.

വടചെന്നൈ ഉള്‍പ്പെടെ എത്ര പടം ധനുഷ് അഭിനയിച്ചു. അതില്‍ എത്ര പടം ഓടിയെന്നും എത്ര നിര്‍മ്മാതാക്കള്‍ക്കും ലാഭം ഉണ്ടാക്കിക്കൊടുത്തെന്ന് ധനുഷ് പറയട്ടേ. അദ്ദേഹവുമായി നേരിട്ട് സംവാദത്തിന് ഞാന്‍ തയ്യാറാണ്. 

എ എല്‍ അളകപ്പന്‍ നിര്‍മ്മാതാവ് 

അജിത്തും വിജയും രജനീകാന്തുമൊക്കെ അമ്പത് മുതല്‍ എഴുപത്തിയഞ്ച് കോടി വരെയാണ് പ്രതിഫലം പറ്റുന്നത്. ഇത് എന്തുകൊണ്ട് ധനുഷ് പറയുന്നില്ലെന്നും അളകപ്പന്‍ ചോദിക്കുന്നു. ധനുഷിന്റെ സിനിമകള്‍ നിര്‍മ്മിക്കേണ്ടെന്ന് അളകപ്പന്‍ പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വി സ്റ്റാന്‍ഡ് വിത്ത് ധനുഷ് എന്ന പേരില്‍ ധനുഷിന് ഐക്യദാര്‍ഡ്യം അറിയിച്ചും അളകപ്പനെ വിമര്‍ശിച്ചും ട്വീറ്റുകള്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

വെട്രിമാരന്‍ വടചെന്നൈക്ക് ശേഷം സംവിധാനം ചെയ്ത അസുരന്‍ പീരിഡ് ഡ്രാമയാണ്. മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലെത്തുന്ന ചിത്രവുമാണ് അസുരന്‍.

Related Stories

No stories found.
logo
The Cue
www.thecue.in