ആദ്യ സിനിമ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യമേ കാണാനെത്തി, നന്ദി പറഞ്ഞ് ജോണ്‍പോള്‍

ആദ്യ സിനിമ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യമേ കാണാനെത്തി, നന്ദി പറഞ്ഞ് ജോണ്‍പോള്‍

ഗപ്പി എന്ന ചിത്രം തിയറ്ററുകളില്‍ നിന്ന് മാറിയപ്പോഴാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഡിവിഡി റിലീസ് വേളയില്‍ ചിത്രം സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലൂടെ സൂപ്പര്‍ഹിറ്റാക്കി. എന്നാല്‍ രണ്ടാമത്തെ സിനിമയായ അമ്പിളിയെ ആദ്യദിവസം തന്നെ തിയറ്ററുകളില്‍ നിറഞ്ഞ സദസുകളിലാക്കിയ പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്ന് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായ അമ്പിളി ഓഗസ്റ്റ് 9നാണ് റിലീസ് ചെയ്തത്

ജോണ്‍ പോള്‍ ജോര്‍ജ്ജ് പറയുന്നു.

വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

നസ്രിയാ നസീമിന്റെ സഹോദരന്‍ നവിന്‍ നസീം, തന്‍വി റാം, ജാഫര്‍ ഇടുക്കി, എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ ഹിറ്റായിരുന്നു. വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്‍. സിനിമയുടെ പുതിയ ടീസറും പുറത്തുവിട്ടു. മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശരണ്‍ വേലായുധനാണ് ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in