‘ഞാന്‍ ജാക്‌സണല്ലടാ, സൗബിനുള്ള എന്റെ ട്രിബ്യൂട്ട്’ ; അമ്പിളിയിലെ ഹിറ്റ് ഗാനത്തെക്കുറിച്ച് വിനായക് ശശികുമാര്‍

‘ഞാന്‍ ജാക്‌സണല്ലടാ, സൗബിനുള്ള എന്റെ ട്രിബ്യൂട്ട്’ ; അമ്പിളിയിലെ ഹിറ്റ് ഗാനത്തെക്കുറിച്ച് വിനായക് ശശികുമാര്‍

പുതുതലമുറയിലെ ഗാനരചയിതാക്കളില്‍ ശ്രദ്ധേയമായ പേരാണ് വിനായക് ശശികുമാര്‍ എന്ന ചെറുപ്പക്കാരന്റേത്. ആദ്യചിത്രമായ ‘കുട്ടീം കോലിലും’ പിന്നീട് വന്ന ‘നീലാകാശം ചുവന്ന ഭൂമി’യിലുമെല്ലാം അങ്ങോട്ട് വിളിച്ച് അവസരം ചോദിച്ചാണ് വിനായക് പാട്ടെഴുതുന്നത്. പിന്നീട് ആറ് വര്‍ഷത്തെ കരിയറില്‍ ഇയ്യോബിന്റെ പുസ്തകം, ഹരം, ഗപ്പി, ഗോദ, പറവ, മായാനദി, ജൂണ്‍, എന്നിങ്ങനെ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി വിനായക് പാട്ടെഴുതി. അതില്‍ ഗപ്പിയായിരുന്നു വഴിത്തിരിവായത്, ചിത്രത്തിലെ ‘ഗബ്രിയേലിന്റെ’ എന്ന് തുടങ്ങുന്ന അടിച്ചുപൊളി പാട്ടും ‘തനിയെ’ എന്ന് തുടങ്ങുന്ന മെലഡിയും ഇന്നും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളാണ്. ഗപ്പിയുടെ പിന്നിലെ ടീം അമ്പിളിയിലൂടെ വീണ്ടും വന്നപ്പോള്‍ വീണ്ടും അതേ മാജിക്ക് തന്നെ ആവര്‍ത്തിക്കുന്നു. ഇതിനകം തന്നെ ഹിറ്റായ ചിത്രതിലെ ‘ഞാന്‍ ജാക്‌സണല്ലടാ’ സൗബിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് എഴുതിയതെന്ന് വിനായക് പറയുന്നു.

Q

ഗപ്പിയിലെ ഗബ്രിയേലിന്റെ എന്ന പാട്ട് ആഘോഷിക്കപ്പെട്ട പോലെ തന്നെ വീണ്ടും അതേ ടീമില്‍ നിന്ന് തന്നെ മറ്റൊരു ഗാനം വരുന്നു. അതേ പോലെ തന്നെ ഹിറ്റാകുന്നു. എങ്ങനെയാണ് ഈ പാട്ടിലേക്കെത്തിയത് ?

A

ഈ പാട്ടിന്റെ സിറ്റുവേഷനാണ് ജോണേട്ടന്‍ പറഞ്ഞത്. അമ്പിളി എന്ന ക്യാരക്ടറിന്റെ ലൈഫില്‍ പ്രധാനപ്പെട്ട ഒരു ഇവന്റ് നടക്കുന്നുണ്ട്. ആ നാട്ടില്‍ ആഘോഷമാകുന്ന ഒരു ഇവന്റ്, അതിന് വേണ്ടി അമ്പിളി മുന്നിട്ടിറങ്ങുമ്പോള്‍ നാട്ടുകാരും അതിനൊപ്പം കൂടെ കൂടുന്നു. ഗപ്പിയിലെ മറ്റെല്ലാ പാട്ടുകളും മെലഡി ആയിട്ടിരിക്കുമ്പോള്‍ ഗബ്രിയേലിന്റെ മാത്രം, മെലഡിയും ആണ് എന്നാല്‍ അല്‍പ്പം അടിച്ചുപൊളിയുമാണ്, അതുപോലെ തന്നെയാണ് അമ്പിളിയിലും. മറ്റ് പാട്ടുകളെല്ലാം മെലഡിയും ഇത് മാത്രം അടിച്ചുപൊളി ടൈപ്പുമാണ്. ഇത് ആന്റണി ദാസനെ പോലെ ഒരു ഗായകനായിരിക്കും പാടുക എന്നും ആദ്യമേ തീരുമാനിച്ചിരുന്നു. ഇതിന്റെ ട്യൂണ്‍ ആണ് ആദ്യം ചെയ്തത്. അതിന്റെ പല്ലവിക്ക് ചേര്‍ന്ന മൂന്നാല് ഓപ്ഷനുകള്‍ എഴുതുകയും ചെയ്തിരുന്നു. അതില്‍ അവര്‍ക്കിഷ്ടപ്പെട്ടത്, ഞാന്‍ ജാക്‌സണല്ലടാ, എന്ന് തുടങ്ങിയ ഈ വരികളാണ്.

Q

ഞാന്‍ ജാക്‌സണല്ലടാ, പെട്ടെന്ന് ആളുകളെ ക്യാച്ച് ചെയ്യുന്ന വരികളാണ്,അതിന്‌ സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ  ?

A

പല്ലവിക്ക് സിനിമയുമായി ബന്ധമില്ല, ആമയത്ത് പെട്ടെന്ന് തോന്നിയത് എഴുതിയതാണ്,അതില്‍ ഇതാണ് നല്ലത് എന്ന് ജഡ്ജ് ചെയ്ത് എടുത്തത് സംവിധായകനും സംഗീതസംവിധായകനുമാണ്. അതിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്. പിന്നീടുള്ള വരികള്‍ സിനിമയിലെ സിറ്റുവേഷനുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. അമ്പിളി ഒരു പാവപ്പെട്ട ഒരാളാണ്, ഒരു വിനയമുണ്ട്, ഞാന്‍ ജാക്‌സണല്ല ന്യൂട്ടണല്ല സ്റ്റാറല്ല പക്ഷേ എന്നാല്‍ കഴിയുന്ന തരത്തില്‍ ഞാന്‍ ജീവിതം ആഘോഷിക്കുന്നു, എനിക്ക് ഞാന്‍ രാജാവാണ്, എന്ന രീതിയില്‍ പറയാനാണ് ഉദ്ദേശിച്ചത്. അത് വര്‍ക്ക് ഔട്ട് ആയിട്ടുണ്ട്.

Q

സംവിധായകന്‍ ജോണ്‍പോളിന്റെ ഭാഗത്തു നിന്ന് എന്തായിരുന്നു നിര്‍ദ്ദേശം ?

A

വരികള്‍ നന്നായിരിക്കണം എന്ന് ജോണേട്ടന് വലിയ നിര്‍ബന്ധമായിരുന്നു, കാരണം ഗപ്പിയുടെ ഒരു ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രതീക്ഷ ആളുകള്‍ക്കുണ്ട്, പിന്നെ ജോണേട്ടന് മ്യൂസിക് നന്നായി അറിയാം. ആദ്യം ഗപ്പിക്ക് എഴുതാന്‍ വന്നപ്പോള്‍ തന്നെ നീ എന്ത് എഴുതിയാലും ഞാന്‍ നോ എന്നേ പറയു എന്നായിരുന്നു പറഞ്ഞത്, നീ നിന്റെ ബെസ്റ്റ് എഴുതിക്കോ എന്നും പറഞ്ഞു, പക്ഷേ ആദ്യത്തെ തന്നെ യെസ് പറഞ്ഞിരുന്നു, ആ ഒരു ഉത്തരവാദിത്വം എനിക്കുമുണ്ടായിരുന്നു.

Q

വിഷ്ണു വിജയ് എന്ന സംഗീത സംവിധായകനും ആന്റണി ദാസന്‍ എന്ന ഗായകനും എല്ലാം വീണ്ടും വരികയാണല്ലോ, ഈ കൂട്ടുകെട്ട് എത്രത്തോളം വര്‍ക്ക് ഔട്ടായിട്ടുണ്ട് ?

A

ഗപ്പി കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങളായെങ്കിലും വിഷ്ണുച്ചേട്ടന്റെ രണ്ടാമത്തെ മലയാളം ചിത്രമാണ് അമ്പിളി, വേറെ സിനിമ ചെയ്തിട്ടില്ല, ആന്റണി ദാസനും ആ പാട്ടിന് ശേഷം മലയാളത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദവും മലയാളികള്‍ക്ക് ഫ്രെഷ് ആണ്. പിന്നെ ആന്റണി ദാസന്‍ തന്നെയാണ് പാടുന്നതെന്ന് നേരത്തെ തീരുമാനിച്ചതാണ്, അടിച്ചുപൊളി പാട്ടാണെങ്കിലും അദ്ദേഹം പാടുമ്പോള്‍ അത് ക്യൂട്ടായിരിക്കും, അദ്ദേഹത്തിന്റെ സൊടക്ക് മേലെയെല്ലാം ട്രെന്‍ഡ് സെറ്ററുമാണല്ലോ...

Q

സൗബിനാണ് അമ്പിളിയുടെ വേഷം ചെയ്യുന്നതെന്നത് വരി എഴുതുന്നതിനെ സ്വാധീനിച്ചിരുന്നോ ?

A

അമ്പിളിയുടെ കഥ ആദ്യം കേള്‍ക്കുമ്പോള്‍ ആരാണ് അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നു, പക്ഷേ പിന്നെ സൗബിനാണ് ആ കഥാപാത്രം ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി, ഞാന്‍ ആരാധിക്കുന്ന നടന്‍ ആയത് കൊണ്ട് മാത്രമല്ല ഈ കഥാപാത്രം അദ്ദേഹത്തിന് വളരെയധികം ചേരുകയും ചെയ്യും. പല്ലവി ‘അമ്പിളി’ക്കും സൗബിന്‍ എന്ന നടനും വേണ്ടി എഴുതിയതാണ്, സൗബിന് ഒരു ‘ട്രിബ്യുട്ടും’ കൂടിയാണ് വരികള്‍. കാരണം സൗബിനെ പോലെ മറ്റൊരാളില്ല, സൗബിന്‍ സൗബിന്‍ തന്നെയാണ്, ആ ‘യുണിക്ക്‌നെസ്സ്’ അദ്ദേഹത്തിനുണ്ട്, എല്ലാത്തരത്തിലും ‘ഫ്‌ലെക്‌സിബിളാണ്’, എല്ലാവര്‍ക്കും അദ്ദേഹത്തിനെ ഇഷ്ടവുമാണ്, അദ്ദേഹത്തിന് ഒരു ‘ട്രിബ്യൂട്ട്’ എന്ന രീതിയിലാണ് ഈ പാട്ടിന്റെ പല്ലവി എന്റെ മനസിലുള്ളത്. അമ്പിളിക്ക് ചേരുന്ന പോലെ സൗബിനും പാട്ട്ചേരുമെന്ന് തോന്നി.

Q

പാട്ടിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട് ..

A

ഗപ്പിയില്‍ സിനിമ ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് പാട്ട് ഇറങ്ങിയത്, പിന്നീട് ഡിവിഡി റിലീസിന് ശേഷമാണ് പാട്ടുകള്‍ ഹിറ്റായതും, ഇവിടെ പാട്ട് ആദ്യമിറങ്ങി, അത് ഹിറ്റായി അത് കാരണം ആളുകള്‍ക്ക് സിനിമ കാണാന്‍ തോന്നുന്നുണ്ടെന്ന് പറയുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു, ഗപ്പിയില്‍ നടക്കാതെ പോയത് ഇവിടെ നടക്കുന്നതില്‍ സന്തോഷം. ഈ പാട്ടാണ് ടീസറായിട്ടിറക്കുന്നതെന്ന് അറിയില്ലായിരുന്നു. റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുന്നെ ജോണേട്ടന്റെ അടുത്ത് ചെന്നപ്പോഴാണ് വീഡിയോ കാണിച്ചു തന്നത്. അപ്പോള്‍ സൗബിന്റെ ഡാന്‍സും ആ ഫ്രഷ്‌നെസ്സുമെല്ലാം കണ്ടപ്പോള്‍ തന്നെ പാട്ട് ഹിറ്റായിരിക്കും എന്ന് ഉറപ്പിച്ചു. ടീസറിന് കിട്ടിയ സ്വീകാര്യതയാണ് അതിന്റെ ഫുള്‍ ലിറിക്‌സ് വീഡിയോ ഇറക്കാനും കാരണം.

Q

ഗപ്പിയിലെ പാട്ട് പിന്നീട് പലയിടത്തും ടൊവിനോയുടെ ഇന്‍ട്രോ സോങ്ങ് ആയി മാറിയിട്ടുണ്ട്, ജാക്‌സണല്ലാടാ ഇനി സൗബിന്റെ ഇന്‍ട്രോ സോങ്ങാകുമോ ?

A

അങ്ങനെ മാറും എന്നാണ് പ്രതീക്ഷ, ആളുകള്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന വാക്കുകളാളല്ലോ, എന്താണ് ഇതിന്റെ അര്‍ഥം എന്ന് രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ല, അത്രയ്ക്ക് സിമ്പിള്‍ ആയ്ത് കൊണ്ട് ആളുകള്‍ക്ക് ഇഷ്ടമാകുന്നു. ടിക് ടോക്കിലൊക്കെ ഇപ്പോള്‍ തന്നെ വന്നു തുടങ്ങിയെന്നാണ് അറിയുന്നത്. ഇതും ട്രെന്‍ഡ് സെറ്റിങ്ങാവും എന്നു കരുതുന്നു.

പാട്ടിന്റെ മുഴുവന്‍ വരികള്‍

ഞാന്‍ ജാക്‌സണല്ലടാ ന്യൂട്ടണല്ലടാ ജോക്കറല്ലടാ

മൂണ്‍വാക്കുമില്ലടാ സ്റ്റാറുമല്ലടാ ഒന്നുമല്ലടാ

എന്നാലും നാട്ടാരേ ഇന്നാട്ടില്‍ ഞാന്‍ രാജാ

മത്താണേ കിക്കാണേ മച്ചാനേ ഈ പാട്ടിനു ഡാന്‍സ് കളി

ചിക് ചിക് ചിക് ചിക് ചിക് ചെയ്

ഒരു ചിരി തരണേ

ചിക് ചിക് ചിക് ചിക് ചിക് ചെയ്

കൈയ്യടിയുടെ മഴ തരണേ

ചിക് ചിക് ചിക് ചിക് ചിക് ചെയ്

കണ്ണെറിയരുതേ

ചിക് ചിക് ചിക് ചെയ്

വഴി തടയരുതേ

ഞാനോ നില്‍ക്കാത്ത ബെല്ലില്ലാ ബ്രേക്കില്ലാ സൈക്കിള്‍ പോലോടുന്നേ എങ്ങും

കേള്‍ക്കാത്ത സംഗീതമേറുന്നേ

.

.

പരപരപരപരപെയ് കുഴല്‍വിളിയെവിടെ

വരിവരിവരിവരിയായ്

സുന്ദരിമാരിവിടിവിടേ

കടകടകടലിളകണപോല്‍

ജനമിവിടിവിടേ

പടപടപടയായ് തകിലടിയിവിടേ

വീണ്ടും

ഇന്നെന്റെ കൂടപ്പിറപ്പെന്റെ ഗ്രാമത്തണയുന്ന നാളില്‍

സ്വപ്നത്തിലാണെന്ന് തോന്നുന്നേ

.

.

ഞാന്‍ ജാക്‌സണല്ലടാ ന്യൂട്ടണല്ലടാ ജോക്കറല്ലടാ

മൂണ്‍വാക്കുമില്ലടാ സ്റ്റാറുമല്ലടാ ഒന്നുമല്ലടാ

എന്നാലും നാട്ടാരേ ഇന്നാട്ടില്‍ ഞാന്‍ രാജാ

മത്താണേ കിക്കാണേ മച്ചാനേ ഈ പാട്ടിനു ഡാന്‍സ് കളി

Related Stories

No stories found.
logo
The Cue
www.thecue.in