ആണ്‍/പെണ്‍ ഏകാന്തതയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍, മതിലുകൾ: ലൗ ഇൻ ദ റ്റൈം ഓഫ് കൊറോണ

ആണ്‍/പെണ്‍ ഏകാന്തതയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍, മതിലുകൾ: ലൗ ഇൻ ദ റ്റൈം ഓഫ് കൊറോണ

ഏകാന്തത എക്കാലവും മനുഷ്യരുടെ ജീവിതത്തെ അടിമുടി പുതുക്കിപ്പണിയുന്നു. സ്വയം സൃഷ്ടിക്കുന്നതു മുതല്‍ ഭരണകൂടത്താല്‍ നിയന്ത്രിയതമായ ക്രമങ്ങളും ഏകാന്തതയെ നിര്‍മ്മിക്കുന്നു. സമകാലിക അവസ്ഥയില്‍ കോവിഡിനാലുള്ള ഏകാന്തത നാളിതുവരെ മനുഷ്യര്‍ അനുഭവിക്കാത്തതും എല്ലാത്തരം വിശകലനങ്ങളെയും റദ്ദു ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. വ്യക്തി, സമൂഹം, ഭരണകൂടം എന്നിവ തമ്മിലുള്ള ബന്ധത്തെ പുതിയ സമവാക്യങ്ങളാല്‍ നിര്‍വഹിചിക്കുകയാണ് മഹാമാരിയായി മാറിയ വൈറസ്. രോഗ ഭീതിയില്‍നിന്നും ഇപ്പോഴും സമൂഹം വിമുക്തമായിട്ടില്ല. അതിജീവനത്തിനായുള്ള യാത്രയിലാണ് ലോകം. ഓരോ മഹാമാരികള്‍ എത്തുമ്പോഴും അതിന്‍റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട്. കോവിഡ് കാലത്തെ ഒറ്റപ്പെടലുകളെ, സൗഹൃദത്തിനായുള്ള ആഗ്രഹങ്ങളെ, മറഞ്ഞിരുന്ന് അനുഭവിക്കുന്ന പ്രണയത്തെ പൂര്‍ണമായും ആവിഷ്കരിക്കുന്ന സിനിമയാണ് അന്‍വര്‍ അബ്ദുള്ള രചനയും സംവിധാനയും നിര്‍വഹിച്ച മതിലുകള്‍(കൊറോണ കാലത്തെ പ്രണയം). വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനയെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയും സാക്ഷാത്കാരവും നിര്‍വഹിച്ച മതിലുകളുടെ അനുകല്‍പ്പനം (മറമുമേശേീി) എന്നു പറയാനാകില്ലെങ്കിലും അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പുനര്‍വായന എന്ന തരത്തിലും ഈ സിനിമയെ പരിഗണിക്കാവുന്നതാണ്. ബഷീറിന്‍റെ മറ്റു ചില കൃതികളും ഇതിന്‍റെ തിരക്കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്. സാഹിത്യ രചന നടത്തിയതിന്‍റെ പേരില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബഷീറിന്‍റെ അനുഭവങ്ങളാണ് അദ്ദേഹം മതിലുകള്‍ എന്ന പേരില്‍ നീണ്ട കഥയായി എഴുതിയത്. പുതിയ മതിലുകളില്‍ എത്തുമ്പോള്‍ പഴയതുമായി സമാനതകളുണ്ടെങ്കിലും സ്ഥലകാലങ്ങള്‍ (ജഹമരലഠശാല) വ്യത്യസ്തമാണ്. രണ്ടാം ലോക മഹായുദ്ധകാലത്തെ ഓര്‍മ്മകളും രാഷ്ട്രീയത്തടവിന്‍റെ ഏകാന്തതയും അതിലൂടെ വളരുന്ന പ്രണയവുമാണ് ബഷീര്‍ ആവിഷ്കരിച്ചതെങ്കില്‍ പുതിയ സിനിമയിലെത്തുമ്പോള്‍ കോവിഡ് കാലത്തിന്‍റെ ഒറ്റപ്പെടലുകളും അതിലൂടെ എത്തുന്ന പ്രണയവുമാണ് പ്രമേയമാകുന്നത്. പ്രണയത്തിന്‍റെ ആവിഷ്കാരത്തിലാണ് രണ്ടിനും സമാനതകളുള്ളത്. മതിലുകള്‍ക്കപ്പുറവും ഇപ്പുറവുമുള്ള പ്രണയമാണ് രണ്ടിലുമുള്ളത്. ബഷീറിന്‍റെ/അടൂരിന്‍റെ മതിലുകളില്‍ ഭരണകൂടത്താല്‍ നിര്‍മ്മിക്കപ്പെട്ട ഏകാന്തതയുടെ തടവുകാരാണ് ആണും പെണ്ണും. അവിടെ സഹതടവുകാര്‍ ഇരുവരുടെയും ഒപ്പമുള്ളതിനാല്‍ ഇരുമ്പഴിക്കുള്ളില്‍ മാത്രമേ ഒറ്റപ്പെടലിന്‍റെ അനുഭവത്തിന് നേര്‍സാക്ഷിയാകേണ്ടതുള്ളു. ഇവിടെ ഒരു മതിലിന് അപ്പുറവും ഇപ്പുറവും ആണും പെണ്ണും മാത്രമേയുള്ളു. മറ്റാരുമില്ല. മഹാമാരി സൃഷ്ടിച്ച ഒറ്റപ്പെടലിന്‍റെ വേദന, മരണ ഭയം, മാനസിക വിഹ്വലതകള്‍, വേദനകള്‍ ഇവയെല്ലാമാണ് ഇരുവരും പങ്കിടുന്നത്. മലയാളത്തിലെ സമാന്തര സിനിമാ നടത്തങ്ങളോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്നുണ്ട് ഈ മതിലുകളും. മനുഷ്യന്‍ അവനവനിലേയ്ക്ക് ചുരുങ്ങുന്ന കോവിഡ് കാലത്തും ചലച്ചിത്രം എങ്ങനെ സൃഷ്ടിക്കാം എന്ന പരീക്ഷണംകൂടിയാണ് ഈ സിനിമ. വിശാലമായ ക്യാന്‍വാസിലേക്ക് ചലിച്ചിരുന്ന ക്യാമറകള്‍ ഇപ്പോള്‍ നിശ്ചിത സ്ഥലത്തുമാത്രം ഉറപ്പിക്കപ്പെടുകയും പരിമിതമായ സൗകര്യങ്ങളില്‍നിന്നും കാര്യങ്ങളെ അവതരിപ്പിക്കാനുമാണ് പുതിയ സിനിമ ശ്രമിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്ലായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ കഴിയുമായിരുന്നില്ല.

സ്ഥലകാല സന്ദര്‍ഭങ്ങളില്ലാതെയാണ് കോവിഡ് ഭീതി പരത്തിക്കൊണ്ട് വ്യാപിക്കുന്നത്. സാമൂഹിക/ശാരീരിക ജീവിതാനുഭൂതികളില്ലാതെ സ്വയം നിര്‍മ്മിത 'ജയിലുകളില്‍' ഒറ്റയ്ക്ക് ദിവസങ്ങളൊളം കഴിയേണ്ടി വരുന്ന മനുഷ്യര്‍ കോവിഡ് കാലത്തിന്‍റെ പാഠമാണ്. അത്തരം അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന പ്രണയമാണ് ഈ സിനിമയുടെ പ്രത്യേകത. കോവിഡ് കാലത്ത് ഇറങ്ങിയ സിനിമ എന്ന അര്‍ത്ഥത്തില്‍ ദൃശ്യാഹ്ളാദ(്ശൗമെഹ ുഹലമൗൃലെ)ത്തിനൊപ്പം സൂക്ഷ്മതയില്‍ ചില രാഷ്ട്രീയ ചോദ്യങ്ങളും വിമര്‍ശനങ്ങളും സിനിമ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുമ്പോഴാണ് അവരവരിലേക്കും ചുറ്റുപാടുകളിലേക്കും കൂടുതല്‍ നോക്കുകയും മറ്റ് ജീവജാലങ്ങളെയും പ്രകൃതിയെയും തിരിച്ചറിയാന്‍ തുടങ്ങുന്നതെന്നുമുള്ള ജൈവപാഠമാണ് (organic text)മതിലുകള്‍. ഒരു കാലത്ത് സുരക്ഷയ്ക്കായി തീര്‍ക്കുന്ന മതിലുകള്‍ ഇപ്പോള്‍ മനുഷ്യര്‍ക്ക് അസ്വാതന്ത്ര്യത്തിന്‍റെ തടവറയാകുന്നു എന്നതും പ്രതിപാഠ(sub text)മാണ്. ദീര്‍ഘനാള്‍ കാരാഗൃഹത്തില്‍ കിടക്കുന്ന മനുഷ്യര്‍ പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ അവിടെ ജന്തുജീവ ജാലങ്ങള്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഇതു മതിലുകളും പങ്ക് വെയ്ക്കുന്നുണ്ട്. പാരസ്ഥിതിക പാഠത്തിന്‍റെ ആവശ്യകത എന്താണെന്ന് സൂചിപ്പിക്കുന്ന നിമിഷങ്ങളാണ് പക്ഷികളോടും പറവകളോടുമൊത്തുള്ള ഇരു നായകരുടെയും നിമിഷങ്ങള്‍ സൂചിപ്പിക്കുന്നത്. സമയമില്ലാതെ ഓടിക്കൊണ്ടിരുന്ന സമൂഹത്തിന്‍റെ വേഗത ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ സമയം കൂടുതല്‍ ലഭിക്കുകയും അതിനെ ലഘൂകരിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയുമാണ് എല്ലാവരും. ഇത്തരം അനുഭവത്തെയും തുറന്നു കാട്ടുന്ന തരത്തിലാണ് മതിലുകളുടെ ആഖ്യാനം. കോവിഡ് കാലത്തിറങ്ങിയ സിനിമകളിലധികവും സിംപിള്‍ നരേഷനിലൂടെ സങ്കീര്‍ണമായ വിഷയങ്ങളെ അവതിരിപ്പിക്കുന്നു. ഇത് പുതിയ മാറ്റമായി വിശകലനം ചെയ്യാവുന്നതാണ്.

ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളില്‍/വിരസതകളില്‍ ഒരു സഹചാരി കൂടെയുണ്ടാകുക എന്നത് മനുഷ്യന് ആവശ്യമാണെന്നതിനെ ദാര്‍ശനികമായി ബഷീര്‍ മുമ്പ് സ്ഥാപിച്ചതിനെ കൂടുതല്‍ ഉറപ്പിക്കുകയാണിവിടെ.

ശാരീരിക/സാമൂഹിക അകലം പുതിയ ശീലമാകുമ്പോള്‍

അതതു കാലത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളാണ് സിനിമയിലൂടെ ആവിഷ്കരിക്കപ്പെടുന്നത് എന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കോവിഡ് കാലത്തിന്‍റെ സന്ദിഗ്ധതകളാണ് മതിലുകളിലുള്ളത്. വീടുകള്‍ തടവറകളാകുന്ന അപൂര്‍വ അനുഭവം കോവിഡിലൂടെ സംഭവിക്കുന്ന ഒന്നാണ്. ശാരീരിക/സാമൂഹിക അകലം എന്നത് സാമൂഹിക/മാനസിക ഘടനയെ തിരുത്തുകയും കോവിഡനന്തരം അറിയാതെ തന്നെ ഇത്തരം ശീലങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുക സ്വാഭാവികമായിരിക്കും.

കോവിഡ് ഏറ്റവും വേദനയാര്‍ന്ന അനുഭവം നല്‍കുന്നത് പ്രവാസികള്‍ക്കാണ്. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ തൊഴില്‍ തേടി കേരളത്തില്‍നിന്നും പല രാജ്യങ്ങളിലുമെത്തിയവര്‍ തിരിച്ചു വരാന്‍ ശ്രമിക്കുന്നതും അവര്‍ക്ക് വരാന്‍ കഴിയാത്തതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമാണ്. ഇവിടെ എത്തിയാല്‍ തന്നെ വീട്ടിലുള്ളവരെ കാണണമെങ്കില്‍ കുറെ ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ട അവസ്ഥയും ദു:ഖകരമായിരുന്നു. വരാനുള്ളവരുടെ വെപ്രാളം അതിനുമപ്പുറമുള്ള അനുഭവമാണ്. വന്നവര്‍ക്കാകട്ടെ തൊഴില്‍ നഷ്ടപ്പെട്ടതിന്‍റെ വേദനയും ഇനിയും തിരിച്ചുപോകാനാകുമോയെന്ന ആശങ്കയും. മതിലുകളിലെ പ്രവാസിയും വീട്ടുകാരെ കാണാന്‍ കഴിയാത്തതിന്‍റെ വേദന അനുഭവിക്കുന്നുണ്ട്.

കൊറോണ വൈറസ് സര്‍വ ഇടങ്ങളിലും പടരുന്ന സാഹചര്യത്തില്‍ 2020 മാര്‍ച്ചിലാണ് ഇന്ത്യ ആദ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ കിട്ടിയ ഫ്ളൈറ്റുകയളില്‍ അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. ഇവിടെ എത്തിയ പലര്‍ക്കും 28 ദിവസമാണ് ക്വാറന്‍റീനില്‍(സമ്പര്‍ക്ക വിലക്ക്) ഇരിക്കേണ്ടി വന്നത്. സമാനമായ അനുഭവത്തില്‍, പ്രവാസജീവിതത്തിനിടയില്‍ നാട്ടിലെത്തേണ്ടി വന്നയാളുടെ ഒരു മാസത്തെ ഏകാന്ത ജീവിതമാണ് മതിലുകള്‍ പങ്കുവെയ്ക്കുന്നത്. സംവിധായകന്‍ (അന്‍വര്‍ അബ്ദുള്ള) തന്നെ അതേ പേരില്‍ പ്രധാന കഥാപാത്രമായി (പ്രവാസിയായ മധ്യവയസ്കന്‍) മാറുന്ന സിനിമയാണിത്. നിരവധി പേരുടെ സംഭാഷണങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ടെങ്കിലും സിനിമയില്‍ ദൃഷ്യപ്പെടുന്നത് പ്രവാസിയായ മധ്യവയസ്കന്‍ മാത്രമാണ്. പൂര്‍ണമായും കോവിഡ് കാല സിനിമയാണിത്. ഭാര്യയും മക്കളും കൊറോണ വന്നതോടെ പാലക്കാട്ടേയ്ക്ക് പോയി. ഗള്‍ഫിലും വിമാനത്താവത്തിലുമെല്ലാം പരിശോധനയും ക്വാറന്‍റീനും കഴിഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകനും സുഹൃത്തും ചേര്‍ന്നാണ് ഇവിടെ എത്തിച്ചത്. വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണതിന്‍റെ ആശ്വാസത്തില്‍ പ്രവാസി മാസ്ക് മാറ്റുന്നത്. ഒരു മുറിക്കുള്ളില്‍ അടച്ചിട്ട് ദ്വീര്‍ഘകാലം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്നത് എക്കാലത്തെയും സത്യമാണ്. വലിയ രണ്ടു നില വീട്ടില്‍ കഴിയുന്ന പ്രവാസിയ്ക്ക് ആകെയുള്ള ആശ്വാസം കൈയിലെ മൊബൈല്‍ ഫോണാണ്. നേരം വെളുക്കും മുമ്പെ എന്നും വീട്ടിനരികത്ത് എത്തുന്നത് പത്രവിതരണക്കാരന്‍ മാത്രമാണ്. ക്വാറന്‍റീനിലായതിനാല്‍ ആരും അന്വേഷിച്ചും വരാറില്ല.

കൂറ്റന്‍ മതിലുകളാല്‍ ബന്ധിതമായ വീടിന്‍റെ ഗേറ്റ് അകത്തുനിന്നും പുറത്തുനിന്നും പൂട്ടിയിരിക്കുകയാണ്. പ്രവാസിയെ അകത്താക്കിയശേഷം വന്ന ദിവസം തന്നെ ഗേറ്റെല്ലാം പൂട്ടിയാണ് സുഹൃത്തും ആരോഗ്യപ്രവര്‍ത്തകനും മടങ്ങിയത്.

ദിവസങ്ങള്‍ കഴിയുന്തോറും തന്‍റെ ഏകാന്തത കൂടുതല്‍ പ്രശ്നമാകുന്നത് അയാള്‍ തന്നെ തിരിച്ചറയിയുന്നു. ഒറ്റപ്പെടല്‍ നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ വേദനയെന്ന് അയാള്‍ വിചാരിക്കുന്നു. ഭക്ഷണത്തിനോട് പോലും വലിയ താല്‍പര്യമില്ലായ്മ, രാവിലെ ഉണരാന്‍ മടി അങ്ങനെ പഴയ ശീലങ്ങള്‍ മാറി മറിയുന്നു. ജനാലയിലൂടെ ദൂരേയ്ക്ക് നോക്കുമ്പോള്‍ വിശാലമായ തെങ്ങിന്‍തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും അയാള്‍ കാണുന്നു. ഇതോടെ അയാള്‍ വീടിന് പുറത്തിറങ്ങുകയും പക്ഷികളോടും പറവകളോടുമെല്ലാം വര്‍ത്തമാനം പറഞ്ഞ് സന്തോഷം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ജയിലില്‍വെച്ച് അണ്ണാറക്കണ്ണനോട് കൂട്ടുകൂടുന്ന ബഷീറിനെപ്പോലെ ഇയാളും പക്ഷികളോട് സംസാരിക്കുന്നുണ്ട്. അതിന് സമാനമായ നിരവധി രംഗങ്ങളും സംഭാഷണങ്ങളും ഈ സിനിമയുടെയും ഭാഗമാണ്. വീട്ടിന്‍റെ രണ്ടാം നിലയില്‍വെച്ച് ബലൂണുകള്‍ തട്ടിക്കളിക്കുന്നതിനിടെ തന്‍റെ മൊബൈല്‍ നഷ്ടമാകുന്നതോടെ അയാള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് വീഴുന്നു. ഇടയ്ക്ക് കാര്യങ്ങള്‍ അന്വേഷിച്ചെത്തുന്ന സുഹൃത്തിനോട് മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നില്ല. ഇടയ്ക്കിടെയുള്ള ഭാര്യയുടെ വിളിയും ഇതോടെ ഇല്ലാതായി. ഭാര്യയെയും കുട്ടികളെയും കാണാന്‍ കഴിയാത്തതിന്‍റെ വേദനകള്‍ അയാളെ അലട്ടുന്നുണ്ടെങ്കിലും കൊറോണയുടെ പ്രോട്ടോക്കോള്‍ അതിനെയെല്ലാം റദ്ദ് ചെയ്യുകയാണ്. നേരില്‍ കാണാന്‍ കഴിയാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന നാലു പേരുടെയും ചിത്രങ്ങള്‍ നോക്കിയായിരുന്നു അയാള്‍ ആശ്വാസം കണ്ടെത്തിയത്. രാത്രിയുടെ നിശബ്ദതയും പട്ടികളുടെ കുരയുമെല്ലാം ഭയത്തിന്‍റെ അവസ്ഥകളെ സൃഷ്ടിക്കാറുണ്ട്. രണ്ടാം നിലയില്‍നിന്നും താഴേയ്ക്ക് നോക്കുമ്പോള്‍ മുറ്റത്തൂടെ മകന്‍ സൈക്കിള്‍ ചവിട്ടുന്നത് ഓര്‍മ്മയിലെത്തും. മദ്യശാലകള്‍ അടച്ചു പൂട്ടിയതോടെ അതും ഇല്ലാതായി. ബഷീറിന്‍റെ സമ്പൂര്‍ണ കൃതികളും മറ്റു പുസ്തകങ്ങള്‍ വായിച്ചു അയാള്‍ സമയത്തെ പിന്നിലാക്കുന്നു. എന്നിട്ടും ഏകാന്തത മറി കടക്കാന്‍ കൂട്ടുകാരോട് മദ്യം കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും അതിന്‍റെയും സാധ്യത അടയുന്നു. മദ്യം കിട്ടാന്‍ നിവര്‍ത്തിയില്ലാതായതോടെ വീട്ടിലിരുന്ന കുപ്പിയില്‍നിന്നും ഉള്ളതെല്ലാം ഊറ്റിക്കുടിക്കുന്ന രംഗവുമുണ്ട്. ലോക്ഡൗണ്‍ പലതരം അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ കാഴ്ചകളാണിത്.

വിരസമായി ദിവസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു വീഴവെ ചില രാത്രികളിലും പകലുകളിലും അയാള്‍ ഒരു സ്ത്രീയുടെ ചിരി കേള്‍ക്കുന്നു. എന്നാല്‍ ആരെയും കാണാന്‍ കഴിയുന്നില്ല. അങ്ങനെ പറമ്പിലൂടെ പക്ഷികളോടെല്ലാം വര്‍ത്തമാനം പറഞ്ഞു നടക്കുന്ന സമയത്താണ് ഉയര്‍ത്തിക്കെട്ടിയ മതിലിനപ്പുറത്തുനിന്നും അതേ ചിരി വീണ്ടും കേള്‍ക്കുന്നത്. അങ്ങനെ അവര്‍ അതിരുകള്‍ക്കപ്പുറവും ഇപ്പുറവും നിന്നു പരിചയപ്പെടുന്നു. അവരുടെ സൗഹൃദം വളരെ വേഗത്തില്‍ പ്രണയമായി മാറുന്നു. ഇവിടെയും നായികയുടെ പേര് നാരായണി എന്നാണ്. നാല്‍പ്പതുകളില്‍ ബഷീര്‍ സൃഷ്ടിച്ച നാരായണിയുടെ സ്ഥലകാലത്തുനിന്നും 2021 ലെ നാരായണി പ്രായംകൊണ്ടും സംഭാഷണങ്ങളിലെ സാമ്യംകൊണ്ടും മാത്രമാണ് ഒരുപോലെയാകുന്നത്. ബഷീറിന്‍റെ നാരായണി തടവുകാരിയും ഇവിടുത്തെയാള്‍ വീട്ടുജോലി ചെയ്യുന്ന നാടോടിയുമാണ്. പഴയ നാരായണിക്ക് ചുറ്റും തടവുകാരായി നിരവധി സ്ത്രീകളാണുള്ളത്. ഈ നാരായണി ഒറ്റയ്ക്കാണ്. കോറൊണ വന്നതോടെ എല്ലാവരും വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് പോയി. അങ്ങനെ അവരുടെ നേരിട്ടല്ലാതെയുള്ള കൂടിക്കാഴ്ച ഒടുവില്‍ മധ്യവയസ്കരുടെ കൊറോണ കാലത്തെ പ്രണയമായി മാറുകയും ഇരുവരും ഏകാന്തതയെ മുറിച്ചു കടക്കുകയുമാണ്. ബഷീറിന്‍റെ നാരായണിയുടെ ചോദ്യങ്ങള്‍ക്കൊപ്പം സമകാലിക സന്ദര്‍ഭത്തിലെ പ്രണയമായതിനാല്‍ കൊറോണയും അവരുടെ സംഭാഷണങ്ങളിലെ വിഷയമാകുന്നു. ഒരിക്കലും നേരില്‍ കാണാന്‍ കഴിയില്ലെന്നും തിരിച്ചറിഞ്ഞിട്ടും അവരുടെ പ്രണയം തീവ്രമാകുന്നു. ബഷീറിന്‍റെ മതിലുകളില്‍ തടവുകാരായ ഇരുവരും ആശുപത്രിയില്‍വെച്ച് കാണാനിരിക്കുമ്പോഴാണ് ബഷീറിന് ജയില്‍മോചനം ലഭിക്കുന്നത്. അങ്ങനെ അവരുടെ കൂടിക്കാഴ്ചയുടെ സാധ്യതകള്‍ അടയുന്നതോടെയും ഇവിടെ നാരായണിയെ കാണാതാകുന്നതോടെയുമാണ് സിനിമ അവസാനിക്കുന്നത്. നാരായണി വരാറുള്ള സ്ഥലത്തേക്ക് നോക്കയിരിക്കുന്ന അയാള്‍ കാണുന്നത് കൂട്ടത്തോടെ എത്തിയ കാക്കകളുടെ ശബ്ദത്തിലുള്ള കരച്ചിലാണ്. നാരായണിക്ക് എന്തോ അത്യാഹിതം സംഭവിച്ചിരിക്കാം എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. അങ്ങനെ പ്രണയത്തിന്‍റെ വേദനയായി നാരായണി മാറുന്നു. ബഷീര്‍ നാരായണി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോഴുള്ള സംശയങ്ങള്‍ ഇവിടെയും ഉയരാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ നാരായണി ഉണ്ടായിരുന്നോ? അതോ ഇരുവരുടെയും തോന്നലുകളായിരുന്നോ? ഇരു മതിലുകളും ഇത്തരം സന്ദേഹങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അവസാനിക്കുന്നത്. ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളില്‍/വിരസതകളില്‍ ഒരു സഹചാരി കൂടെയുണ്ടാകുക എന്നത് മനുഷ്യന് ആവശ്യമാണെന്നതിനെ ദാര്‍ശനികമായി ബഷീര്‍ മുമ്പ് സ്ഥാപിച്ചതിനെ കൂടുതല്‍ ഉറപ്പിക്കുകയാണിവിടെ.

ഭാവുകത്വപരമായി വലിയ മാറ്റങ്ങളൊന്നും സിനിമ പങ്കുവെയ്ക്കുന്നില്ലെങ്കിലും സങ്കീര്‍ണമായ കാലത്തെ ബന്ധങ്ങളുടെ ആഴം, സൗഹൃദത്തിന്‍റെ അടയാളപ്പെടുത്തല്‍ എന്നിവയൊക്കെ ഓര്‍മ്മപ്പെടുത്തുകയാണ്. കാഴ്ചയെ സൂക്ഷ്മായി പകര്‍ത്താന്‍ മുഹമ്മദ് എയുടെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയും രാത്രിയും പകലുമെല്ലാം സ്വാഭാവികതയില്‍ പകര്‍ത്തിയിട്ടുണ്ട്.
അന്‍വര്‍ അബ്ദുള്ള, മതിലുകള്‍ ചിത്രീകരണം
അന്‍വര്‍ അബ്ദുള്ള, മതിലുകള്‍ ചിത്രീകരണം

രാഷ്ട്രീയത്തിന്‍റെ സൂക്ഷ്മ ഇടപെടലുകള്‍

പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന തരത്തില്‍ രംഗങ്ങളൊന്നും ഇല്ലെങ്കിലും ചില സംഭാഷണങ്ങളിലൂടെ അത്തരം സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ഫാസിസത്തിനെക്കുറിച്ചുള്ള സുഹൃത്തിന്‍റെ ഫോണിലൂടെ ചോദ്യത്തിന് രസകരമായി മറുപടിയാണ് നല്‍കുന്നത്. 'ഫാസിസത്തിന് അയ്യായിരം വര്‍ഷത്തെ ചരിത്രമാണുള്ളത്'. 'ബഷീര്‍ പറഞ്ഞപോലെ അത് പല രൂപത്തിലും വരും' എന്നാണ് മറുപടി. പൗരത്വ പ്രശ്നത്തെക്കുറിച്ചും പറയുന്നുണ്ട്. ഇനിയും ഒന്നും എഴുതിയട്ടൊന്നും കാര്യമില്ലെന്നും ഒരു വൈറസ് എല്ലാത്തിനെയും കീഴടക്കുമെന്നും പറയുന്നുണ്ട്. ചാനല്‍ അവതാരകരുടെ അരാഷ്ട്രീയത എത്രമാത്രം അപകടകരമാണെന്നു തുറന്നു കാട്ടുന്ന ഒമ്പതുമണി ചര്‍ച്ച ആക്ഷേപ ഹാസ്യ രൂപത്തില്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുമായി നായകന്‍ തന്നെ അഭിനയിക്കുന്നു. മിമിക്രി താരങ്ങളെപ്പോലെ മൂന്നാളുകളുടെ ശബ്ദം ഇയാള്‍ തന്നെ അവതരിപ്പിക്കുന്നു. അഖില ഭാരതി സംസ്കൃതിയുടെ സംസ്ഥാന പ്രതിനിധി ഗോപാല്‍ ജി മാധവ് ജി, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍റെ നേതാവ് അര്‍ഷിദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചിലരുടെ അശ്രദ്ധ രാജ്യത്തിന് ബാധ്യതയായി തീരുന്നുവോ, വിശ്വാസം രക്ഷിക്കുകയാണോ അതോ ശിക്ഷിക്കുകയാണോ. ഈ വിഷയമാണ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തബ്ലീഗുകാരുടെ സമ്മേളനം നടന്നതോടെ കൊറോണ ഇന്ത്യയിലെങ്ങും പടര്‍ന്നു എന്ന ആക്ഷേപത്തോട് മാധവ് ജിയുടെ പ്രതികരണം എങ്ങനെയാണ് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന ഉത്തരം സംഘപരിവാര്‍ ബോധ്യങ്ങളെ ഉറപ്പിക്കുന്നതാണ്. മതേതരത്വവും സമാധാന ജീവിതവുമാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കൊറോണയെ പിടിച്ചു കെട്ടാന്‍ നമ്മളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുകയും വേണം. ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഇങ്ങനെയൊരു പകര്‍ച്ചവ്യാധി കണ്ടെത്താനാകുമോ. ഇത്തരമൊരു സാഹചര്യത്തില്‍ തബ്ലീഗ് സമ്മേളനത്തെക്കുറിച്ച് ഉയരുന്ന വിവാദങ്ങളില്‍ സംശയിക്കേണ്ടതില്ലേ എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി, എനനാല്‍ അര്‍ഷിദ് മാധവിജിയുടെ നിലപാടിനെ എതിര്‍ത്താണ് സംസാരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളുടെ അര്‍ത്ഥശൂന്യതയും ഇന്ത്യന്‍ രാഷ്ട്രീയത്തിന് സംഭവിക്കുന്ന ദിശാമാറ്റങ്ങളുമാണ് ഈ രംഗത്തിലൂടെ ആവിഷ്കരിക്കുന്നത്.

ഭാവുകത്വപരമായി വലിയ മാറ്റങ്ങളൊന്നും സിനിമ പങ്കുവെയ്ക്കുന്നില്ലെങ്കിലും സങ്കീര്‍ണമായ കാലത്തെ ബന്ധങ്ങളുടെ ആഴം, സൗഹൃദത്തിന്‍റെ അടയാളപ്പെടുത്തല്‍ എന്നിവയൊക്കെ ഓര്‍മ്മപ്പെടുത്തുകയാണ്. കാഴ്ചയെ സൂക്ഷ്മായി പകര്‍ത്താന്‍ മുഹമ്മദ് എയുടെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയും രാത്രിയും പകലുമെല്ലാം സ്വാഭാവികതയില്‍ പകര്‍ത്തിയിട്ടുണ്ട്. വിഷ്വലിനെ പൂര്‍ണമാക്കുന്ന തരത്തിലുള്ള രാജ് കുമാര്‍ വിജയിയുടെ പശ്ചാത്തല സംഗീതവും റോബര്‍ട്ട് ഫോസ്റ്റിന്‍റെയും സച്ചിദാനന്‍റെയും സിസ്റ്റര്‍ മേരി ബനീജ്ഞയുടെയും കവിതകളും സിനിമയുടെ സവിശേഷതയാണ്. ഇവിടെ പുരുഷന്‍റെ ഏകാന്തയെ കേന്ദ്രീകരിക്കുമ്പോള്‍ കോവിഡ് കാലം പുരുഷനേക്കാള്‍ ഏകാന്തതയുടെ ഭാരം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ട് സ്ത്രീ-പുരുഷ ഏകാന്തതയെ രണ്ടായി കാണണം എന്ന വിമര്‍ശനം കൂടി ഈ സിനിമയുടെ കാഴ്ചയുടെ ഭാഗമാകേണ്ടതു തന്നെയാണ്. ചില രംഗങ്ങളില്‍ നാടകീയത കടന്നു വരുന്നുണ്ടെങ്കിലും കാഴ്ചയില്‍ ചില സൂക്ഷ്മാലോചനകള്‍ക്ക് സിനിമ ഇടം നല്‍കുന്നുണ്ട്.

മതിലുകൾ - ലൗ ഇൻ ദ റ്റൈം ഓഫ് കൊറോണ OTT പ്ലാറ്റ്ഫോമുകളിൽ

https://www.firstshows.com/movie/mathilukal

https://m.limelightmedia.org/link?s=1ezuZlUoq&a=p

https://zinea.in/wshare/113.php

https://play.google.com/store/apps/details?id=com.rootsvideo

മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്‌

No stories found.
The Cue
www.thecue.in