Paatal Lok Review: പാതാള്‍ ലോക്, ചിരിക്കുന്നത് വ്യാസനല്ല, വ്യവസ്ഥിതിയാണ്

വിവേചനത്തിന്റെ ത്രിലോക യാഥാര്‍ഥ്യങ്ങള്‍
Paatal Lok Review: പാതാള്‍ ലോക്, ചിരിക്കുന്നത് വ്യാസനല്ല, വ്യവസ്ഥിതിയാണ്
Summary

Paatal LokDirectors - Avinash Arun, Prosit Roy

Creator - Sudip Sharma

Cast - Jaideep Ahlawat, Neeraj Kabi, Gul Panag, Ishwak Singh, Abhishek Banerjee, Swastika Mukherjee, Niharika Lyra Dutt

Amazon Prime Video / Web Series

'ഇന്ത്യ എന്ന ഈ രാജ്യത്തിന് അകത്തുള്ള പല ഇന്ത്യകളെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. നമ്മള്‍ എവിടെയാണ് ജീവിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു: നമ്മള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം, എടുക്കാന്‍ കഴിയുന്ന തീരുമാനങ്ങള്‍, കൈവരുന്ന അധികാരം, എല്ലാം മാറുന്നു,' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടിയ ക്രൈം-ത്രില്ലര്‍ സീരീസ് 'പാതാള്‍ ലോക്' -ന്റെ (Pataal Lok) സ്രഷ്ടാവായ സുധീപ് ശര്‍മ്മ (Sudip Sharma) ഒരു അഭിമുഖത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ സമകാലിക ഇന്ത്യയോട് ചേര്‍ത്തുവെക്കുമ്പോള്‍ ഏറെ പ്രസക്തമാവുകയാണ്. ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിക്കുള്ളില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗ-അധികാര ശ്രേണിയെ ഒരു കുറ്റാന്വേഷണ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയും, അതിലെ കഥാപാത്രങ്ങളിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയുമാണ് 'പാതാള്‍ ലോക്'. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും, അത് സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളെയും, ഇതിനോടെല്ലാം അനുബന്ധമായി രൂപപ്പെട്ട പൊതു വ്യവഹാരത്തെയും സൂക്ഷ്മമായി പിന്തുടരുന്ന ഒരാള്‍ക്ക് സുധീപ് ശര്‍മ്മ ഒരുക്കുന്ന ഒന്‍പത് എപ്പിസോഡുകളുള്ള ഈ സീരീസ് നമ്മുക്ക് ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളുടെ സമാഹാരമാണ് എന്ന് മനസിലാക്കാം..

താരപരിവേഷമുള്ള ഒരു വാര്‍ത്താ ചാനല്‍ അവതാരകനായ സഞ്ജീവ് മെഹ്റ -യെ (Sanjeev Mehra) കൊലപ്പെടുത്താനായി നിയോഗിക്കപ്പെട്ട നാലംഗ സംഘത്തെ ഡല്‍ഹി പോലീസ് പിന്തുടര്‍ന്ന് പിടികൂടുന്നു. ഡെപ്യൂട്ടി കമ്മീഷണറും സംഘവുമാണ് അവരെ പിടികൂടുന്നതെങ്കിലും ഔട്ടര്‍ ജമുനപാര്‍ സ്റ്റേഷന്‍ (Outer Jamuna Paar) പരിധിയിലുള്ള യമുന പാലത്തില്‍ വച്ച് നടന്ന അറസ്റ്റ് ആയതുകൊണ്ട്, കേസിന്റെ അന്വേഷണ ചുമതല ഇന്‍സ്പെക്ടര്‍ ഹാഥിറാം ചൗധരി -ലേക്ക് (Hathiram Choudary) എത്തുന്നു. അയാളോടൊപ്പം ഇമ്രാന്‍ അന്‍സാരി -യും (Imran Ansari) അന്വേഷത്തില്‍ പങ്കാളിയാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട പോലീസ് ജീവിതത്തില്‍ ആദ്യമായാണ് രാജ്യവ്യപകമായി ശ്രദ്ധിക്കപ്പെടുന്ന ഒരു കേസ് ഹാഥിറാമിലേക്ക് എത്തുന്നത്. ഇതുപോലെ ഒരു കേസ് തെളിയിച്ചാല്‍ മാത്രമേ ഡല്‍ഹിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജോലിയില്‍ എന്തെങ്കിലും ഒരു ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ എന്നാണ് ഹാഥിറാം അന്‍സാരിയോട് പറയുന്നത്. വിശാല്‍ ത്യാഗി (Vishal Tyagi), ടോപ്പ് സിംഗ് (Tope Singh), കബീര്‍ എം (Kabir M), മേരി ലിങ്ടണ്‍ (Mary Lyngdon) എന്നിവരെയാണ് സഞ്ജീവ് മെഹ്റ വധശ്രമത്തിന്റെ പേരില്‍ പോലീസ് പിടികൂടിയിരിക്കുന്നത്. ഉത്തരേന്ത്യയുടെ പല ഭാഗത്ത് നിന്ന് വന്നവരാണ് ഇവര്‍, പരസ്പരം ഇതിനു മുന്‍പ് തമ്മില്‍ അറിയുകയും ഇല്ല. ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഡി.സി.പി ഭഗത് അടങ്ങുന്ന സംഘം ഇവരെ പിന്തുടര്‍ന്ന് ചെന്ന് അറസ്റ്റ് ചെയ്യുന്നത്.

ആരാണ് ഈ നാലുപേര്‍? എന്തിനാണ് ഇവര്‍ സഞ്ജീവ് മെഹ്റയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്? ആരാണ് ഇവരെ അതിനായി നിയോഗിച്ചത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണമാണ് പിന്നീട് നടക്കുന്നത്. സാധാരണ ക്രൈം ത്രില്ലര്‍ സിനിമ-സീരീസുകള്‍ പോലെ ഒരു തുടക്കം ആണെങ്കിലും, കുറ്റം തെളിയിക്കല്‍ എന്നതിനപ്പുറം ഈ നാലുപേരിലൂടെ വര്‍ത്തമാനകാല ഇന്ത്യയിലേക്കാണ്, അല്ലെങ്കില്‍ ഇന്ത്യകളിലേക്കാണ്, നമ്മള്‍ മിഴി തുറക്കുന്നത്. ത്യാഗി -ലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒരു സുരക്ഷിതത്വവും ഇല്ലാതെ, നിരന്തരം പലതരം അതിക്രമങ്ങള്‍ക്കും ഇരയാകുന്ന പെണ്‍കുട്ടികളുടെ ജീവിതങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും കണ്മുന്നില്‍ വെച്ച് ബീഫ് കഴിച്ചതിന്റെ പേരില്‍ ആള്‍കൂട്ടകൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ഭയവും അരക്ഷിതത്വവും കബീറിന്റെ കഥയിലൂടെ കാണാം. ജാതി വിവേചനത്തിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ സമൂഹ മധ്യത്തില്‍ വേട്ടയാടപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകള്‍ ടോപ്പ് സിങിലൂടെ നമ്മള്‍ ഒരിക്കല്‍ കൂടി കണ്ടറിയുന്നു. മേരിയിലൂടെ ചെറുപ്രായത്തില്‍ തന്നെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധത എന്നീ വിഷയങ്ങളിലേക്കും കാഴ്ച്ചകള്‍ എത്തുന്നുണ്ട്. ഈ നാലുപേരുടെ ഭൂതകാലത്തിലൂടെയും, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളിലേക്ക് അവരെ നയിച്ച ജീവിത സാഹചര്യങ്ങളിലൂടെയും കഥ പുരോഗമിക്കുകയാണ്.

'ഹിസ്റ്ററി ഓഫ് വയലന്‍സ്' (History of Violence) എന്ന മൂന്നാമത്തെ എപ്പിസോഡാണ് ഈ സീരിസിലെ ഏറ്റവും നിര്‍ണായകമായ അധ്യായം എന്ന് പറയാം. ഉത്തര്‍ പ്രദേശിലെ ചിത്രകൂടില്‍ (Chitrakoot) എത്തുന്ന ഹാഥിറാം ത്യാഗിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ്. അയാളുടെ അന്വേഷണങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഏറ്റവും സ്വാധീനമുള്ള ഒരു ദേശത്തിന്റെ വര്‍ത്തമാനകാല ചരിത്രവും യാഥാര്‍ഥ്യവും നമ്മള്‍ അറിയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തീവ്രവലതു പക്ഷത്തിന്റെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് ശ്രീരാമന്‍ ലങ്കയിലേക്ക് പോകുന്നതിനു മുന്‍പ് വിശ്രമിച്ച ചിത്രകൂട് അടക്കമുള്ള യു.പി -ലെ പല സ്ഥലങ്ങളും. 'ഹിന്ദുത്വ' -യുടെ പല ബിംബങ്ങളും, മനുഷ്യ സമൂഹത്തിന്റെ വര്‍ഗീയ പരിവര്‍ത്തനങ്ങളും ഞെട്ടലോടെ നമ്മുടെ മുന്നിലേക്ക് വരുന്നു. ടോപ്പ് സിംഗിനെ കുറിച്ചറിയാന്‍ അന്‍സാരി പഞ്ചാബിലേക്കാണ് യാത്ര തിരിക്കുന്നത്. കീഴ്ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ നിത്യവും മേല്‍ജാതിക്കാരുടെ വിവേചനം നേരിടുന്ന ടോപ്പ് സിങ്ങിലൂടെ ജാതിരാഷ്ട്രീയത്തിലേക്കും, പൈശാചിമായ സാമൂഹിക കാഴ്ച്ചപ്പാടുകളിലേക്കും അന്വേഷണങ്ങള്‍ എത്തിച്ചേരുകയാണ്. ജാതിയുടെ പേരില്‍ നടക്കുന്ന പല അതിക്രമങ്ങള്‍ക്കും ഒടുവില്‍ ഇരയാകുന്നത് സ്ത്രീകളാണ് എന്ന യാഥാര്‍ഥ്യവും നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്. ഹിംസയുടെ പല മുഖങ്ങളാണ് ഈ രണ്ട് അന്വേഷണങ്ങളിലൂടെ വെളിവാകുന്നത്. സമൂഹത്തില്‍ നടക്കുന്ന 'വയലന്‍സിന്റെ' വേരുകള്‍ തേടി പോകുന്നവര്‍ ചെന്നെത്തി നില്‍ക്കുന്നത് അതിന് വഴിയൊരുക്കുന്ന രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയിലേക്ക് (oscio-political system) തന്നെയാണ്. ജീവിതസാഹചര്യങ്ങളാണ് ഓരോരുത്തരെയും ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് പറയാന്‍ ആണ് നമ്മുടെ വ്യവസ്ഥിതിക്ക് ഇഷ്ടം. കാരണം വര്‍ഗ്ഗവിവേചനത്തെ, സാമ്പത്തിക അസമത്വത്തെ, ജാതി വിവേചന വ്യവസ്ഥയെ, വര്‍ഗീയതയെ, ലൈംഗിക അക്രമങ്ങളെ, ന്യൂനപക്ഷ വിരുദ്ധതയെ, ലിംഗവിവേചനത്തെ എല്ലാം നൂറ്റാണ്ടുകളായി ന്യായീകരിക്കുന്നതും നിലനിര്‍ത്തുന്നതും ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയും, അതിനെ താങ്ങിനിര്‍ത്തുന്ന അധീശ-ഭരണ വര്‍ഗ്ഗമാണ്.

ഇതൊന്നും ചോദ്യം ചെയ്യപ്പെടരുത്, മറിച്ച്, സാഹചര്യങ്ങളെ ഓര്‍ത്തു വിലപിക്കുക മാത്രമേ ആകാവൂ എന്നതാണ് പൊതുവായി അംഗീകരിക്കപ്പെട്ട വിശ്വാസം. പിഴുതെറിയാനുള്ള വിവേചനത്തിന്റെ വേരുകള്‍ക്ക് വ്യവസ്ഥിതിയുടെ ഉത്ഭവത്തോളം പഴക്കമുണ്ടെന്നിരിക്കെ ആ ശ്രമത്തെ അസാധ്യം എന്ന് പറഞ്ഞ് തള്ളി കളയാനാണല്ലോ നമ്മളെ ശീലിപ്പിച്ചിട്ടുള്ളത്. അന്‍സാരിയെ കുറിച്ച് പോലീസ് സ്റ്റേഷനില്‍ ഇരുന്നുകൊണ്ട് സഹപ്രവര്‍ത്തകര്‍ സംസാരിക്കുന്ന കാര്യങ്ങള്‍, സിവില്‍ സര്‍വീസ് പരീക്ഷയുടെ തയാറെടുപ്പിനായുള്ള 'മോക്ക് അഭിമുഖങ്ങളിലെ' ചോദ്യങ്ങളില്‍, മുസ്ലിം നാമധാരിക്ക് പാകിസ്ഥാനുമായും ഐ.എസ.ഐ -യുമായും ബന്ധം ചാര്‍ത്തപ്പെടുമ്പോള്‍, പിന്നെ മകനെ മുസ്ലിമായി വളര്‍ത്താന്‍ ഭയക്കുന്ന അച്ഛനിലും സമകാലിക ലോകത്തിന്റെ പൊതുബോധത്തില്‍ കലര്‍ന്നിരിക്കുന്ന മുസ്ലിം വിരുദ്ധതയും, ആ വിദ്വേഷത്തില്‍ നിന്ന് ഉടലെടുക്കുന്ന ഭയവും നിഴലിക്കുന്നുണ്ട്. വടക്കു-കിഴക്കന്‍ ഇന്ത്യയിലെ ആളുകളോടുള്ള വംശീയമായ വിദ്വേഷവും, പരിഹാസങ്ങളും, അവര്‍ നേരിടുന്ന അധിക്ഷേപങ്ങളും ചൂഷണങ്ങളും 'ചീനി' (Cheeni) എന്ന മേരിയുടെ ജീവിതത്തിലൂടെ കാണാം. 'ചീനി' എന്ന പേരിലും, പിന്നീട് കുട്ടികാലത്ത് 'ചൈനീസ് ദേവി' -യായി (Chinese Goddess) നിസാമുദ്ദിന്‍ സ്റ്റേഷനില്‍ എത്തുമ്പോഴും, തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും മേരിയുടെ ജീവിതം പലതരം സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്.

പുരാണ മിത്തുകളിലെ ത്രിലോക സങ്കല്‍പം പോലെയാണ് മനുഷ്യ സമൂഹങ്ങള്‍ എന്ന് തുടക്കത്തില്‍ ഹാഥിറാം പറയുന്നുണ്ട്. ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ലുത്തിയെന്‍സ് ഡല്‍ഹിയാണ് 'സ്വര്‍ഗ്ഗ ലോകം' (Heaven), വസന്ത് കുഞ്ചും നോയ്ഡയും ഒക്കെയാണ് 'ഭൂലോകം' (Earth), ഔട്ടര്‍ ജമുന പാര്‍ ഒക്കെ ആണ് 'പാതാളം' (Netherland) എന്ന് ഹാഥിറാം പറയുന്നു. പാതാളലോകത്തു കഴിയുന്നവര്‍ ഷഡ്പദങ്ങളെ പോലെ വലിച്ചെറിയപെട്ടവര്‍ ആണ്, അവര്‍ക്ക് എന്ത് സംഭവിച്ചാലും ആരും ചോദിക്കാന്‍ വരില്ല. മറ്റേത് നഗരങ്ങളെ പോലെയും സാമൂഹിക-വര്‍ഗ്ഗ വിവേചനം എന്നത് ഡല്‍ഹിയില്‍ അത്രത്തോളം പ്രകടമാണ്. ഈ കഥയില്‍ സ്വര്‍ഗ്ഗലോകത്തുള്ള സഞ്ജീവ് മെഹ്റയാണ് ഇര, ഹാഥിറാം, അന്‍സാരി എന്നിവരടങ്ങുന്ന ഒരു ഭൂലോകവും, പിടിക്കപ്പെട്ട നാലുപേരടങ്ങുന്ന പാതാളവും ഉണ്ട്, എന്നാല്‍ പാതാളത്തില്‍ ഉള്ളവര്‍ സ്വര്‍ഗ്ഗലോകത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ ഇരകള്‍ മാത്രമാണെന്ന് ഒടുവില്‍ നമ്മള്‍ മനസിലാക്കുന്നു. 'ദൈവമിരിക്കുന്ന' സ്വര്‍ഗ്ഗമാണ് എല്ലാം തീരുമാനിക്കുന്നത്. പാതാള ലോകത്തിലെ ജീവികള്‍ അവര്‍ പോലും അറിയാതെ ജീവിതം ബലി കൊടുക്കുന്നവരാണ്. ത്രിലോക സങ്കല്‍പം കൂടാതെ പാണ്ഡവരുടെ സ്വര്‍ഗത്തിലേക്കുള്ള പ്രയാണത്തില്‍ യുധിഷ്ഠിരനോടൊപ്പം അവസാനം വരെ ഉണ്ടായിരുന്ന നായയും, ഏകലവ്യന്റെ വിരലും, ഹിരണ്യകശിപുവിന്റെ കഥയും 'പാതാള്‍ ലോക്' -ല്‍ കടന്നു വരുന്നുണ്ട്.

ഹാഥിറാം -ന്റെ നിസ്സഹായതകളില്‍, നിരാശകളില്‍, അയാളുമായി തന്നെയുള്ള പോരാട്ടങ്ങളില്‍, അയാളെ പിന്തുടരുന്ന ഭൂതകാല സ്മരണകളില്‍, നിയന്ത്രം വിട്ടു പെരുമാറുന്ന നിമിഷങ്ങളില്‍ ഒരു സാധാരണ മനുഷ്യന്റെ പല ഭാവങ്ങളും പ്രതിഫലിക്കുന്നുണ്ട്. എല്ലാവരുടെ ഉള്ളിലും ഇതുപോലെ പൊതുബോധത്താലും, സാമൂഹിക പശ്ചാത്തലത്തിനാലും കെട്ടിപ്പടുക്കപെട്ട നന്മയും തിന്മയും പല അളവില്‍ കാണാം. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ കഥകള്‍ മാത്രമല്ല, അവരുടേതായ അനുഭവങ്ങളുടെ ഭാരവുമുണ്ട്. ഒറ്റപെടലിന്റെയും കരുതലിന്റെയും വഞ്ചനയുടെയും സ്വാര്‍ത്ഥതയുടെയും നിഴലുകള്‍ ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. തീവ്രദേശീയത, ഗാര്‍ഹിക പീഡനം, അഴിമതി, ചൈനീസ് ഉല്‍പന്നങ്ങള്‍, ആള്‍ക്കൂട്ടകൊലപാതകം, വ്യാജവാര്‍ത്തകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റൊരുപാട് വിഷയങ്ങളെ കുറിച്ചും 'പാതാള്‍ ലോക്' സംസാരിക്കുന്നുണ്ട്.

സുദീപ് ശര്‍മ്മ, ഹര്‍ദിക് മെഹ്ത്ത, സാഗര്‍ ഹവേലി, ഗുന്‍ജിത് ചോപ്ര എന്നിവര്‍ ചേര്‍ന്നാണ് 'പാതാള്‍ ലോക്' -ന്റെ കഥ എഴുതിയിരിക്കുന്നത്. 'എന്‍.എച്ച് 10', 'ഉട്ത്താ പഞ്ചാബ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുദീപ് ശര്‍മ്മ രണ്ട് വര്‍ഷക്കാലത്തെ ഗവേഷണത്തിനും യാത്രകള്‍ക്കും ശേഷമാണ് 'പാതാള്‍ ലോക്' -ന്റെ കഥ പൂര്‍ത്തിയാക്കുന്നത്. 'സോഞ്ചിരിയാ', 'ലാല്‍ ക്യാപ്റ്റന്‍' എന്നീ സിനിമകളുടെ തിരക്കഥകളില്‍ സംഭാഷണങ്ങള്‍ എഴുതിയതും സുദീപ് ആയിരുന്നു. 'പാതാള്‍ ലോക്' -ന്റെ ഏറ്റവും വലിയ മികവ് അതിന്റെ കഥയും ആഖ്യാനവും തന്നെയാണ്. കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയും, വ്യക്തമായ രാഷ്ട്രീയ നിലപാടുകളും അത് അടിവരയിടുന്നു. സമൂഹത്തിലെ ഒട്ടനവധി പ്രശ്നങ്ങളെ സങ്കീര്‍ണതകള്‍ ഇല്ലാതെ കഥയോട് ചേര്‍ത്ത് വെക്കാനും കഴിഞ്ഞിട്ടുണ്ട്. അനുഷ്‌ക ശര്‍മ്മയും, സഹോദരന്‍ കാര്‍ണേഷ് ശര്‍മ്മയും ചേര്‍ന്ന് ആരംഭിച്ച 'ക്ലീന്‍ സ്ലേറ്റ് ഫിലിംസ്' -ആണ് ഈ വെബ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. 'കില്ല' -യുടെ സംവിധായകന്‍ അവിനാഷ് അരുണ്‍ ധവാരെയും, 'പരി' എന്ന ചിത്രം സംവിധാനം ചെയ്ത പ്രസീത് റോയുമാണ് 'പാതാള്‍ ലോക്' -ന്റെ സംവിധായകര്‍.

'ഗാംഗ്സ് ഓഫ് വാസേപൂര്‍', 'റാസി' എന്നീ സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട് എങ്കിലും ഹാഥിറാം ചൗധരി എന്ന കഥാപത്രമായി ഗംഭീര പ്രകടനമാണ് ജയദീപ് അഹ്ലവത്ത് (Jaideep Ahlawat) കാഴ്ച്ചവെക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഈ വേഷം മാറിയേക്കാം. ഡോളി എന്ന കഥാപാത്രമായി എത്തിയ സ്വസ്തിക മുഖര്‍ജിയും മികച്ചു നിന്നു. ട്രാന്‍സ് ജന്‍ഡര്‍ കഥാപത്രത്തെ അവതരിപ്പിക്കാന്‍ മൈറംബോ റൊണാള്‍ഡോ സിംഗ് എന്ന ട്രാന്‍സ് ജന്‍ഡര്‍ അഭിനേതാവിനെ തന്നെ തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. വിശാല്‍ ത്യാഗിയായി എത്തിയ അഭിഷേക് ബാനെര്‍ജിയും കയ്യടി അര്‍ഹിക്കുന്നുണ്ട്. 'ഷിപ് ഓഫ് തേസിയൂസ്', 'തുമ്പാട്' എന്നീ സിനിമകളിലൂടെ മികവറിയിച്ച സാന്‍യുക്തെ കസ (Sanyukta Kaza) എന്ന എഡിറ്ററും 'പാതാള്‍ ലോക്' -ന്റെ മികച്ച ആഖ്യാനത്തിന് വലിയ പിന്തുണ നല്‍കുന്നുണ്ട്.

ഒരുപക്ഷേ മുന്‍പത്തേക്കാളേറെ വിവേചനത്തിന്റെ ത്രിലോകങ്ങള്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ വിവേചനങ്ങളെ കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കുന്ന ഒരു ഭരണകൂടവും, അതിനു ലഭിക്കുന്ന ഭയപ്പെടുത്തുന്ന ജനകീയതയും, മതഭ്രാന്തിലും വെറുപ്പിലും വിദ്വേഷത്തിലും വരെ എത്തി നില്‍ക്കുമ്പോള്‍ 'പാതാള്‍ ലോക്' അടയാളപ്പെടുത്തുന്നത് പല തുണ്ടുകളായി വിഭജിച്ചു പോകുന്ന മനുഷ്യ സമൂഹത്തെ തന്നെയാണ്. ചിരിക്കുന്നത് വ്യാസനല്ല, വ്യവസ്ഥിതിയാണ് എന്ന് മാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in