ഥപട്: ഒരടിയും കുറേ തിരിച്ചടികളും


ഥപട്: ഒരടിയും കുറേ തിരിച്ചടികളും

ഇന്ത്യയില്‍ സ്ത്രീയെ തടവറയില്‍ കുടുക്കിയിടുന്ന ജീവിത യാഥാര്‍ത്ഥ്യത്തിന്റെ പേരാണ് കുടുംബം. അതിന്റെ അധികാര വ്യവസ്ഥ അടിസ്ഥാന, മധ്യ, ഉപരിവര്‍ഗ്ഗങ്ങളിലൊക്കെ ഏതാണ്ട് ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നതും. പുതുതലമുറയെ ഉത്പാദിപ്പിച്ച് സമൂഹത്തിനു കൈമാറുന്ന യൂനിറ്റ് എന്നതിനപ്പുറം ഇന്ത്യന്‍ കുടുംബം നിര്‍വ്വഹിക്കുന്ന മറ്റ് ചില ധര്‍മ്മങ്ങളുണ്ട്. അടക്കിവെക്കുന്ന ലൈംഗികതയുടെ തുറന്നുവിടലിനുള്ള ഇടം, സാമൂഹ്യ മര്യാദകള്‍ പാലിക്കുന്ന പൗരന്റെ നിര്‍മ്മാണം ഉറപ്പുവരുത്തുന്ന പരിശീലന സ്ഥാപനം എന്നിവയൊക്കെ അതില്‍ ചിലതാണ്. അതിനെല്ലാം പുറമേ പിതൃകേന്ദ്രീകൃത സമൂഹത്തില്‍ അത് സ്ത്രീക്ക് ഒരു മേല്‍വിലാസം കൂടി ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഔദ്യോഗികമോ, സൃഷ്ടിപരമോ ആയ മേല്‍വിലാസങ്ങളെയെല്ലാം റദ്ദ് ചെയ്യുന്ന സൂപ്പര്‍ ഐഡന്റിറ്റി ആയി അവളുടെ കുടുംബപ്പേരും കുടുംബത്തിലെ സ്ഥാനവും മാറുന്നുണ്ട്. ഇതിനെ നിരാകരിക്കുന്നതോടെ, അല്ലെങ്കില്‍ കൈയൊഴിയുന്നതോടെ അവളുടെ സമൂഹത്തിലെ സ്ഥാനത്തിനും ഇടിവ് സംഭവിക്കുന്നു. അതുകൊണ്ടാണ് വിവാഹങ്ങള്‍ പലപ്പോഴും സഹനങ്ങളും, സഹകരണ സ്ഥാപനങ്ങളും ആയി മാറുന്നത്. പുരുഷന്റെ മുന്‍കോപം പലപ്പോഴും ഒരു അധിക ഗുണമായാണ് പരിഗണിക്കപ്പെടുന്നത്. ഭാര്യയായ സ്ത്രീയോടുള്ള ശാരീരിക അതിക്രമങ്ങള്‍ സമൂഹം ഈ മുന്‍കോപത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കുന്നു. മറുപുറത്ത് സ്ത്രീ സഹനശക്തിയുടെ പ്രതീകമാകേണ്ടതിനാല്‍ അത്തരം അതിക്രമങ്ങളെ അവള്‍ മറന്നു കളയേണ്ടിയും വരുന്നു. അങ്ങനെയുള്ള ഒരടി അമൃത എന്ന വീട്ടമ്മയില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ്, അവളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന അഭിമാന ബോധമാണ് ഹിന്ദി ചിത്രം ഥപ്പട് ആവിഷ്‌കരിക്കപ്പെടുന്നത്.

തനിക്ക് കിട്ടിയ അടിയെ ഗാര്‍ഹിക പീഡനമായി അംഗീകരിക്കാന്‍ പോലും അമൃതയിലെ ആദര്‍ശ സ്ത്രീ ഒരുക്കവുമല്ല. ഓര്‍ക്കണം, സിനിമയുടെ കേന്ദ്ര പ്രമേയം ആ 'അടി'യാണ് താനും.

ഥപടിലെ അമു മധ്യവര്‍ഗ്ഗത്തില്‍ നിന്ന് ധനിക കുടുംബത്തിലേക്ക് വിവാഹം ചെയ്‌തെത്തിയവളാണ്. ആ ക്ലാസ് വ്യത്യാസം തന്നെ അടിമബോധമായി അവളില്‍ കിടക്കുന്നുണ്ടാവണം. വലിയ കുടുംബത്തിലേക്ക് കല്യാണം കഴിക്കപ്പെടുന്ന പെണ്ണിന്റെ ഭാഗ്യത്തെപ്പറ്റി കേള്‍ക്കാത്ത ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഏറെയുണ്ടാവും എന്ന് തോന്നുന്നില്ല. നേത്രയുടെ കാര്യത്തിലും ജഡ്ജിയായിരുന്ന ഭര്‍തൃപിതാവിന്റെ ലെഗസിയുടെ രൂപത്തില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ പിന്തുടരുന്നുണ്ട്. പുതുതായി കൈവന്ന ഉപരിവര്‍ഗ്ഗ ജീവിതത്തോട് സമരസപ്പെട്ട് ജീവിക്കുന്നവള്‍ തന്നെയാണ് അമൃത. വാതില്‍ തുറക്കണമെങ്കില്‍ മാറത്ത് ഷോള്‍ അണിയുന്ന, ഇഞ്ചിപ്പുല്ലും ഇഞ്ചിയും ചേര്‍ത്ത് കൃത്യ അനുപാതത്തില്‍ ചായയുണ്ടാക്കുന്ന, കിടപ്പറയില്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിക്കുന്ന, ഭക്ഷണം കഴിക്കാന്‍ നേരമില്ലാത്ത ഭര്‍ത്താവിന്റെ വായില്‍ ഭക്ഷണം തിരുകുന്ന മാതൃകാ കുടുംബിനി. തന്റെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ആ അടിക്ക് മുന്‍പ് അമൃത തുറന്നു പറയുന്നതായി നമ്മള്‍ കേള്‍ക്കുന്നതേയില്ല. അടിക്ക് ശേഷവും വിവാഹമോചനവും, കുട്ടിയെ വളര്‍ത്തലും മാത്രം ലക്ഷ്യമായ സ്ത്രീയായി അമൃത ഒതുങ്ങുന്നിടത്താണ് സിനിമയുടെ വലിയ പരാജയം. അച്ഛനും ആങ്ങളയുമടങ്ങിയ കുടുംബത്തിന്റെ തണലില്‍ ജീവിക്കുന്ന, സ്വന്തമായി എന്തെങ്കിലും ചെയ്യാനാലോചിക്കാത്ത കുടുംബസ്ഥയായ സ്ത്രീയായി സിനിമ അവസാനിക്കുമ്പോഴും അവള്‍ തുടരുന്നു. തനിക്ക് കിട്ടിയ അടിയെ ഗാര്‍ഹിക പീഡനമായി അംഗീകരിക്കാന്‍ പോലും അമൃതയിലെ ആദര്‍ശ സ്ത്രീ ഒരുക്കവുമല്ല. ഓര്‍ക്കണം, സിനിമയുടെ കേന്ദ്ര പ്രമേയം ആ 'അടി'യാണ് താനും. സിനിമയില്‍ ഏറ്റവും നിരാശാജനകമായ, മെലോഡ്രാമ വഴിഞ്ഞൊഴുകുന്ന രംഗത്തില്‍ അമ്മായിയമ്മയോട് പാചകമറിയാത്ത തന്നെപ്പോലുള്ള 'സ്ത്രീകള്‍ക്ക് ' ഭര്‍ത്താവിന്റെ ഹൃദയത്തിലേക്ക് വഴി കാട്ടാന്‍ കുക്കറി സ്‌കൂള്‍ തുടങ്ങാനാവശ്യപ്പെടുന്നുണ്ട്. സിനിമ പറയുന്നു എന്ന് നടിക്കുന്ന രാഷ്ട്രീയം ആ ഒറ്റ വാചകത്തില്‍ അമ്പേ പൊളിഞ്ഞ് വീഴുന്നു.

സിനിമയിലെ രണ്ടാമത്തേ ഇഴ നേത്രയിലെ സംഘര്‍ഷങ്ങളാണ്. അമൃതയേക്കാള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയും സമൂഹത്തിന്റെ അംഗീകാരവുമുള്ളവള്‍. എന്നിട്ടും ഭര്‍ത്താവിന്റെ നിര്‍ബന്ധപൂര്‍വ്വമുള്ള രതിയെ പ്രതിരോധിക്കാന്‍ പോലും കഴിയാത്തവള്‍. മറ്റൊരാളുമായി സൗഹൃദമോ പ്രണയമോ അതോ താല്‍ക്കാലിക ആശ്വാസമോ എന്ന് തീര്‍ച്ചയില്ലാത്ത ബന്ധം സൂക്ഷിക്കുന്ന നേത്ര തിരയുന്നത് മുന്‍ കാലത്തെ ഭര്‍ത്താവിനെയാണെന്ന് അയാള്‍ തന്നെ തിരിച്ചറിയുന്നുണ്ട്. മാത്രമല്ല ജീവിതം നേരെയാക്കുന്നതിന്റെ ഭാഗമായി അയാളുമായുള്ള ബന്ധവും ഉപേക്ഷിച്ചാണ് നേത്ര പോകുന്നത്. വീണ്ടും സംവിധായകന്‍ അവിടെ ഒരാദര്‍ശം തികഞ്ഞ ഇന്ത്യന്‍ സ്ത്രീയെ നിര്‍മ്മിക്കുന്നു. വിവാഹ ബാഹ്യമായ ബന്ധങ്ങള്‍ തെറ്റാണെന്നും, ആ തെറ്റ് തിരുത്തേണ്ടതാണെന്നും, പരസ്പരം അറിഞ്ഞും അംഗീകരിച്ചുമുള്ള സ്ത്രീ പുരുഷ ബന്ധങ്ങള്‍ വിവാഹത്തിനു പുറത്ത് സാധ്യമാകില്ല എന്ന സന്ദേശം സംവിധായകന്‍ ഇവിടെ തുന്നിച്ചേര്‍ക്കുന്നുണ്ട്.

Sunita (Geetika Vidya Ohlyan)
Sunita (Geetika Vidya Ohlyan)

മൂന്നാമത്തെ ഇഴ വീട്ടുവേലക്കാരിയായ സുനിതയുടെ കഥയാണ്. ഒരു കോമാളിക്കഥാപാത്രം പോലെയുള്ള സുനിതയുടെ അവതരണം തന്നെ മറ്റ് രണ്ട് പേരുടേയും വ്യക്തിത്വങ്ങളുടെ വിപരീത നിലയിലാണ്. മൂന്ന് കഥാപാത്രങ്ങളുടേയും വേഷ, രൂപ, ഭാവങ്ങളിലെല്ലാം ക്ലാസ് സൂചനകള്‍ വ്യക്തമായിക്കാണാം. കുട്ടികള്‍ കളിക്കുമ്പോള്‍ പന്തെറിഞ്ഞ് കൊടുക്കുന്ന സുനിതയെ ബോധപൂര്‍വ്വം കോമാളിയാക്കാതെ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കും പോലെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാവും? എങ്കിലും അടിക്കുമ്പോള്‍ തിരിച്ചടിക്കാനും ആവശ്യം വരുമ്പോള്‍ കത്തിയെടുക്കാനും കഴിയുന്നത് സുനിതയ്ക്ക് മാത്രമാണ്. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് ഭര്‍ത്താവ് കൊണ്ട് വരുന്നത് കൊണ്ട് കഴിയാനാണ് സുനിത തീരുമാനിക്കുന്നത്. അതില്‍ നിലവിലുള്ള അവസ്ഥയുടെ മറിച്ചിടല്‍ ഉണ്ടെങ്കിലും അതവളെ കൂടുതല്‍ ദുരിതത്തിലേ എത്തിക്കൂ. തൊഴിലാളി സ്ത്രീകളെ വീട്ടമ്മമാരാക്കിയ കേരളത്തിന്റെ അവസ്ഥ മാത്രം മതി ഉദാഹരണത്തിന്.

ശിവാനിയുടെ കാറിനെപ്പറ്റിയുള്ള വിക്രമിന്റെ അലസമെന്നോണമുള്ള കമന്റ് വിധവയായ സ്ത്രീ നേടുന്ന വിജയങ്ങളെ പുരുഷന്‍ എങ്ങനെയാണു നോക്കിക്കാണുന്നത് എന്നതിന്റെ പ്രതീകമാണ്

സിനിമയിലെ ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ വിക്രമിന്റെ അയല്‍ക്കാരിയായ ശിവാനിയും അമുവിന്റെ സഹോദരന്റെ പ്രതിശ്രുതവധുവായ സ്വാതിയുമാണ്. പ്രധാന ആഖ്യാനധാരകളുടെ അരികുകളിലാണ് ഇവര്‍ നില്‍ക്കുന്നതെങ്കിലും സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുക മാത്രമല്ല മറ്റു സ്ത്രീകള്‍ നേരിടുന്ന അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും അവര്‍ക്കാകുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഭര്‍തൃകുടുംബത്തില്‍ ചെല്ലാനും, ഇടപെടാനും ഉള്ള ഇടം നിര്‍മ്മിക്കാന്‍ സ്വാതിക്ക് കഴിഞ്ഞിരിക്കുന്നു. ഭാവി പങ്കാളിയുടെ അഭിപ്രായത്തിന് വിരുദ്ധമായിട്ടും അയാളുടെ സഹോദരിയുടെ പോരാട്ടത്തില്‍ സ്വാതി പങ്കാളിയാകുന്നു. അതിനിടെ അവള്‍ അപമാനിക്കപ്പെടുന്നു പോലുമുണ്ട്. അയാളെ പിന്നീട് തിരിച്ചറിവിലേക്ക് എത്തിക്കുന്നതില്‍ സ്വാതിയുടെ നിലപാടിനും പങ്കുണ്ട്. വിധവയായ ശിവാനി മകളേയും കൊണ്ട് ഒറ്റക്ക് ജീവിക്കുകയും വിജയകരമായ ഒരു കരിയര്‍ ഒപ്പം കൊണ്ടുപോവുകയും ചെയ്യുന്നു.മകളോട് തുറന്നു സംസാരിക്കാവുന്ന സൗഹൃദം സൂക്ഷിക്കുന്ന, മകളുടെ ആണ്‍ സൗഹൃദത്തോട് തുറന്ന നിലപാട് സ്വീകരിക്കുന്ന അമ്മയാണവര്‍. അമൃതയുടെജീവിതം തന്റെതില്‍ നിന്ന് ഏറെ വിഭിന്നമായിരിക്കുമ്പോഴും അവളെ തിരിച്ചറിയാനും കൂടെ നില്‍ക്കാനും ശിവാനിക്ക് കഴിയുന്നു. ശിവാനിയുടെ കാറിനെപ്പറ്റിയുള്ള വിക്രമിന്റെ അലസമെന്നോണമുള്ള കമന്റ് വിധവയായ സ്ത്രീ നേടുന്ന വിജയങ്ങളെ പുരുഷന്‍ എങ്ങനെയാണു നോക്കിക്കാണുന്നത് എന്നതിന്റെ പ്രതീകമാണ്. പരസ്പരം സഹായവും താങ്ങുമാകുന്ന പെണ്‍കൂട്ടുകളെ അവതരിപ്പിക്കുന്നു എന്നതിലാണ് ഥപ്പട് ഒരു പക്ഷേ സ്ത്രീപക്ഷ ചിത്രം എന്ന നിലയില്‍ പ്രസക്തമാകുന്നത്.

ഥപ്പട് ഒരടിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ്. അത്തരമൊന്ന് പറയുന്ന പോപ്പുലര്‍ സിനിമ എന്ന അര്‍ത്ഥത്തില്‍ അതിനെ അഭിനന്ദിക്കാവുന്നതുമാണ്. പക്ഷേ ആ അടി ഏല്‍ക്കുന്നത് ഒരു ആദര്‍ശസ്ത്രീ മാതൃകയ്ക്കാണെന്നും, അതു കൊണ്ട് അത് ന്യായീകരിക്കാന്‍ കഴിയുകയില്ല എന്നും സ്ഥാപിക്കുന്നിടത്ത് സിനിമയുടെ രാഷ്ട്രീയം പരാജയപ്പെടുന്നു

Related Stories

No stories found.
logo
The Cue
www.thecue.in