CREDIT: FRANCOIS DUHAMEL/UNIVERSAL PICTURES/DREAMWORKS PICTURES
Film Review

1917 movie review: യുദ്ധമുഖത്ത് അകപ്പെടുന്ന പ്രേക്ഷകര്‍

ഒറ്റ ഷോട്ടില്‍ എടുത്ത ചിത്രമല്ല എങ്കിലും അലേയന്‍ഡ്രോ ഇനാരിറ്റുവിന്റെ ‘ബേര്‍ഡ്മാന്‍’ (Birdman), ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ‘റോപ്പ്’ (Rope) എന്നീ സിനിമകളിലെ പോലെ എഡിറ്റിംഗിന്റെ സഹായത്തോടെയാണ് ഈ single shot sequence അനുഭവപ്പെടുന്നത്.

വടക്കന്‍ ഫ്രാന്‍സിലെ 'പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍' (Western Front) ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഏറെ നിര്‍ണ്ണായകമായ ഒരു സന്ദേശ കൈമാറ്റത്തെ അടിസ്ഥാനമാക്കി സാം മെന്‍ഡിസ് (Sam Mendes) സംവിധാനം ചെയ്ത ചിത്രമാണ് 1917. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 1917 ഏപ്രില്‍ 6 -നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സംവിധായകന്റെ മുത്തച്ഛന്‍ കൂടിയായ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആല്‍ഫ്രഡ് മെന്‍ഡസ് -ന്റെ (Alfred Mendes) ഒന്നാം ലോക മഹായുദ്ധകാലത്തെ അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും, പറഞ്ഞു കേട്ട കഥകളില്‍ നിന്നുമാണ് സാം മെന്‍ഡിസ് ഈ സിനിമയുടെ കഥ എഴുതുന്നത്. സാം മെന്‍ഡിസും ക്രിസ്റ്റി വില്‍സണ്‍ കൈണ്‍സ് -ഉം (Krysty Wilson-Cairns) ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

വെള്ളയും മഞ്ഞയും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പുല്‍മേട്ടില്‍ വലിയ ഒരു മരത്തില്‍ ചാരി ഇരിക്കുന്ന വില്യം സ്‌കോഫീല്‍ഡും (William Schofield) അരികത്തായി ചെറുതായി ഒന്ന് മയങ്ങി കിടക്കുന്ന ബ്ലെയ്ക്കില്‍ (Blake) നിന്നും ആരംഭിച്ച് മറ്റൊരു പുല്‍മേട്ടില്‍ മരം ചാരി ഇരുന്ന് തന്റെ പ്രിയ്യപ്പെട്ടവരുടെ ചിത്രത്തില്‍ നോക്കി ഇരിക്കുന്ന ലാന്‍സ് കോര്‍പറലിന്റെ ഫ്രെയിം വരെ ഒറ്റ ഷോട്ട് ക്രമത്തിലാണ് (single shot sequence) സാം മെന്‍സിസും ഛായാഗ്രാഹകന്‍ റോജര്‍ ഡീകിന്‍സും ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷോട്ടില്‍ എടുത്ത ചിത്രമല്ല എങ്കിലും അലേയന്‍ഡ്രോ ഇനാരിറ്റുവിന്റെ 'ബേര്‍ഡ്മാന്‍' (Birdman), ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ 'റോപ്പ്' (Rope) എന്നീ സിനിമകളിലെ പോലെ എഡിറ്റിംഗിന്റെ സഹായത്തോടെയാണ് ഈ single shot sequence അനുഭവപ്പെടുന്നത്.

CREDIT: NIVERSAL PICTURES/DREAMWORKS PICTURES

ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാന വേദി യൂറോപ്പിലെ പടിഞ്ഞാറന്‍ അതിര്‍ത്തി എന്ന് വിളിക്കപ്പെടുന്ന പ്രദേശം ആയിരുന്നു. ഒരു ഭാഗത്ത് ലക്‌സംബര്‍ഗും ബെല്‍ജിയവും കടന്നു വടക്കന്‍ ഫ്രാന്‍സില്‍ എത്തി നില്‍ക്കുന്ന ജര്‍മ്മനിയും, മറുഭാഗത്ത് സഖ്യ ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ നടന്ന യുദ്ധം മാനവരാശിക്ക് സമ്മാനിച്ചത് ഇന്നും ഉണങ്ങാതെ ആഴത്തിലുള്ള മുറിവുകളാണ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് 1917 -ല്‍ ഏപ്രില്‍ മാസം ആദ്യം ജര്‍മ്മനി പിന്മാറുന്നു. ഈ അവസരം മുതലാക്കി ജര്‍മന്‍ സൈന്യത്തെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് കേണല്‍ മക്കന്‍സിയുടെ (Colonel Mackenzie) നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യം. ഫ്രാന്‍സിലെ തന്നെ ഇക്കൂസില്‍ (Ecoust) ഉള്ള 1600 -ഓളം വരുന്ന സൈനികര്‍ ജര്‍മനിയുടെ പിന്മാറ്റം ശക്തിയോടെ ആഞ്ഞടിക്കാനുള്ള യുദ്ധ കുതന്ത്രമാണെന്ന് അറിയുന്നില്ല. എന്നാല്‍ ഈ രഹസ്യ വിവരം പടിഞ്ഞാറന്‍ അതിര്‍ത്തിക്കിപ്പുറം നിലകൊള്ളുന്ന സംഖ്യകക്ഷി ക്യാമ്പിലേക്ക് എത്തുന്നു. ആശയവിനിമയത്തിനുള്ള തടസ്സം മൂലം ഈ സന്ദേശം ഇക്കൂസില്‍ ഉള്ള മക്കന്‍സിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത വരുമ്പോള്‍ ഒരു പകലും രാത്രിയും കൊണ്ട് ഈ വിവരം അവിടെ എത്തിക്കാന്‍ അതിര്‍ത്തി താണ്ടി പുറപ്പെടുകയാണ് ലാന്‍സ് കോര്‍പറല്‍മാരായ ബ്ലെയ്ക്കും സ്‌കോഫീല്‍ഡും. ഈ സന്ദേശം അവിടെ എത്തിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ബ്ലെയ്ക്കിന്റെ സഹോദരന്‍ അടക്കം ഇക്കൂസിലുള്ള 1600 സൈനികരും കൊല്ലപ്പെടും.

ബ്ലെയ്ക്കും സ്‌കോഫീല്‍ഡും കടന്നു പോകുന്ന വഴികളില്‍ നമ്മള്‍ കാണുന്ന കാഴ്ച്ചകള്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ തീവ്രത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്. മരണം തങ്ങി നില്‍ക്കുന്ന വഴിയിലൂടെയാണ് അവര്‍ മുന്നോട്ട് പോകുന്നത്. മനുഷ്യന്റെ അനാഥമായ ശവങ്ങള്‍, മരിച്ച കുതിരകള്‍, കാക്കകള്‍, ചെളി കുഴികളില്‍ തടം കെട്ടി കിടക്കുന്ന രക്തം, പേടിപ്പിക്കുന്ന കിടങ്ങുകള്‍, പിന്നെ കേള്‍ക്കാന്‍ കഴിയാത്ത അലമുറകളും... എല്ലാം ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്. ലോകമഹായുദ്ധത്തിനും പല തലമുറകള്‍ ഇപ്പുറം ഈ സിനിമ കാണുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ ഭീകരതയെ കണ്‍മുന്നില്‍ കാണിച്ചു തരുകയാണ് സാം മെന്‍ഡിസ്. വലിയ സ്‌ക്രീനില്‍ ഈ സിനിമ കാണുമ്പോള്‍ അനുഭവപ്പെടുന്ന ഒരു വല്ലാത്ത മരവിപ്പുണ്ട്, അത് ഭൂതകാലത്തെ ചരിത്രത്തിലൂടെയല്ലാതെ ഓര്‍മ്മകളുടെ ദൃശ്യാഖ്യാനത്തിലൂടെ കാണുമ്പോഴുള്ള ആഘാതമാണ്.

Also Read: എന്നെ വച്ച് ആരും എന്നോട് ചോദിക്കാതെ കഥ എഴുതരുത് |വിനായകന്‍ 

അതിര്‍ത്തി കടന്നു പോകുമ്പോള്‍ പല തരത്തിലുള്ള വെല്ലുവിളികളാണ് അവരെ കാത്തിരിക്കുന്നത്. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് പിന്നീട് സിനിമ മുന്നോട്ട് പോകുന്നത് എങ്കിലും, ഒരു സാധാരണ ത്രില്ലര്‍ സിനിമയുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ കഥാപുരോഗതിയാണ് സംഭവിക്കുന്നത്. രണ്ടാം ബറ്റാലിയനില്‍ ഉള്ളവര്‍ക്ക് സന്ദേശം കൈമാറാന്‍ പോകുന്ന രണ്ട് പേരുടെയും സംഭാഷണങ്ങള്‍ പിന്നീട് സിനിമയില്‍ കടന്നു വരുന്ന പലതിന്റെയും സൂചനകളാണ്. വെള്ള പൂക്കളെ കുറിച്ച് പറയുന്നതും ആ പൂക്കള്‍ കാറ്റടിക്കുമ്പോള്‍ പറക്കുന്നതും കുറെ കഴിഞ്ഞു സിനിമയില്‍ ഒരിടത്ത് നദിയില്‍ പൂക്കള്‍ വീഴുന്ന രംഗത്തിലൂടെ പിന്നെയും കടന്നു വരുന്നുണ്ട്. അതേ പോലെ തൊഴുത്തില്‍ നിന്ന് കുപ്പിയില്‍ എടുക്കുന്ന പാല്‍ പിന്നീട് ഒരു കുഞ്ഞിന് ആവശ്യമായി വരുന്ന രംഗവും ഉണ്ട്. ഇത് രണ്ടും വെള്ള നിറത്തിലാണ് എന്നത്, ഒരുപക്ഷേ ഈ സിനിമ ആഗ്രഹിക്കുന്ന സമാധാനത്തെ ആകാം സൂചിപ്പിക്കുന്നത്. കിടങ്ങുകള്‍ പലപ്പോഴായി കടന്നു വരുന്നത് കഥാപാത്രങ്ങളുടെ ഉള്ളിലെ മാനസിക സംഘര്‍ഷങ്ങളുടെ ഏറ്റക്കുറച്ചിലുകളെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നി പോകും. കഥയുടെ വൈകാരിക തീവ്രതയുടെ വ്യതിയാനം അനുസരിച്ചു സിനിമയിലെ ഇടങ്ങള്‍ക്കും മാറ്റങ്ങള്‍ വരുന്നു.

1917 ഹൃദയത്തിനുള്ളില്‍ സ്പര്‍ശിക്കുന്ന സിനിമയായി മാറുന്നത് ഓരോ സിനിമയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന റോജര്‍ ഡീകിന്‍സിന്റെ (Roger Deakins) ഛായാഗ്രഹണ മികവ് കൊണ്ടാണ്. എന്ത് കൊണ്ടാണ് ലോകത്തെ എക്കാലത്തെയും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായി ഡീകിന്‍സ് വാഴ്ത്തപ്പെടുന്നത് എന്ന് മനസിലാക്കണം എങ്കില്‍ ഈ സിനിമ കണ്ടാല്‍ മതിയാകും.

ചരിത്രപരമായി എത്രത്തോളം ശരിയാണ് സിനിമയിലെ കാര്യങ്ങള്‍ എന്നത് സ്ഥാപിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ ആല്‍ഫ്രഡ് മെന്‍ഡിസ് പറഞ്ഞ കഥകളുടെ ഓര്‍മ്മകളില്‍ നിന്നാകുമ്പോള്‍ ഏറെ സ്വകാര്യമായ ജീവിതാംശം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് ആഖ്യാനത്തില്‍. എന്നാലും പൂര്‍ണമായും ചരിത്രത്തിന്റെ വെളിയില്‍ അല്ല സിനിമ സംഭവിക്കുന്നത്. സിനിമ നടക്കുന്ന 1917 ഏപ്രില്‍ മാസം ജര്‍മന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറി ഹിന്‍ഡന്‍ബര്‍ഗ് രേഖ (Hindenburg Line) വരെ പുറകോട്ടു പോയിരുന്നു. തിരിച്ചു പോകുമ്പോള്‍ പോയ വഴി എല്ലാം നശിപ്പിച്ചിട്ടാണ് അവര്‍ പോയത്. ഓപ്പറേഷന്‍ ആല്‍ബെറിക്ക് (Operation Alberich) എന്നാണ് ഇത് അറിയപ്പെട്ടത്. ഇലക്ട്രിക്ക് കേബിളുകളും, ആയുധ അവശിഷ്ടങ്ങളും, പാലവും, റോഡും എല്ലാം തകര്‍ത്തിട്ടാണ് അവര്‍ പോയത്. ഈ ദൃശ്യങ്ങള്‍ സിനിമയിലും കാണിക്കുന്നുണ്ട്. എല്ലാ ഗ്രാമങ്ങളെയും ചുട്ടെരിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഏകദേശം 125,000 ജോലി ചെയ്യന്ന കെല്‍പുള്ള ആളുകളെ ഒഴിപ്പിക്കുകയും വയസായവരെയും, സ്ത്രീകളെയും, കുട്ടികളെയും അടക്കം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. സിനിമയില്‍ സ്‌കോഫീല്‍ഡ് ഒരു അമ്മയെയും ഒരു കുട്ടിയേയും കണ്ടുമുട്ടുന്നുമുണ്ട്. വളരെ കുറിച്ചു ഭക്ഷണം മാത്രം ബാക്കി വെച്ചിട്ടാണ് പട്ടാളം പിന്‍വലിഞ്ഞത്. അതുകൊണ്ട് തന്നെ കഴിക്കാന്‍ ഒന്നുമില്ലാതെ അവര്‍ കഷ്ടപ്പെടുന്നു. അത് മാത്രമല്ല, എപ്പോള്‍ വീണ്ടും യുദ്ധം നടക്കും എന്ന ഭയത്തോടെ വെളിയില്‍ വരാത്ത പൊളിഞ്ഞു പോയ വീടുകള്‍ക്കുള്ളില്‍ അവര്‍ കഴിയുകയാണ്.

Also Read: ‘ചേട്ടാ, ചേട്ടനൊരു നരഭോജിയാണ്’; ഒഴിവാക്കിയ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത് കൊണ്ട് തന്നെ എല്ലായിടത്തും മരണമാണ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത്. അനാഥമായ മനുഷ്യ ശരീരങ്ങള്‍ എത്രയോ ഫ്രയിമുകളിലൂടെ കടന്നു പോകുന്നു. വായിച്ചതും കേട്ടതുമായ കഥകള്‍ക്കും അപ്പുറമാണ് അത് കാണുമ്പോഴുള്ള അനുഭവം. യുദ്ധത്തിന്റെ 'മനുഷ്യവില' എന്താണ് എന്ന് ഒരിക്കല്‍ കൂടെ നമ്മള്‍ കണ്ടറിയുന്നു. ഒരുപക്ഷേ അടുത്ത വര്‍ഷം ലോകസിനിമയില്‍ കൂടുതല്‍ സിനിമകളും യുദ്ധത്തെ ആകും ഓര്‍മ്മപെടുത്തുക എന്നാണ് കരുതുന്നത്. ഇറാനിലെയും, പശ്ചിമേഷ്യയില്‍ ആകെ മൊത്തവും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ വരവാണ് സൂച്ചിപ്പിക്കുന്നത് എന്ന തരത്തില്‍ പഠനങ്ങളും വിലയിരുത്തലുകളും വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 1917 തീര്‍ച്ചയായും യുദ്ധത്തിന്റെ മുറവിളി കൂട്ടുന്ന ലോകം കാണേണ്ട കാഴ്ച തന്നെയാണ്. സിനിമയുടെ തിരക്കഥ എഴുതിയ ക്രിസ്റ്റി വില്‍സണ്‍ ദി ഗാര്‍ഡിയന്‍ -നു (The Guardian) നല്‍കിയ അഭിമുഖത്തില്‍ അവരുടെ മുത്തച്ഛന്‍ യുദ്ധത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ട്, 'അദ്ദേഹം എന്നോട് പറഞ്ഞത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മഹാദുരന്തത്തെ ഒഴിവാക്കാന്‍ കഴിയുക ചരിത്രത്തെ ശരിയായ രീതിയില്‍ മനസിലാക്കുക വഴി മാത്രമാണ്. മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഏറ്റവും മണ്ടത്തരമായിട്ടുള്ള കാര്യം ഒന്നാം ലോക മഹായുദ്ധമാണ്.'

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ബ്രിട്ടീഷ് സിനിമയായ 1917 മറ്റൊരു രാഷ്ട്രീയ ദൗത്യം കൂടിയുണ്ട്. യൂറോപ്പില്‍ ഏഴര പതിറ്റാണ്ടുകള്‍ക്കിപ്പുറം അശാന്തിയുടെ കാറ്റു വീശുകയാണ്. തീവ്ര വലതുപക്ഷ-വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നാള്‍ക്കുനാള്‍ കൂടി വരുന്ന സ്വാധീനവും, അഭയാര്‍ത്ഥി വിരുദ്ധ ആക്രമണങ്ങളും, ഒടുവില്‍ ബ്രെക്‌സിറ്റും: യൂറോപ്പ് ആഗ്രഹിച്ച ഐക്യം ഇപ്പോള്‍ തകരുകായാണ്. സമാധാനത്തിനും അപ്പുറം ദേശ-രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും അധികാരമോഹവും കൃത്യമായി പ്രകടമായി തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ആകുലതകളുടെ കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കുന്ന ബ്രിട്ടനില്‍ ഈ സിനിമ മറന്നു പോയ ഭൂതകാലത്തിന്റെ മുറിഞ്ഞ ഓര്‍മ്മകളെ വീണ്ടും കൊണ്ടുവരികയാണ്. ഏറ്റവും അധികം ആളുകളെ സ്വാധീനിക്കുന്ന ഒരു കല എന്ന നിലയ്ക്ക് സിനിമ തീര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രതിരോധം എന്തുകൊണ്ടും പ്രതീക്ഷ തന്നെയാണ്. പക്ഷേ സിനിമയില്‍ കേണല്‍ മക്കന്‍സി പറയുന്ന വാചകം ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്, 'പ്രതീക്ഷ അപകടകരമായ കാര്യമാണ്'.

തന്റെ കൗമാരകാലത്താണ് ആല്‍ഫ്രഡ് മെന്‍ഡിസ് യുദ്ധത്തില്‍ പങ്കെടുത്തത് എങ്കിലും അഞ്ചു പതിറ്റാണ്ടോളം കഴിഞ്ഞിട്ടാണ് ആ ഓര്‍മ്മകളെ കുറിച്ചു പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. കുറേ കാലം കഴിഞ്ഞു മാത്രം ഓര്‍ത്തെടുത്തു പറയാന്‍ കഴിയുന്ന ഓര്‍മ്മകളെ ഓര്‍മ്മകളുടെ പഠനത്തില്‍ (Memory Studies) നറേറ്റിവ് മെമ്മറി (Narrative Memory) എന്നാണ് പറയുന്നത്. മാനസികമായി ഏല്‍ക്കുന്ന ആഘാതം എത്രത്തോളം ആഴത്തില്‍ ഉള്ളതാണോ അത്രെയും കാലത്തോളം അത് ട്രോമാറ്റിക് മെമ്മറി (Traumatic Memory) ആയി തുടരുന്നു. മാനസികമായി യുദ്ധങ്ങള്‍ എങ്ങനെയാണ് മനുഷ്യനെ ഇല്ലാതാക്കുന്നത് എന്ന് നമ്മള്‍ സിനിമയിലൂടെ അറിയുന്നുമുണ്ട്. 'എത്രയും പെട്ടാണ് മടങ്ങി വരൂ' എന്ന് പറഞ്ഞു കിട്ടുന്ന കത്തുകളും യുദ്ധം മനുഷ്യബന്ധങ്ങള്‍ക്കു ഏല്പിക്കുന്ന മുറിവുകളെയാണ് അടയാളപ്പെടുത്തുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ക്കേ അമേരിക്കയില്‍ പ്രശസ്തമായ ഒരു ഫോക്ക് ഗാനം ('The Wayfaring Stranger') ജോസ് സ്ലോവിക്ക് പാടുന്ന രംഗം ഹൃദയഭേതകമാണ്. യുദ്ധം ആണ് നടക്കുന്നത് എങ്കിലും മാനവികതയുടെ ചെറിയ തുരുത്തുകള്‍ പലയിടത്തായി കാണാവുന്നതാണ്. പ്ലെയിന്‍ തകര്‍ന്നു വീഴുന്ന ജര്‍മന്‍ സൈനികനെ രക്ഷിക്കുന്ന സ്‌കോഫീല്‍ഡും ബ്ലെയ്ക്കും, മറ്റൊരു ഇടത്തില്‍ വേദി ഉതിര്‍ക്കുന്നതിനു മുന്‍പ് നേരിടുന്ന മാനസിക സമ്മര്‍ദവും ഒക്കെ സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ ഭേദിക്കുന്ന നന്മയെ ആണ് കാണിച്ചു തരുന്നത്.

1917 ഹൃദയത്തിനുള്ളില്‍ സ്പര്‍ശിക്കുന്ന സിനിമയായി മാറുന്നത് ഓരോ സിനിമയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന റോജര്‍ ഡീകിന്‍സിന്റെ (Roger Deakins) ഛായാഗ്രഹണ മികവ് കൊണ്ടാണ്. എന്ത് കൊണ്ടാണ് ലോകത്തെ എക്കാലത്തെയും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായി ഡീകിന്‍സ് വാഴ്ത്തപ്പെടുന്നത് എന്ന് മനസിലാക്കണം എങ്കില്‍ ഈ സിനിമ കണ്ടാല്‍ മതിയാകും. ഒരു കെട്ടിടത്തില്‍ ഒരു സൈനികനെ വെടിവെച്ചിടുമ്പോള്‍ ആ നടുക്കത്തില്‍ തെറിച്ചു പടിക്കെട്ടില്‍ നിന്ന് താഴെ വീഴുന്ന സ്‌കോഫീല്‍ഡിന് ബോധം നഷ്ടപെട്ടതിന് ശേഷം, അയാള്‍ എഴുന്നേല്‍ക്കുന്ന രംഗം മുതല്‍ നദിയില്‍ വെള്ളപ്പൂക്കള്‍ വീഴുന്ന രംഗം വരെയുള്ള sequence സമീപകാല ലോകസിനിമയിലെ ഏറ്റവും മികച്ച സിനിമക്കാഴ്ചകളായിരുന്നു. ഒരുപക്ഷേ കുറേ വിമര്‍ശകരെങ്കിലും സിനിമയുടെ സിംഗിള്‍ ഷോട്ട് ആഖ്യാനത്തെ വിമര്‍ശിക്കുമ്പോഴും, ഡീകിന്‍സിന്റെ ക്യാമറയില്‍ തെളിയുന്ന അവിസ്മരണീയ കാഴ്ചകള്‍ക്ക് കയ്യടിക്കാതെ ഇരിക്കാന്‍ കഴിയില്ല. സിനിമയെ ഏറെ സ്വകാര്യമാക്കി നിലനിര്‍ത്താനും ജീവന്‍ കൊടുക്കാനും സിംഗിള്‍ ഷോട്ട് ആഖ്യാനത്തിനു സാധിച്ചു എന്ന് നിസംശയം പറയാം. സിംഗിള്‍ ഷോട്ട് ആഖ്യാനത്തെ ഗംഭീരമാക്കുന്നതില്‍ എഡിറ്ററായ ലീ സ്മിത്തിന്റെ (Lee Smith) പങ്ക് ചെറുതല്ല. 'ഡണ്‍കിര്‍ക്കിന്' (Dunkirk) ശേഷം സ്മിത്തിന്റെ മികച്ച എഡിറ്റിംഗ് മികവ് ഈ സിനിമയില്‍ കാണാം. കാഴ്ചകളെ വിശ്വസനീയം ആകുന്നതില്‍ ഡെന്നിസ് ഗസ്സനെര്‍ (Dennis Gansser) എന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കു തീര്‍ച്ചയായും അഭിനന്ദനങ്ങള്‍. കാരണം ഒരു കാലഘട്ടത്തെ പുനര്‍നിര്‍മ്മിക്കുക എന്നതിനും അപ്പുറത്തായി ഗസ്സനെര്‍ യുദ്ധകാലത്തെ അതേപോലെ തിരികെ കൊണ്ട് വരികയാണ്. കിടങ്ങുകളും, തകര്‍ന്ന കെട്ടിടങ്ങളും, ഓരോ ഫ്രേയിമിലും നിറയുന്ന മറ്റു പല കാഴ്ചകളിലും ഒക്കെ ഗസ്സനെറുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തോമസ് ന്യൂമാന്‍ -ന്റെ (Thomas Newman) പശ്ചാത്തല സംഗീതമാണ് സിനിമയുടെ കാഴ്ചകളെ ഉദ്വേഗജനകമാക്കുന്നത്. നെഞ്ചിടിപ്പ് കയറ്റുന്നത് പലപ്പോഴും പശ്ചാത്തലത്തിലെ സംഗീതം തീര്‍ക്കുന്ന അന്തരീക്ഷം തന്നെയാണ്. ഒലിവര്‍ ടാര്‍ണി (Oliver Tarney), മൈക്കല്‍ ഫെന്റ്റം (Michael Fentum) എന്നിവര്‍ ചേര്‍ന്ന് സൃഷ്ട്ടിക്കുന്ന സൗന്‍ഡ്സ്‌കേപ്പ് (soundscape) തിയേറ്റര്‍ കാഴ്ചയില്‍ ഗംഭീരമാണ്. വടക്കന്‍ ഫ്രാന്‍സിലെ തണുപ്പും, കാറ്റും ഒക്കെ നമ്മള്‍ക്കും അനുഭവപ്പെടുന്നു. ബ്ലെയ്ക്കായി വേഷമിട്ട ഡീന്‍-ചാള്‍സ് ചാപ്മാനും Dean-Charles Chapman), സ്‌കോഫീല്‍ഡായി ജീവിച്ച ജോര്‍ജ് മാക്കെയും (George MacKay) അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മാക്കെയുടെ കണ്ണുകളില്‍ മാത്രം നോക്കി ഇരുന്നാല്‍ പോലും യുദ്ധത്തിന്റെ തീക്കനല്‍ എരിയുന്നത് കാണാം. അമേരിക്കന്‍ ബ്യൂട്ടി -യുടെ (American Beauty) സംവിധായകന്‍ ഇനി 1917 -ന്റെ സംവിധായകന്‍ എന്നറിയപ്പെടും. അത്രത്തോളവും ആത്മാര്‍ത്ഥമായിട്ടാണ് സാം മെന്‍ഡിസ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. ഒരു തലമുറ കൈമാറി വന്ന ഓര്‍മ്മകള്‍ക്ക് ഇതിലും നല്ല ദൃശ്യാഖ്യാനം നല്കാന്‍ കഴിയില്ല. ലെവിസ് മൈല്‍സ്റ്റോണ്‍ -ന്റെ 'ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്', സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ 'സേവിങ് പ്രൈവറ്റ് റയാന്‍', സ്റ്റാന്‍ലി കുബ്രിക്കിന്റെ 'പാത്സ് ഓഫ് ഗ്ലോറി', ടെറന്‍സ് മാലിക്കിന്റെ 'ദി തിന്‍ റെഡ് ലൈന്‍', ക്രിസ്റ്റഫര്‍ നോളന്റെ 'ഡണ്‍കിര്‍ക്ക്', പീറ്റര്‍ ജാക്സന്റെ 'ദേ ഷാള്‍ നോട്ട് ഗ്രോ ഓള്‍ഡ്' എന്നീ സിനിമകളോടൊപ്പം 1917 -ന്റെ പേരും എക്കാലത്തെയും മികച്ച യുദ്ധ സിനിമകളുടെ കൂടെ എഴുതി ചേര്‍ക്കാം.

യുദ്ധം ആരും ആഗ്രഹിക്കുന്നില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. പക്ഷേ ഇനിയൊരു മഹായുദ്ധം സംഭവിച്ചാല്‍ എന്താകും ഉണ്ടാകുക എന്ന് എല്ലാവര്‍ക്കും അറിയാം. അധികാരത്തിനും മുകളിലായി മാനവികത വളരണം എന്ന് ആഗ്രഹിക്കുന്നത് പോലും കുറ്റമായി കാണുന്ന ലോകത്തു പ്രതീക്ഷ അപകടകരമാണ്. പിന്നെ ഓര്‍മ്മപെടുത്തലുകളാണ് ഇപ്പോഴുള്ള പോംവഴി. സിനിമ അത് ചെയ്യട്ടെ...!