ക്രാഫ്റ്റിന് കയ്യടിപ്പിക്കുന്ന ‘അഞ്ചാം പാതിര’ 

ക്രാഫ്റ്റിന് കയ്യടിപ്പിക്കുന്ന ‘അഞ്ചാം പാതിര’ 

'യവനിക'യ്ക്ക് ശേഷം മലയാളത്തില്‍ വന്ന ഏറ്റവും മികച്ച മര്‍ഡര്‍ മിസ്റ്ററികളിലൊന്ന് എന്ന് ഒറ്റ വാക്കില്‍ സന്തോഷത്തോടെ വിലയിരുത്താവുന്ന ചിത്രമാണു മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച 'അഞ്ചാം പാതിര'. തന്റെ ഇഷ്ട ഴോണറില്‍ ആദ്യമായി ചെയ്ത സിനിമ എന്നാണു മിഥുന്‍ പടത്തെ പരിചയപ്പെടുത്തിയത്. ഏഴ് പടങ്ങള്‍ ക്രെഡിറ്റിലുണ്ടെങ്കിലും 'ആടി'ന്റെ സംവിധായകനായാണു മിഥുന്‍ പരക്കെ അറിയപ്പെടുന്നത്. 'ആട്-3' യുടെ പണിപ്പുരയിലുമാണ് അദ്ദേഹം. 'ആടി'ലൂടെ ഒരുതരം കള്‍ട്ട് സൃഷ്ടിക്കുവാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണണ്, ആ തരം പടങ്ങള്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും.

എന്നാല്‍ ഒരു ക്രൈം വേഴ്‌സസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി ഇത്രമേല്‍ ഗ്രിപ്പിംഗ് ആയി പറയാനുള്ള പാടവം മിഥുനുണ്ടെന്ന് മുന്‍സിനിമകളിലൊന്നില്‍നിന്നും സൂചന പോലും ലഭിച്ചിരുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം. നഗരത്തെ നടുക്കുന്ന കൊലപാതക പരമ്പരകളും കുറ്റാന്വേഷണവുമാണ് 'അഞ്ചാം പാതിര'യുടെ പ്രമേയം. 'സി.ബി.ഐ' സീരീസ്, 'ദൃശ്യം', 'ഉത്തരം', 'കരിയിലക്കാറ്റുപോലെ', 'മുംബൈ പൊലീസ്', 'മുഖം' 'ഈ കണ്ണികൂടി', 'ഈ തണുത്ത വെളുപ്പാന്‍കാലത്ത്' തുടങ്ങി മലയാളത്തിലിന്നോളമിറങ്ങിയ കൊള്ളാവുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ നിന്നെല്ലാം കൃത്യമായി വേറിട്ടുനില്‍ക്കാനുള്ള ശ്രദ്ധ രചനയിലും അവതരണത്തിലും സാങ്കേതിക നിലവാരത്തിലും പുലര്‍ത്തുന്നു എന്നതാണു 'അഞ്ചാം പാതിര'യുടെ മികവ്. കൊല/ കൊലപാതകങ്ങള്‍ ആദ്യം അരങ്ങേറുകയും പിന്നാലെ രംഗപ്രവേശം ചെയ്യുന്ന ഒരിക്കലും പിഴയ്ക്കാത്തവരും അതിബുദ്ധിമാന്മാരുമായ കുറ്റാന്വേഷകര്‍ കൊലയ്ക്ക് പിന്നിലെ നിഗൂഢതകള്‍ ഒന്നൊന്നായി ചുരുളഴിച്ചെടുക്കുകയും ചെയ്യുക എന്ന ഒരു പാറ്റേണ്‍ ആണ്. പൊതുവെ ഈ സിനിമകളെല്ലാം പിന്തുടര്‍ന്ന് പോന്നിട്ടുള്ളത്. കുറ്റാന്വേഷണത്തിന്റെ ട്രാക്ക് വളരെ ശാന്തവും മന്ദസ്ഥായിയും ആയിരിക്കുകയും ചെയ്യും.

എന്നാല്‍ ഈ പതിവില്‍ നിന്ന് മാറി സഞ്ചരിക്കുകയാണു മിഥുന്‍ മാനുവല്‍ തോമസ്. സിനിമയുടെ അന്ത്യം വരെ ഘാതകരും കുറ്റാന്വേഷകരും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം തുടര്‍ന്നുകൊണ്ടിരിക്കുകയും കൊലകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന ലൈവ് ആക്ഷന്റെ ഫീലിലേക്കാണ് 'അഞ്ചാം പാതിര' പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്.

കൊലയാളികളെക്കുറിച്ച് ഒരു സൂചനയും നല്‍കാതെ ആകാംക്ഷയുടെ മുള്‍ക്കസേരയില്‍ കഥാന്ത്യം വരെ പ്രേക്ഷകനെ ബന്ധിച്ചിരുത്തുകയാണ് അഞ്ചാം പാതിര. കുറ്റകൃത്യങ്ങള്‍ക്ക് സമാനമായി കുറ്റാന്വേഷകരുടെ നിര്‍മിതിയും വ്യത്യസ്തമാണ്. വനിതാ എ.സി.പി.യുടെ നേതൃത്വത്തില്‍ പൊലീസിന്റെ ഒരു വിംഗ് തന്നെ ഊണും ഉറക്കവുമുപേക്ഷിച്ച് കേസിന്റെ പിന്നാലെയുണ്ട്. ഒരു ടീം വര്‍ക്കിന്റെ ശരിയായ ചിത്രം പോലെത്തന്നെയാണു അവരെ വിന്യസിക്കുന്നതും. പക്ഷെ

പൊലീസിന്റെ കൂടെ നിന്നും പാരലല്‍ ആയും കേസന്വേഷിക്കുന്ന മിടുക്കനായൊരു ക്രിമിനോളജിസ്റ്റിന്റെ കയ്യിലാണ് മിഥുന്‍ കഥയുടെ രസച്ചരട് ഏല്‍പ്പിക്കുന്നത്. എന്നാല്‍ കമാന്‍ഡ് അയാളുടെ കയ്യിലല്ല താനും.ഹീറോ എലമന്റ് നഷ്ടമാകാതിരിക്കുകയും എന്നാല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്ന സ്വാഭാവികത നിലനിര്‍ത്തുകയും ചെയ്യുന്ന ബ്രില്യന്‍സ് ആണ് ഇവിടെ മിഥുന്‍ മാനുവല്‍ തോമസ് പ്രകടിപ്പിക്കുന്നത്. തീര്‍ത്തും ഭാവനാപൂര്‍ണവും നാടകീയവുമായ സംഭവങ്ങള്‍ക്ക് റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കാവുന്ന ഒരു നെരയ്റ്റീവ് ഫാബ്രിക് പകര്‍ന്നുനല്‍കാന്‍ ഇതിലൂടെ മിഥുന് സാധിക്കുന്നു. വാസ്തവത്തില്‍ സിനിമയുടെ വിജയത്തിന്റെ മര്‍മ്മവുമാണു ഈ പോയന്റ്. റൈറ്റര്‍-ഡയറക്ടര്‍ വലിയ കൈയടി അര്‍ഹിക്കുന്ന സുന്ദരനിമിഷം.

അടിക്കടി ആവര്‍ത്തിക്കുന്ന കൊലകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പ്രേക്ഷകനെ നിഗൂഢതയുടെ കാണാക്കയങ്ങളിലേക്ക് തള്ളിവീഴ്ത്തുന്ന സിനിമയുടെ രചനയ്ക്ക് രണ്ടാം പകുതിയില്‍ ചെറിയൊരു ഇടര്‍ച്ച സംഭവിക്കുന്നുണ്ട്. ഫ്‌ളാഷ് ബാക്ക് പറഞ്ഞുതീര്‍ക്കാനുള്ള വ്യഗ്രതയില്‍ അവസാനഭാഗത്ത്

വോയിസ് ഓാവറിനു അമിതപ്രാധാന്യം നല്‍കിയത് പോരായ്മയായി തോന്നി. ആ ഘട്ടങ്ങളില്‍ പടത്തിന്റെ പെയ്‌സിനെത്തന്നെ ഇത് ബാധിക്കുന്നുമുണ്ട്. മറുപാതിയിലാവട്ടെ ഇന്‍ട്രോ സീനുകള്‍ തുടര്‍ന്നങ്ങോട്ടുള്ള സിനിമയുമായി ലയിച്ചു ചേരാത്തതിന്റെ പ്രശനങ്ങളുമുണ്ട്. എന്നാല്‍ ഇതിനെയൊക്കെ സംവിധാനമികവിലും സാങ്കേതികത്തികക്കരുത്തിലും മറികടക്കുന്ന സംവിധായകന്‍ പ്രേക്ഷകനെ വിടവുകളില്ലാതെ എന്‍ഗെയ്ജ് ചെയ്യുന്നതില്‍ പൂര്‍ണമായും വിജയിക്കുന്നുമുണ്ട്.

തന്റെ മിക്ക സിനിമകളിലും കഥയുമായി നേരിട്ട് ബന്ധപ്പെടാത്ത ഇടങ്ങളില്‍പ്പോലും സാമൂഹ്യവിമര്‍ശനത്തിന്റെ പഴുതുകള്‍ തിരയുന്ന,പുരോഗമന വീക്ഷണം മുറുകെപ്പിടിക്കുന്ന, ഒരു പ്രോഗ്രസീവ് ആര്‍ടിസ്റ്റിന്റെ ശബ്ദം മിഥുന്‍ ഉയര്‍ത്തുന്നത് കാണാം. 'അലമാര' മുതല്‍ 'ആട്' വരെയുള്ള അരാഷ്ട്രീയ സിനിമകളില്‍ പലതിലും കൗശലപൂര്‍വം ശക്തമായ രാഷ്ട്രീയ പ്രസ്താവങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതില്‍ മിഥുന്‍ പുലര്‍ത്തിയ അതേ മിടുക്ക് 'അഞ്ചാം പാതിര'യിലും ആവര്‍ത്തിക്കുന്നുണ്ട്. സമകാലിക കേരളീയ സമൂഹത്തെ പിടിച്ചുലച്ചതും എന്നാല്‍ മാധ്യമങ്ങളും ഭരണകൂടവും കുറ്റകരമായ മിതത്വം പാലിച്ചതുമായ ചില സംഭവവികാസങ്ങളെ സധൈര്യം ചലച്ചിത്രവത്ക്കരിക്കാന്‍ കൂടി 'അഞ്ചാം പാതിര'യില്‍ മിഥുന്‍ തയാറാകുന്നുണ്ട്. കഥയുടെ സസ്‌പെന്‍സുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യങ്ങളായതിനാല്‍ അതിനെക്കുറിച്ച് കൂടുതലെഴുതാനാകില്ല.

ചോക്കളെയ്റ്റ് കഥാപാത്രങ്ങളില്‍ അലിഞ്ഞുതീര്‍ന്നുപോകാതെ അഭിനയസാധ്യതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന കുഞ്ചാക്കോ ബോബന്‍, 'അള്ള് രാമേന്ദ്രന്‍' മുതല്‍ തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലാണ്.നര കേറിത്തുടങ്ങിയ താടിയും ഒട്ടും നരയ്ക്കാത്ത ഭാവപ്രകടനങ്ങളുമായി 'അഞ്ചാം പാതിര'യിലെ അന്‍വര്‍ ഹുസൈന്‍ എന്ന മനശാസ്ത്രജ്ഞനെ നിയന്ത്രിതാഭിനയത്തിന്റെ സൗന്ദര്യം കൊണ്ട് മിഴിവുറ്റതാക്കുന്ന ചാക്കോച്ചന്‍ സമീപകാലത്തെ പ്രകടനമികവ് ആവര്‍ത്തിക്കുമ്പോള്‍ 'ഇഷ്‌കി'നും 'ജെല്ലിക്കെട്ടി'നും ശേഷം ജാഫര്‍ ഇടുക്കിയുടെ മറ്റൊരു നല്ല റോളിനുകൂടി 'അഞ്ചാം പാതിര' വഴിയൊരുക്കുന്നു. വൈകാരികരംഗങ്ങളില്‍ ജാഫര്‍ ഞെട്ടിച്ചുകളഞ്ഞുവെന്ന് തന്നെ പറയാം. ഇന്ദ്രന്‍സ് ജയില്‍ രംഗത്ത് നടത്തുന്ന ചുരുങ്ങിയ സമയത്തെ പ്രകടനവും അതിഗംഭീരമാണ്.

ഉണ്ണിമായ, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, രമ്യ നമ്പീശന്‍,പൊലീസ്‌കാരായി വന്ന രണ്ട് പുതുമുഖങ്ങള്‍ തുടങ്ങിയവരും നല്ല പ്രകടനം കാഴ്ചവെച്ചു. സ്‌പോയിലര്‍ ആകുന്നതിനാല്‍ കുറച്ച് അഭിനേതാക്കളെ വിട്ടുകളയുന്നു.

ക്രാഫ്റ്റിന് കയ്യടിപ്പിക്കുന്ന ‘അഞ്ചാം പാതിര’ 
‘ചേട്ടാ, ചേട്ടനൊരു നരഭോജിയാണ്’; ഒഴിവാക്കിയ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

സാങ്കേതികപരിചരണത്തിലെ തികവ്'അഞ്ചാം പാതിര'യുടെ കരുത്ത്. ഷൈജു ഖാലിദ് എന്ന പ്രതിഭാധനനായ ഛായാഗ്രാഹകനൊരുക്കിയ ദൃശ്യങ്ങള്‍ സിനിമയെ നല്ല കാഴ്ചയാക്കി മാറ്റുന്നു. നഗരത്തിന്റെയും തെരുവുകളുടെയും നാട്ടുമ്പുറങ്ങളുടെയും വനപ്രദേശങ്ങളുടെയും സുന്ദരമായ അതിവിദൂരദൃശ്യങ്ങളും മനുഷ്യരുടെയും പന്നികളുടെയും അതിസമീപദൃശ്യങ്ങളും തമ്മില്‍ത്തമ്മിലാണു മത്സരിക്കുന്നത് ! ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ടോപ്‌മോസ്റ്റ് സിനിമാട്ടോഗ്രാഫര്‍മാരില്‍ ഒരാളായി ഷൈജു എണ്ണപ്പെടുന്ന നാള്‍ വിദൂരമല്ല. ഷൈജുവിന്റെ ദൃശ്യങ്ങളെ സൈജു ശ്രീധരന്‍ ഭംഗിയായി സംയോജിപ്പിക്കുകയും ചെയ്യുന്നു. ക്രൈമിന്റെ ഭീകരതയും അപ്രവചനീയതയും സംവഹിക്കുന്ന താളപ്പെരുക്കങ്ങള്‍ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ സുഷിന്‍ ശ്യാമിന്റെ സ്‌കോറും കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. 'വരത്തനി'ലും 'വൈറസി'ലും പ്രകടിപ്പിച്ച അതേ പ്രാഗത്ഭ്യം സുഷിന്‍ 'അഞ്ചാം പാതിര'യിലും ആവര്‍ത്തിക്കുകയാണ്.

No stories found.
The Cue
www.thecue.in