കെട്ട്യോളാണെന്റെ മാലാഖ, കാണേണ്ട ‘കുടുംബ’ സിനിമ

കെട്ട്യോളാണെന്റെ മാലാഖ, കാണേണ്ട ‘കുടുംബ’ സിനിമ

ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട, ഗൗരവമേറിയ ഒരു വിഷയത്തിന്റെ ഏറ്റവും ലാളിത്യം നിറഞ്ഞ അവതരണമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നിസാം ബഷീറെന്ന സംവിധായകന്റെ ആദ്യ ചിത്രവുമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. ലഘുവായ അശ്രദ്ധയാല്‍ സ്ത്രീവിരുദ്ധതയിലേക്കും വള്‍ഗാരിറ്റിയിലേക്കും പോകാമായിരുന്ന കഥാതന്തുവിനെ മനസ് തൊടുന്ന കുടുംബചിത്രമാക്കി രൂപപ്പെടുത്തിയ സംവിധായകനും അജി പീറ്റര്‍ തങ്കം എന്ന എഴുത്തുകാരനും കൈയ്യടികളേറെ അര്‍ഹിക്കുന്നു.

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ, കര്‍ഷകനായ, അമ്മയോടും പെങ്ങന്മാരോടും അതിയായ വാത്സല്യം ഉള്ള കുട്ടപ്പായി എന്ന സ്ലീവച്ചന്‍, റിന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മാലാഖയുടെ കഥാവഴി.

ഒരു വ്യക്തിയുടെ കൗമാരവും യൗവ്വനവും വേണ്ട വിധത്തില്‍ പാകപ്പെടുന്നതില്‍ കുടുംബവും വളരുന്ന ചുറ്റുപാടും ചെലുത്തുന്ന സ്വാധീനവും ലൈംഗിക വിദ്യാഭ്യാസമെന്ന സിനിമ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയത്തെ പരിഗണിക്കുന്നതുമാണ് ഈ സിനിമ.

അവതരണ ശൈലിയിലും കഥാപരിസര - കഥാപാത്ര നിര്‍മ്മിതികളിലും എല്ലാം ഫാമിലി ഡ്രാമകളുടെ വിന്റേജ് സത്യന്‍ അന്തിക്കാട് - സിബി മലയില്‍ കാലഘട്ടത്തെ ഏറെക്കുറേ ഓര്‍മ്മപ്പെടുത്തുന്നുണ്ട് സ്ലീവച്ചനും സംഘവും. സങ്കീര്‍ണ്ണമായ ഒരു വിഷയത്തെ എങ്ങനെ ഹൃദ്യമായി, ലളിതമായി അവതരിപ്പിക്കാം എന്ന ഹെര്‍ക്കൂലിയന്‍ ടാസ്‌കില്‍ നിസാം ബഷീര്‍ എന്ന സംവിധായകന്‍ നിസ്സാരമായി കപ്പടിക്കുന്ന സുന്ദര കാഴ്ച്ചയാണ് കെട്ട്യോള്‍. 2019 ല്‍ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നവാഗത സംവിധായകരുടെ നിരയിലേക്ക് അയാള്‍ തലയെടുപ്പോടെ സ്ഥാനമുറപ്പിക്കുന്നുണ്ട്. അജി പീറ്റര്‍ തങ്കം എന്ന എഴുത്തുകാരന്റെത് കൂടിയാണ് സിനിമ. വേണ്ട വിധം കഥാപുരോഗതിയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ വൈകാരികതയും നിയന്ത്രിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിവേഗം അതിഭാവുകത്വം കലര്‍ന്ന കണ്ണീര്‍ സീരിയല്‍ നിലവാരത്തിലേക്ക് താഴ്‌ന്നേക്കാവുന്ന ഒരു ഴോണര്‍ ആണ് ഫാമിലി ഡ്രാമ. പക്ഷേ കെട്ട്യോളിന്റെ കഥാഗതിയും കഥാപാത്രങ്ങളുടെ കോണ്‍ഫ്‌ലിക്ടുകളും വൈകാരികതയും ഒക്കെ തീര്‍ത്തും ഓര്‍ഗാനിക് എന്ന് പറയും വിധം അത്രമേല്‍ സത്യസന്ധമായി അനുഭവപ്പെടുന്നവയാണ്.

ഒരു നാടിനെയും അവിടുത്തെ ഭൂപ്രകൃതിയേയും പ്രധാന കഥാപാത്രങ്ങളേയും ചെറുതും വലുതുമായി സ്‌ക്രീനില്‍ വന്നു പോകുന്ന അന്നാട്ടിലെ മറ്റുള്ളവരേയും ഓര്‍ത്തിരിക്കും വിധം തിരക്കഥയിലേക്ക് തുന്നിച്ചേര്‍ത്ത് സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തിന് മേല്‍ ശകതമായൊരു നിലപാട് കൂടി സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്.

വില്യം ഫ്രാന്‍സിസിന്റ സംഗീതവും അഭിലാഷ് ശങ്കറിന്റെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ളയുടെ ചിത്രസംയോജനവും സിനിമയുടെ സ്വഭാവത്തിനൊപ്പം ചേര്‍ന്ന് നിന്നപ്പോള്‍ സാങ്കേതികപരമായും നിലവാരമുള്ള സിനിമാനുഭവമായി മാറുന്നുണ്ട് 'കെട്ട്യോള്‍ ആണെന്റെ മാലാഖ'.

സമീപകാലത്ത് കഥാപാത്ര നിര്‍ണ്ണയത്തിലും പ്രകടന മികവിലും ഏറെ അത്ഭുതപ്പെടുത്തിയ നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഉയരെയിലെ ഗോവിന്ദും വൈറസിലെ വിഷ്ണുവും കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസില്‍ കൂടുതല്‍ അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയിടത്തേക്കാണ് ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂറോളം സ്‌ക്രീനില്‍ നിറഞ്ഞ് നിന്ന്, സ്ലീവച്ചനായി ആസിഫ് അലി എന്ന അഭിനേതാവ് പ്രേക്ഷകന്റെ ഹൃദയം തൊടുന്നത്. ശരീരഭാഷയിലും സംസാരശൈലിയിലും സ്ഥിരത വെടിയാതെ, ചിരിയിലും കണ്ണീരിലും വൈകാരികതയിലും സ്ലീവച്ചനില്‍ നിന്നും തെല്ലിട മാറാതെ അയാള്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പക്വതയാര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളിലെ ഇമോഷണല്‍ സീനുകള്‍ അസാമാന്യമായി കൈകാര്യം ചെയ്യുന്ന ആസിഫ് അലി അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുന്ന പുതു കാഴ്ച്ചയാണ്.

വീണ നന്ദകുമാര്‍ റിന്‍സിയായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കുമ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നുന്നത് മനോഹരി ജോയ് മനോഹരമാക്കിയ അമ്മ വേഷത്തോടാണ്.

അമ്മ-മകന്‍-സഹോദരി ബന്ധങ്ങള്‍ ഒക്കെ പ്രേക്ഷകന് റിലേറ്റബിള്‍ ആയി അനുഭവപ്പെടുന്നത് അഭിനേതാക്കള്‍ പുലര്‍ത്തിയ സൂക്ഷ്മത കൊണ്ടു കൂടിയാണ്.

ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രന്‍ തുടങ്ങീ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത എല്ലാ അഭിനേതാക്കളും തനി നാട്ടിന്‍ പുറത്തുകാരായി സിനിമയുടെ ജീവനാകുന്നുണ്ട്.

കെട്ട്യോളാണെന്റെ മാലാഖ, കാണേണ്ട ‘കുടുംബ’ സിനിമ
എന്റെ ഡയറക്ടറെ ഞാന്‍ ഒറ്റിയിട്ടില്ല, വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവന്നതിനെക്കുറിച്ച് ഷെയിന്‍ നിഗം

ചര്‍ച്ച ചെയ്യപ്പെടേണ്ട കാഴ്ച്ചപ്പാടുകളും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന കഥാപാത്രങ്ങളും ഉള്ള് തൊടുന്ന കഥാസന്ദര്‍ഭങ്ങളും തിരശ്ശീലയില്‍ നിറയുന്ന കുടുംബചിത്രമാണ് കെട്യോള്‍. തീര്‍ത്തും സങ്കീര്‍ണ്ണത നിറഞ്ഞ, പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തെ ഏറെ ലളിതമായി, സുന്ദരമായി അവതരിപ്പിക്കുന്നതു കൊണ്ട് തന്നെ സമീപവര്‍ഷങ്ങളിലിറങ്ങിയവയില്‍ ലക്ഷണമൊത്ത ഫാമിലി എന്റര്‍ടൈനര്‍ എന്ന വിശേഷണം 'കെട്ട്യോള്‍ ആണെന്റെ മാലാഖ' അര്‍ഹിക്കുന്നുണ്ട്.

No stories found.
The Cue
www.thecue.in