Finals Film Review: ഓട്ടത്തില്‍ മുന്നേറേണ്ടവര്‍ 

Finals Film Review: ഓട്ടത്തില്‍ മുന്നേറേണ്ടവര്‍ 

മൂന്ന് കഥാപാത്രങ്ങളെ പ്രധാനമായും ആശ്രയിച്ച്, ആ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച അഭിനേതാക്കളെ ഏറ്റവും മികച്ച രീതിയില്‍ പ്രകാശിപ്പിച്ച് ഒരു പ്രതിഭയുടെ രക്തസാക്ഷിത്വത്തിന് നല്‍കുന്ന ഹൃദയാദരമാണ് ഫൈനല്‍സ് എന്ന സിനിമ. വര്‍ഗീസ് മാഷ്, ആലീസ്, മാനുവല്‍ എന്നീ മൂന്ന് മനുഷ്യരിലൂടെ കായികലോകത്തോടുള്ള മഹാമറവികളെ ചോദ്യം ചെയ്യുകയാണ് നവാഗതനായ സംവിധായകന്‍. അതിവൈകാരികതയിലേക്ക് തുളുമ്പി വീഴാത്ത രംഗസൃഷ്ടിയും കഥാപാത്രങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന പെര്‍ഫോര്‍മന്‍സും സാധ്യമാക്കിയ ക്രാഫ്റ്റ്മാന്‍ഷിപ്പിന്റേതുമാണ് ഫൈനല്‍സ്.

ബോളിവുഡിലും പ്രാദേശിക ഭാഷാ സിനിമകളിലും സ്‌പോര്‍ട് ഡ്രാമകളും സ്‌പോര്‍ട്‌സ് ബയോപികുകളും മുന്‍പത്തെക്കാളധികം ആവര്‍ത്തിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ബാക്ക് ഡ്രോപ്പ് വരുമ്പോഴുള്ള ദൃശ്യസാധ്യത മുതലെടുക്കാനായാണ് പലപ്പോഴും ഇത്തരം പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ വരാറുള്ളത്. അതല്ലെങ്കില്‍

നായകന്റെയോ നായികയുടേയോ അന്തിമ വിജയത്തിനായി ഒരു മത്സര ഇനം ഉള്‍പ്പെടുത്താം എന്ന് ചിന്തിക്കും. ഫൈനല്‍സില്‍ പരിഗണിക്കുന്ന കായിക ഇനങ്ങളോടും അവയ്ക്ക് പിന്നിലുള്ള പ്രയത്‌നങ്ങളോടും പുലര്‍ത്തുന്ന സത്യസന്ധത തുടക്കം മുതല്‍ കാണാം. ടോക്കിയോ ഒളിമ്പിക്‌സില്‍ സൈക്ലിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുന്നയാളാണ് രജിഷാ വിജയന്‍ അവതരിപ്പിക്കുന്ന ആലീസ്. ഇടുക്കിക്കാരിയാണ്. ഹൈറേഞ്ചിന്റെ കയറ്റിറക്കങ്ങളെ പരിശീലനക്കളരിയാക്കിയ പെണ്‍കുട്ടി. കായിക പരിശീലകനായ വര്‍ഗീസിന്റെ മകളാണ്. ആലീസിന്റെയും വര്‍ഗീസിന്റെയും അയല്‍വാസിയാണ് മാനുവല്‍. ആലീസിന്റെ കുട്ടികാലം മുതലുള്ള ചങ്ങാതി.

പ്രതിഭയുടെ ആനൂകൂല്യമുള്ളപ്പോഴും ഒരു മലയോര ഗ്രാമത്തില്‍ നിന്ന് സ്‌പോര്‍ട്‌സ് മേഖലയില്‍ മുന്‍നിരയിലെത്താന്‍ ഒരു കായികതാരത്തിന് താണ്ടേണ്ട ദൂരം എത്രത്തോളമെന്ന് കൃത്യമായി പറയുന്നുണ്ട് ഫൈനല്‍സ്. ഒപ്പം കായിക മേഖലയിലെ പലവിധ പ്രശ്‌നങ്ങളെ കൂടി അഭിസംബോധന ചെയ്യുന്നു. സ്‌പോര്‍ട്‌സ് ഫെഡറേഷനിലെ വിവേചനം, കായികതാരങ്ങളുടെ മൂല്യം മനസിലാക്കാത്ത സംവിധാനങ്ങള്‍, പരിശീലകരായെത്തുന്നവരുടെ ലൈംഗിക ചൂഷണം,ഒതുക്കല്‍ തുടങ്ങി കഥ മുന്നേറുന്നതിന് സമാന്തരമായി ഇത്തരം വിഷയങ്ങളെല്ലാം കടന്നുവരുന്നു.

ഫൈനല്‍സിന് വേണ്ടി സംവിധായകന്‍ പി ആര്‍ അരുണ്‍ സ്വീകരിച്ച ആഖ്യാന ശൈലി ആകര്‍ഷകമാണ്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ആലീസിനെ കേന്ദ്രീകരിച്ചാണ് സിനിമ തുടങ്ങുന്നത്. ആലീസിന്റെ പരിശീലനം,തയ്യാറെടുപ്പുകള്‍, പ്രതിബന്ധങ്ങള്‍ എന്നിങ്ങനെ മുന്നേറുമ്പോള്‍ വര്‍ഗീസിന്റെയും മാനുവലിന്റെയും കഥാപാത്രങ്ങളെ ഏറെക്കുറെ അടച്ചുവച്ചിരിക്കുകയാണ്. കഥയില്‍ അവരും ആലീസിലേക്ക് കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. വര്‍ഗീസിന്റെ കഥാപാത്രം കഥാഗതിയില്‍ നിര്‍ണായകമാകുമ്പോള്‍ മുതല്‍ അയാളിലേക്ക് ഏറെക്കുറെ പൂര്‍ണമായും കേന്ദ്രീകരിക്കുന്നു ആഖ്യാനം. അതൊരു സ്വാഭാവിക പരിണാമമെന്ന നിലയ്ക്കാണ് കഥ പറച്ചിലില്‍ അനുഭവപ്പെടുന്നത്. അതുവരെ വെളിപ്പെടുത്താത്ത വര്‍ഗീസിനെയാണ് തുടര്‍ന്ന് കാണാനാകുന്നത്. ഒരു സസ്‌പെന്‍സ് ഫാക്ടര്‍ യുക്തിഭദ്രമായി നിലനിര്‍ത്താനുമാകുന്നുണ്ട്.മാനുവലിന്റെ കാര്യത്തിലും ഇങ്ങനെയാണ്. ട്വിസ്റ്റുകളും പ്രധാന ടേണിംഗുകളും യുക്തിഭദ്രമാക്കുന്നതിനും ഉദ്വേഗമുണ്ടാക്കും വിധം ആസ്വാദനം ക്രമീകരിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

പ്രവചനാത്മകമെന്ന് ചിന്തിച്ചുപോകുന്ന ഘട്ടത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളും അതിനോട് ചേര്‍ന്ന് വികസിക്കുന്ന പുതിയ തലവുമെല്ലാം വിശ്വസനീയമായി അവതരിപ്പിച്ചു എന്നിടത്ത് ക്രാഫ്റ്റ്മാന്‍ഷിപ്പില്‍ വിജയിക്കുന്ന നവാഗത സംവിധായകനെ കാണാം. കൂടുതല്‍ സംഭവ വികാസങ്ങളും വഴിത്തിരിവുകളും ഉള്‍ക്കൊള്ളുന്ന രണ്ടാം പകുതിയിലെത്തുമ്പോള്‍ അഭിനേതാക്കളുടെ പ്രകടനത്തിന് കൂടുതല്‍ പരിഗണന നല്‍കാനും സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. സംഭാഷണങ്ങളെ ഏറ്റവും കുറഞ്ഞ രീതിയില്‍ ആശ്രയിച്ചാണ് രണ്ടാം പകുതി. ക്ലൈമാക്സിനോട് അടുക്കുന്ന രംഗത്തില്‍ അരമണിക്കൂറിനടുത്ത് പെര്‍ഫോര്‍മന്‍സ് ഡ്രിവന്‍ സ്വഭാവത്തിലാണ് സിനിമ സംവദിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍ മലയാളത്തിലെ എന്നുമോര്‍ക്കുന്ന പ്രകടനങ്ങളിലേക്ക് സ്വന്തം പേര് ചേര്‍ക്കുന്ന സിനിമയാണ് ഫൈനല്‍സ്. സങ്കടവും അമര്‍ഷവും നിരാശയുമൊന്നും പുറമേക്ക് പ്രകടിപ്പിക്കാത്തയാളാണ് കോച്ച് വര്‍ഗീസ്. നീണ്ടുനില്‍ക്കുന്ന മൗനങ്ങളില്‍, അടിമുടിതകര്‍ന്നു നില്‍ക്കുന്ന ശരീരഭാഷയില്‍, ചുരുങ്ങിയ വാക്കുകളിലൂടെയാണ് സുരാജിന് വര്‍ഗീസിനെ അനുഭവപ്പെടുത്തേണ്ടത്. മികച്ച കഥാപാത്ര സൃഷ്ടിയുമാണ് വര്‍ഗീസിന്റേത്. വര്‍ഗീസിനെ ഏറ്റവും നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നത് ആലീസാണ്. പ്രൊഫഷനല്‍ സൈക്ലിസ്റ്റിന്റെയും, പ്രണയിനിയുടെയും, മകളുടെയും മാനസിക തലങ്ങളില്‍ രജിഷ ആലീസിനെ ഭാവഭദ്രമാക്കിയിട്ടുണ്ട്.

രജിഷ മുന്‍പ് ചെയ്തതിനേക്കാള്‍ സങ്കീര്‍ണതയുള്ള കഥാപാത്രമാണ്. ആലീസ്-വര്‍ഗീസ് രംഗങ്ങളില്‍ രജിഷയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. നിരഞ്ജ് മുന്‍ സിനിമകളിലെ പ്രകടനം മറവിയിലാക്കുംവിധമാണ് മാനുവലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. സെക്കന്‍ഡ് ഹാഫില്‍ മാനുവലും നിരഞ്ജും ഒരു പോലെ പെര്‍ഫോര്‍മന്‍സില്‍ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ രംഗങ്ങളിലും, ആലീസിനൊപ്പം വീട്ടിനകത്തുള്ള രംഗങ്ങളിലും നിരഞ്ജ് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ഇടപെടുന്നതും കാണാം. ടിനി ടോം, മുത്തുമണി, നിസ്താര്‍ എന്നിവരും നന്നായിട്ടുണ്ട്. ഇടുക്കിയിലെ ഗ്രാമീണ മനുഷ്യരെ പൊതുബോധ മുന്‍വിധികളില്ലാതെ സമീപിച്ചതും ശ്രദ്ധേയമാണ്.

ഹൈറേഞ്ചിനെ ലാന്‍ഡ് സ്‌കേപ്പ് എന്ന നിലയില്‍ ചിത്രീകരിക്കുക എന്നതിനേക്കാള്‍ ആലീസിന്റെ ജീവിത പരിസരവും കായിക പരിശീലനവും രണ്ട് തലത്തില്‍ അനുഭവപ്പെടുത്തുക എന്നതിനാണ് സുദീപ് ഇളമണ്‍ ഫോക്കസ് ചെയ്തതെന്ന് തോന്നുന്നു. ചുരുങ്ങിയ ദൃശ്യങ്ങളില്‍ 'ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ആലീസിനെ' അവരുടെ കായിക മികവിനെ അനുഭവപ്പെടുത്താനായിട്ടുമുണ്ട്. മത്സരങ്ങളുടെ ചിത്രീകരണത്തില്‍ സ്‌പോര്‍ട്‌സ് ചാനലുകളുടെ ആസ്വാദനം സമ്മാനിക്കുന്ന രീതിയില്‍ ചിത്രീകരണശൈലി മാറ്റാനും സുദീപ് ശ്രമിച്ചിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് സ്‌കോറിലും ക്ലൈമാക്‌സിലേക്ക് അടുക്കുന്ന പാട്ടിലും കൈലാസ് മേനോന്‍ സിനിമയുടെ മൂഡും ഇമോഷനല്‍ ഗ്രാഫും ഉയര്‍ത്തുന്നുണ്ട്. സിനിമയുടെ താളവും പേസും സൃഷ്ടിക്കുന്നതില്‍ എഡിറ്റര്‍ ജിത് ജോഷിയും വിജയിച്ചിട്ടുണ്ട്.

കായികമേഖലയില്‍ ലോകമത്സരവേദികളിലെത്താന്‍ പ്രാപ്തരായ കുട്ടികളോട് സര്‍ക്കാരും സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിരന്തരം കാണിക്കാറുള്ള അവഗണന പല അടരുകളിലായി സിനിമ ഉന്നയിക്കുന്നുണ്ട്. പരിമിതമായ ജീവിതചുറ്റുപാടുകളില്‍ നിന്ന് ലോകനിലവാരത്തിലേക്ക് കായിക താരങ്ങളെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും നേരിടേണ്ടി വരുന്ന ചുവപ്പുനാടക്കുരുക്കും അപമാനവുമെല്ലാം അതിശയോക്തിയില്ലാതെ പറയുന്നുമുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in