'ഗോവിന്ദന്‍കുട്ടിയായത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല'; സിദ്ദിഖ് അഭിമുഖം

'ഗോവിന്ദന്‍കുട്ടിയായത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല'; സിദ്ദിഖ് അഭിമുഖം

'ഇന്‍ ഹരിഹര്‍ നഗ'റില്‍ ഗോവിന്ദന്‍കുട്ടിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. ആ സിനിമയില്‍ അശോകനും മുകേഷിനും ജഗതീഷിനുമൊപ്പം പ്രധാന കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തുവെന്നത് ഇപ്പോഴും അത്ഭുതമാണെന്നും സിദ്ദിഖ് ദ ക്യുവിനോട് പറഞ്ഞു. 1990 പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ സംവിധായകരായ സിദ്ദിഖ്-ലാലാണ് സംവിധാനം ചെയ്തത്. ഇരുവരുടെയും രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു 'ഇന്‍ ഹരിഹര്‍ നഗര്‍'.

സിദ്ദിഖ് പറഞ്ഞത്:

'ജന്മാന്തരം എന്ന സിനിമയിലാണ് ഞാനും അശോകനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിന് ശേഷമാണ് അശോകനുമായി അടുപ്പത്തിലാവുന്നത്. ആ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ഗള്‍ഫില്‍ ഒരു പരിപാടിക്ക് പോകാന്‍ എന്നെ അശോകന്‍ ക്ഷണിക്കുകയുണ്ടായി. അന്ന് ഞാന്‍ വലിയ പോപ്പുലറായ നടനൊന്നുമല്ല. ജന്മാന്തരം റിലീസ് ചെയ്തിരുന്നു. അശോകന്‍ തന്നെയാണ് എന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോകുന്നതും. അതിനായി ഞാന്‍ എറണാകുളത്ത് അശോകന്റെ വീട്ടിലേക്ക് പോയി. അവിടെയിത്തിയപ്പോള്‍ അശോകന്‍ സിദ്ദിഖ്-ലാലിനെ കാണാനായി പോയിരിക്കുകയാണെന്ന് പറഞ്ഞു.

അത് കഴിഞ്ഞ് അശോകന്‍ തിരിച്ച് വന്നിട്ട് എന്നോട് പറഞ്ഞു സിദ്ദിഖ് ലാലിന്റെ രണ്ടാമത്തെ സിനിമ വരുകയാണെന്ന്. അതില്‍ നാല് കഥാപാത്രങ്ങളാണ് ഉള്ളത്. അശോകന്‍ അതില്‍ ഒരു കഥാപാത്രമാണെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ ആ സിനിമ ഒരിക്കലും എനിക്ക് കിട്ടാന്‍ പോകുന്നില്ലെന്ന് തന്നെയാണ് ഞാന്‍ ചിന്തിച്ചത്. എങ്കിലും എനിക്ക് വലിയ സന്തോഷമായി. അതിന് ശേഷം ഞങ്ങള്‍ ഗള്‍ഫില്‍ പരിപാടിക്കെല്ലാം പോയി.

അവിടെ നിന്ന് തിരിച്ച് വന്നതിന് ശേഷം ആലപ്പുഴയില്‍ നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. അങ്ങനെ ഒരു ദിവസം ഞാന്‍ ഷൂട്ടിങ്ങിനായി പോകാന്‍ ഇറങ്ങുമ്പോള്‍ ഫാസിലിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളറായ പി എ ലത്തീഫ് എന്നെ കാണാന്‍ വന്നു. അദ്ദേഹം എന്നോട് പറഞ്ഞു ഇന്ന് തന്നെ എറണാകുളത്ത് പോയി സിദ്ദിഖിനെയും ലാലിനെയും കാണണമെന്ന്. അന്ന് വൈകുന്നേരം ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് വന്ന് ഞാന്‍ സിദ്ദിഖിനെയും ലാലിനെയും കണ്ടു.

അപ്പോഴും ഞാന്‍ കരുതുന്നത് ചെറിയ റോളെന്തെങ്കിലും സിനിമയില്‍ കിട്ടുമെന്നാണ്. എന്നാല്‍ നാല് പേരില്‍ ഒരാളാണ് ഞാനെന്ന് അവര്‍ എന്നോട് പറയുകയായിരുന്നു. എന്നിട്ട് സംവിധായകന്‍ സിദ്ദിഖ് എന്നോട് ഇന്‍ ഹരിഹര്‍ നഗറിന്റെ കഥ പറഞ്ഞു. പക്ഷെ ഇപ്പോഴും ഗോവിന്ദന്‍കുട്ടിയുടെ വേഷം എനിക്ക് കിട്ടി എന്നത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നാല് പേരില്‍ ഒരാളായ എങ്ങനെ അവര്‍ എന്നെ കാസ്റ്റ് ചെയ്തു എന്നത് ഇപ്പോഴും എനിക്ക് അത്ഭുതമാണ്.'

The Cue
www.thecue.in