റെക്കോഡ് ഫാന്‍ഷോയുമായി മരക്കാര്‍; ആദ്യ ദിനം കേരളത്തില്‍ മാത്രം 600 ഷോകള്‍

റെക്കോഡ് ഫാന്‍ഷോയുമായി മരക്കാര്‍; ആദ്യ ദിനം കേരളത്തില്‍ മാത്രം 600 ഷോകള്‍

റിലീസ് ദിനത്തില്‍ ഫാന്‍ ഷോകളുടെ എണ്ണത്തില്‍ റെക്കോഡ് ഇടാന്‍ ഒരുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ തിയേറ്ററിലെത്താന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഫാന്‍സ്‌ഷോകളുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. പുറത്തുവിട്ട് കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ മാത്രം 600ല്‍ അധികം തിയേറ്ററുകളിലാണ് ഫാന്‍ ഷോ നടക്കുക.

തിരവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫാന്‍ ഷോകള്‍ നടക്കുന്നത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളാണ് എണ്ണത്തില്‍ തൊട്ടുപിന്നിലെയുള്ളത്. കേരളത്തിനു പുറമെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും മരക്കാറിന് ഫാന്‍ഷോകള്‍ ഉണ്ടാവും. ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം റിലീസ് ദിനത്തില്‍ 1000മായിരിക്കുമെന്നാണ് നിഗമനം. ഫാന്‍ഷോകളുടെ അവസാന പട്ടിക ഡിസംബര്‍ 1ന് പുറത്തിറക്കും.

ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം തിയേറ്ററിലെത്തുന്നത്. ഒടിടി റിലീസിന് പോകാനിരുന്ന മരക്കാര്‍ സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്. ഉപാധികളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററില്‍ എത്തുക. ഡിസംബര്‍ 2നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത്.

The Cue
www.thecue.in