4 ദിവസം കൊണ്ട് കുറുപ്പ് 50 കോടി ക്ലബ്ബില്‍, പുതിയ റെക്കോര്‍ഡിട്ട് ദുല്‍ഖര്‍ സല്‍മാന്‍

4 ദിവസം കൊണ്ട് കുറുപ്പ് 50 കോടി ക്ലബ്ബില്‍, പുതിയ റെക്കോര്‍ഡിട്ട് ദുല്‍ഖര്‍ സല്‍മാന്‍

4 ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പത് കോടിയുടെ നേട്ടം. പ്രേക്ഷകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍.

കൂട്ടായ്മയുടെ വിജയമാണ് കുറുപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍, പ്രതിസന്ധികള്‍ നിറഞ്ഞ, സ്വയം സംശയം തോന്നിയ നിരവധി നിമിഷങ്ങള്‍. അതെല്ലാം ഫലം കണ്ടിരിക്കുന്നു. വാക്കുകളില്‍ എങ്ങനെ നന്ദി അറിയിക്കും എന്ന് എനിക്ക് അറിയില്ല.

ഇരുകയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. തിയറ്ററിലേക്ക് തിരികെ വന്നതിനും നന്ദി. ഇത് എന്റെയോ എന്റെ ടീമിന്റെയോ മാത്രം വിജയമല്ല, ഇത് എല്ലാവരുടെയും വിജയമാണ്. തിയറ്ററുകളിലേക്ക് ഒരുപാട് സിനിമകളെ വരട്ടെ', ദുല്‍ഖര്‍ കുറിച്ചു.

1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു.

The Cue
www.thecue.in