'മരക്കാര്‍ തിയേറ്റര്‍ റിലീസിന് കാരണം സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍'; സി ജെ റോയ്

'മരക്കാര്‍ തിയേറ്റര്‍ റിലീസിന് കാരണം സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍'; സി ജെ റോയ്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സഹ നിര്‍മ്മാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി. സുചിത്ര മോഹന്‍ലാലിന്റെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു എന്നാണ് സിജെ റോയ് കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. സ്ത്രീശക്തി വിജയിക്കട്ടെ.

ചെന്നൈയിലെ മരക്കാറിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പറഞ്ഞത് സുചിത്ര ചേച്ചിയാണ്. പ്രിവ്യൂവിന് ശേഷം എല്ലാവരും ഒരുമിച്ചുള്ള ഡിന്നറിന്റെ സമയത്തും ചേച്ചി ലാലേട്ടനോടും, ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും തിയേറ്റര്‍ റിലീസിനെ കുറിച്ച് സംസാരിച്ചു. സുചിത്ര ചേച്ചിയുടെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു.

ലാലേട്ടനും, ആന്റണിയും, പ്രിയദര്‍ശനും, മരക്കാറിന്റെ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും എല്ലാ അംഗങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും ഒരുപാട് നന്ദി.'

ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള കരാറിന് മുമ്പായി ചെന്നൈയില്‍ ലിസിയുടെ ഉടമസ്ഥതയിലുള്ള ലേ മാജിക് ലാന്റേണ്‍ തിയറ്ററില്‍ നടന്ന മരക്കാര്‍ പ്രിവ്യൂ ഷോ ആണ് അപ്രതീക്ഷിത ട്വിസ്റ്റിന് വഴിയൊരുക്കിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഒടിടി റൈറ്റ്സും ഏഷ്യാനെറ്റിലെ സാറ്റലൈറ്റ് അവകാശവും ഉള്‍പ്പെടെ 80 കോടിക്കടുത്ത് തുകയാണ് മരക്കാറിന് ലഭിക്കാനിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ലേ മാജിക് ലാന്റേണ്‍ സ്റ്റുഡിയോയിലെ തിയറ്ററിലായിരുന്നു നവംബര്‍ എട്ടിന് പ്രൈവറ്റ് സ്‌ക്രീനിംഗ്. മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സഹനിര്‍മ്മാതാവ് സി ജെ റോയ്, സമീര്‍ ഹംസ, വിനീത് ശ്രീനിവാസന്‍ തുടങ്ങി 20 ഓളം പേരാണ് സ്‌ക്രീനിങ്ങിനുണ്ടായിരുന്നത്. എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി മരക്കാര്‍ കണ്ടതും ഇവിടെ വച്ചാണ്. പ്രീവ്യൂ സ്‌ക്രീനിംഗില്‍ സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പെടെ പങ്കുവച്ചത് ചിത്രം തിയറ്റര്‍ റിലീസ് മതിയെന്ന അഭിപ്രായമായിരുന്നു. ബിഗ് സ്‌ക്രീനിന് വേണ്ടി നിര്‍മ്മിച്ച ചിത്രം തിയറ്ററിന് നഷ്ടമായത് തിയറ്റര്‍ സംഘടനകളുടെ പിടിവാശി മൂലമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശനും നേരത്തെ പറഞ്ഞിരുന്നു.

The Cue
www.thecue.in