കേരളാ ബോക്സ് ഓഫീസിലെ ഒന്നാമനാകുമോ ദുല്‍ഖര്‍?, 1500 തിയറ്ററുകളില്‍; 475 ഫാന്‍സ് ഷോ

കേരളാ ബോക്സ് ഓഫീസിലെ ഒന്നാമനാകുമോ ദുല്‍ഖര്‍?, 1500 തിയറ്ററുകളില്‍; 475 ഫാന്‍സ് ഷോ

ആദ്യ ദിന തിയറ്റര്‍ കളക്ഷനില്‍ മലയാളത്തിലെ യുവതാരങ്ങളിലെ ഒന്നാമനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. നീണ്ട ഇടവേള അവസാനിപ്പിച്ച് തിയറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഒന്നാമനാകുമോ ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് കാത്തിരുന്നറിയേണ്ടത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവും ഏറ്റവും വലിയ റിലീസുമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് 1500 തിയറ്ററുകളിലാണ് വേള്‍ഡ് വൈഡ് റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും ഒന്നിച്ചെത്തുന്നു. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ട്.

വൈഡ് റിലീസിനൊപ്പം 475 ഫാന്‍സ് ഷോകളും കുറുപ്പിനുണ്ട്. ചാര്‍ലി, ജോമോന്റെ സുവിശേഷങ്ങള്‍, കലി എന്നീ സിനിമകള്‍ ഓപ്പണിംഗ് ഡേ കളക്ഷനില്‍ റെക്കോര്‍ഡിട്ടവയായിരുന്നു. സിനിമാ സമരം അവസാനിപ്പിച്ചെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ 2 കോടി 71 ലക്ഷമാണ് ഓപ്പണിംഗ് ഗ്രോസ് കളക്ഷനായി നേടിയിരുന്നത്. കസബ, കലി എന്നീ സിനിമകളുടെ കളക്ഷനെ പിന്നിലാക്കിയിരുന്നു മുന്നേറ്റം.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം തിയറ്റര്‍ റിലീസായെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രവുമാണ് കുറുപ്പ്. ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ശോഭിത ധുലിപാലയാണ് നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് ടആഗ, പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ & എസ്‌തെറ്റിക് കുഞ്ഞമ്മ.

The Cue
www.thecue.in