മരക്കാര്‍ ഒടിടിക്കൊപ്പം തിയേറ്റര്‍ റിലീസിന് നീക്കം, പിന്തുണച്ച് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍

മരക്കാര്‍ ഒടിടിക്കൊപ്പം തിയേറ്റര്‍ റിലീസിന് നീക്കം, പിന്തുണച്ച് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ പ്രിമിയര്‍ ഉറപ്പായതോടെ ഇതിനൊപ്പം തിയറ്റര്‍ റിലീസിന് നീക്കം. ആമസോണ്‍ പ്രിമിയര്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഫാന്‍സ് ഷോ, തിയറ്റര്‍ റിലീസ് എന്നിവ നടത്താനാണ് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമസും ശ്രമിക്കുന്നത്. 150 ദിവസം കഴിഞ്ഞാല്‍ തിയറ്റര്‍ റിലീസ് ചെയ്യാനുള്ള അനുമതി ഒടിടി കരാറില്‍ നേരത്തെ ആക്കാനും നീക്കം നടക്കുന്നതായി സിനിമാ വൃത്തങ്ങള്‍ അറിയിക്കുന്നു.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് മരക്കാര്‍ സിനിമയുമായും ആന്റണി പെരുമ്പാവൂരുമായും ഇനി സഹകരിക്കില്ല എന്ന നിലപാടിലാണ്. എന്നാല്‍ ആശിര്‍വാദ് സിനിമാസിന്റെ 25 ഓളം സ്‌കീനുകളിലും ദിലീപ്, സോഹന്‍ റോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലും മരക്കാര്‍ ഒടിടിക്ക് പിന്നാലെ റിലീസ് ചെയ്യാന്‍ ആണ് നീക്കം.

ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ത്രീ ഡി, ലൂസിഫര്‍ സീക്വല്‍ (എമ്പുരാന്‍) എന്നിവ തിയേറ്റര്‍ റിലീസ് ആയതിനാല്‍ ആന്റണി പെരുമ്പാവൂരുമായും മോഹന്‍ലാലുമായും തര്‍ക്കം തുടരാന്‍ ഫിയോകിലെ വലിയൊരു വിഭാഗം തിയറ്റര്‍ ഉടമകള്‍ക്ക് താല്പര്യം ഇല്ല. വിജയകുമാര്‍ മാറിയാല്‍ മാത്രമേ ഫിയോക് സംഘടനയിലേക്ക് തിരികെ വരൂ എന്നാണ് ആന്റണി പെരുമ്പാവൂരിന്റെ നിലപാട്. സംഘടന ചെയര്‍മാന്‍ ആയ നടന്‍ ദിലീപും ഫിയോകുമായി സഹകരിച്ചേക്കില്ല. ഇത് തിയേറ്റര്‍ സംഘടന ഫിയോക് പിളര്‍പ്പിലേക്കാണ് എത്തിച്ചേരുക.

The Cue
www.thecue.in