'20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്ക് വേണ്ടി കായംകുളം കൊച്ചുണ്ണി എഴുതി'; എ കെ സാജന്‍

'20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്ക് വേണ്ടി കായംകുളം കൊച്ചുണ്ണി എഴുതി'; എ കെ സാജന്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കായംകുളം കൊച്ചുണ്ണി സുരേഷ് ഗോപിക്ക് വേണ്ടി എഴുതിയിരുന്നു എന്ന് തിരക്കഥാകൃത്ത് എ കെ സാജന്‍. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഒന്നര മാസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന് വേണ്ടി മംഗലാപുരത്ത് ലൊക്കേഷന്‍ വരെ നോക്കിയിരുന്നു. പക്ഷെ അന്നത്തെ കാലത്ത് ആ സിനിമയെടുക്കാനുള്ള ചിലവ് വളരെ വലുതായിരുന്നു എന്ന് എ കെ സാജന്‍ ദ ക്യുവിനോട് പറഞ്ഞു.

എ കെ സാജന്റെ വാക്കുകള്‍:

'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കായംകുളം കൊച്ചുണ്ണി സുരേഷ് ഗോപിക്ക് വേണ്ടി എഴുതിയിരുന്നു. അന്ന് ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഇരുന്ന് ഒന്നരമാസം കൊണ്ട് സ്‌ക്രിപ്റ്റ് എഴുതി. അതിന് വേണ്ടി കുറച്ച് പഠനങ്ങളൊക്കെ നടത്തി. ജഗതി ചേട്ടന്റെ അച്ഛനായ ജഗതി എന്‍ കെ ആചാരിയാണ് കായംകുളം കൊച്ചുണ്ണി നാടകം എഴുതിയിട്ടുള്ളത്. അദ്ദേഹത്തെ പോയി കണ്ടിരുന്നു. പിന്നെ അതിന്റെ ഭാഷയെ കുറിച്ചും പഠനങ്ങള്‍ നടത്തി.

അതിനിടക്ക് നാടകത്തിലെ വാഴപ്പിള്ളി ജാനകി എന്ന കഥാപാത്രം ചരിത്രത്തിലിലെന്ന് ആചാരി സര്‍ എന്നോട് പറഞ്ഞു. ഞാന്‍ കരുതിയത് അത് ചരിത്രത്തില്‍ ഉള്ള കഥാപാത്രമായിരിക്കുമെന്നാണ്. കൊട്ടാരത്തില്‍ അന്നൊരു സ്ത്രീയുണ്ടായിരുന്നു അവരെ കൊണ്ട് വലിയ ശല്യമായിരുന്നു. അവരുടെ പേര് വാഴപ്പിള്ളി ജാനകി എന്നായിരുന്നു. അങ്ങനയാണ് ആ പേരില്‍ നാടകത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ എഴുതിയതെന്ന് ആചാരി സര്‍ എന്നോട് പറഞ്ഞു.

അത് കേട്ടപ്പോള്‍ ചരിത്രമെങ്ങനെയാണ് തിരിഞ്ഞ് വരുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയി. എഴുത്തുകാരന്‍ ഉണ്ടാക്കുന്ന ഒരു ചരിത്രമുണ്ട്. പിന്നീട് വാഴപ്പിള്ളി ജാനകി കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി മാറുകയാണ്. പുതിയ കായംകുളം കൊച്ചുണ്ണിയിലും ഞാന്‍ ആ കഥാപാത്രത്തെ കണ്ടു.

അന്ന് അങ്ങനെ കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. അന്ന് മധുബാല്‍ എന്റെ അസിസ്റ്റന്റ് ആയിരുന്നു. ഇപ്പോഴും എന്റെ വീട്ടില്‍ ആ തിരക്കഥയിരിപ്പുണ്ട്. അന്ന് ഞങ്ങള്‍ മംഗലാപുരത്തൊക്കെ ലൊക്കേഷന്‍ നോക്കാന്‍ പോയിരുന്നു. പക്ഷെ അതിന്റെ ഒരു കോസ്റ്റ് അന്നത്തെ കാലത്ത് വര്‍ക്ക് ചെയ്ത് വന്നപ്പോള്‍ വലുതായിരുന്നു. അങ്ങനെയാണ് കാശ്മീരത്തിലേക്ക് പോകുന്നത്.'

Related Stories

No stories found.
logo
The Cue
www.thecue.in