'മലയാള സിനിമകള്‍ നവംബര്‍ മുതല്‍, കുറുപ്പിന് മുമ്പ് നൂറ് ശതമാനം പ്രവേശനാനുമതിക്ക് സാധ്യത': ലിബര്‍ട്ടി ബഷീര്‍

'മലയാള സിനിമകള്‍ നവംബര്‍ മുതല്‍, കുറുപ്പിന് മുമ്പ് നൂറ് ശതമാനം പ്രവേശനാനുമതിക്ക് സാധ്യത': ലിബര്‍ട്ടി ബഷീര്‍

കേരളത്തില്‍ ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായിരിക്കുകയാണ്. നൂറില്‍പരം മലയാള സിനിമകളാണ് റിലീസ് ചെയ്യാനായി കാത്തിരിക്കുന്നത്. എന്നാല്‍ മലയാള സിനിമകള്‍ തിയറ്റര്‍ തുറന്നാല്‍ ഉടന്‍ റിലീസ് ഉണ്ടാവില്ലെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. എല്ലാ മലയാള സിനിമകളും നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ തിയറ്ററിലെത്തുകയുള്ളു എന്ന് ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പാണ് തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രം. നവംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവില്‍ അമ്പത് ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചാണ് തിയറ്റര്‍ തുറക്കുന്നത്. എന്നാല്‍ കുറുപ്പിന്റെ റിലീസിന് മുമ്പ് നൂറ് ശതമാനം പ്രവേശനാനുമതി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍.

നികുതി ഇളവിന്റെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാവും

ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിളിച്ച ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്തിരുന്നു. ഞങ്ങള്‍ പറഞ്ഞ ആവശ്യങ്ങള്‍ എല്ലാം തന്നെ മന്ത്രി കേട്ടു. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഓരോ വകുപ്പ് തല മന്ത്രിമാരായും ചര്‍ച്ച നടത്തിയതിന് ശേഷം എത്രയും പെട്ടന്ന് തന്നെ തീരുമാനം എടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ അത് എത്രത്തോളം വിജയിക്കുമെന്ന് പറയാന്‍ കഴിയില്ല.

മരക്കാര്‍ ഒടിടിക്ക് കൊടുക്കാനാവില്ല

മരക്കാര്‍ എന്ന സിനിമ ഒടിടിക്ക് കൊടുക്കാന്‍ സാധിക്കില്ല. കേരളത്തിലെ 350 തിയറ്ററുകളില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പേ കോടിക്കണക്കിന് രൂപ അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ചേമ്പറിന് അവര്‍ ചിത്രം തിയറ്റര്‍ റിലീസ് ആണെന്ന് എഴുതി കൊടുത്തിട്ടുണ്ട്. തിയറ്ററിന് കൊടുത്ത സിനിമ ഒടിടി റിലീസ് ചെയ്യാന്‍ പാടില്ലെന്ന് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിയറ്ററില്‍ റിലീസ് ചെയ്ത് മുപ്പത് ദിവസത്തിന് ശേഷം മാത്രമെ ഒടിടിക്ക് കൊടുക്കാന്‍ സാധിക്കുകയുള്ളു. ആ തീരുമാനം ലംഘിച്ചു കൊണ്ട് മരക്കാര്‍ ഒരിക്കലും ഒടിടിക്ക് കൊടുക്കാന്‍ കഴിയില്ല. അത് ചേമ്പറിനെ ധിക്കരിക്കലായി പോകും. അത് മാത്രമല്ല കേരളത്തിലെ ഏകദേശം എല്ലാ തിയറ്ററുകളില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. പിന്നെ അവര്‍ തിയറ്റര്‍ റിലീസിന് ശേഷം ഒടിടിക്ക് കൊടുക്കാമെന്ന തീരുമാനത്തില്‍ ആയിട്ടുണ്ടാവും. പക്ഷെ 30 ദിവസത്തിന് മുമ്പ് കൊടുത്താല്‍ അത് ചേമ്പറിന്റെ നിയമത്തിന് ലംഘനമാണ്. പിന്നെ ബാക്കിയെല്ലാം അവരുടെ തീരുമാനമാണ്. നമുക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

മലയാള സിനിമകളുടെ റിലീസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

'ഒക്ടോബര്‍ 28ന് ഒരു മലയാള സിനിമയും റിലീസ് ഇല്ല. എല്ലാ മലയാളം സിനിമകളും നവംബര്‍, ഡിസംബറിന് ശേഷമാണ് റിലീസ് ചെയ്യുന്നത്. പിന്നെ ജയ്മസ് ബോണ്ട് പടമോ, തമിഴ് സിനിമകളോ വെച്ച് പെട്ടന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. കാരണം അവയെല്ലാം ആദ്യമെ റിലീസ് ചെയ്ത സിനിമകളാണ്. അതെല്ലാം മിക്ക ആളുകളും ഇന്റര്‍നെറ്റ് വഴി കണ്ടിട്ടുണ്ടാവും. നമ്മള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച സിനിമകളെല്ലാം നേരത്തെ തന്നെ റിലീസ് ചെയ്തവയാണ്. അത് വെച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററില്‍ എത്ര ആളുകള്‍ കയറുമെന്ന് അറിയില്ല.

അണ്ണാത്തെ നവംബര്‍ നാലിന്

നവംബര്‍ 4ന് രജനികാന്തിന്റെ അണ്ണാത്തെ റിലീസ് ഉണ്ട്. അത് ആദ്യമായി റിലീസ് ചെയ്യുന്ന സിനിമയാണ്. അതുപോലെ ഫസ്റ്റ് റിലീസായി വരുന്ന രണ്ട് മൂന്ന് തമിഴ് സിനിമകളുണ്ട്. നവംബര്‍, ഡിസംബറോട് കൂടി തിയറ്റര്‍ മുഴുവനായും പ്രവര്‍ത്തനം ആരംഭിക്കും. അപ്പോഴേക്കും അമ്പത് ശതമാനത്തില്‍ നിന്ന് പ്രവേശനാനുമതി നൂറ് ശതമാനം ആക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പിന്നെ സെക്കന്റ് ഷോയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.

കുറിപ്പ് റിലീസിന് മുമ്പ് നൂറ് ശതമാനം പ്രവേശനാനുമതി ലഭിക്കാന്‍ സാധ്യത

കുറുപ്പിന്റെ റിലീസ് ആകുമ്പോഴേക്കും ആളുകള്‍ തിയറ്ററിലേക്ക് വന്ന് തുടങ്ങും. പിന്നെ കുറുപ്പ് റിലീസിനോട് അനുബന്ധിച്ച് നൂറ് ശതമാനം പ്രവേശനാനുമതി ആക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കാരണം സിനിമ അന്യ ഭാഷകളിലും റിലീസ് ഉണ്ട്. അതില്‍ തമിഴ്‌നാട്ടിലും കേരളത്തിനും പുറത്ത് നൂറ് ശതമാനമാണ് തിയറ്ററുകളില്‍ പ്രവേശനാനുമതിയുള്ളത്. അതെല്ലാം തന്നെ മന്ത്രിക്ക്് ഞങ്ങള്‍ വ്യക്തമായി മനസിലാക്കി കൊടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in