മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസീലേക്ക് ?

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസീലേക്ക് ?

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി റിലീസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിലായി മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നാണ് സിനിമാ മേഖലയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 25ന് തിയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ ഫെസ്റ്റിവല്‍ റിലീസുകളായി മരക്കാര്‍, ആറാട്ട് എന്നീ സിനിമകളെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തിയറ്ററിന് വേണ്ടി മാത്രം ഒരുക്കിയ സിനിമയാണെന്നും ഒരിക്കലും ഒടിടി റിലീസ് ആലോചിക്കില്ലെന്നും നേരത്തെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. 2020 മാര്‍ച്ച് റിലീസായി ആലോചിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം പല തവണ റിലീസ് മാറ്റിവെച്ചെങ്കിലും കൊവിഡ് മൂലം നടന്നില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവയും ഒടിടി റിലീസായാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിയറ്ററുകള്‍ തുറന്നാലും പൂര്‍ണതോതില്‍ പ്രേക്ഷകരെത്തിത്തുടങ്ങാന്‍ മാസങ്ങളെടുക്കുമെന്നതും ഗ്ലോബല്‍ റിലീസ് എന്നതില്‍ ഉള്‍പ്പെടെ അനിശ്ചിതത്വം നിലനില്‍ക്കുന്നതുമാണ് മരക്കാര്‍ ഒടിടി റിലീസിന് കാരണമെന്ന് അറിയുന്നു. മുംബൈയില്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രതിനിധികള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ടതായും വമ്പന്‍ തുക ഓഫര്‍ ചെയ്തെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.

തിയറ്റര്‍ റിലീസായി ആലോചിച്ച ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം എന്നീ സിനിമകളും ഒടിടി റിലീസിലേക്ക് മാറിയിരുന്നു. ആമസോണ്‍, ഹോട്സ്റ്റാര്‍ ഡിസ്നി, നെറ്റ്ഫ്ളിക്സ്, സീ ഫൈവ്, സോണി ലിവ് എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ക്രിസ്മസ് റിലീസുകളുമായി തിയറ്ററിനൊപ്പം മത്സരിക്കാനൊരുങ്ങുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in