'അന്ന് ഒരേ ലോഡ്ജിലെ താമസക്കാര്‍, പിന്നെ പുള്ളി പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് വളര്‍ന്നു'; ചിരഞ്ജീവിയെ കുറിച്ച് കുണ്ടറ ജോണി

'അന്ന് ഒരേ ലോഡ്ജിലെ താമസക്കാര്‍, പിന്നെ പുള്ളി പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് വളര്‍ന്നു'; ചിരഞ്ജീവിയെ കുറിച്ച് കുണ്ടറ ജോണി

തെലുങ്ക് താരം ചിരഞ്ജീവിക്കൊപ്പമുള്ള പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ കുണ്ടറ ജോണി. മദ്രാസില്‍ ഷൂട്ടിങ്ങ് നടന്നിരുന്ന കാലത്ത് ഒരേ ലോഡ്ജില്‍ ചിരഞ്ജീവിക്കൊപ്പം താമസിച്ചിരുന്നതും അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളെ കുറിച്ചും ജോണി കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

ആ സമയത്ത് ചിരഞ്ജീവി വളര്‍ന്ന് വരുന്ന സമയമായിരുന്നു. അന്ന് മദ്രാസ് ആര്‍ കെ ലോഡ്ജില്‍ ഒരേ നിലയിലാണ് ചിരഞ്ജീവിയും താനും താമസിച്ചിരുന്നത്. കാണുമ്പോഴെല്ലാം സിനിമയെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും സംസാരിച്ച് ഒപ്പമുണ്ടായിരുന്നുവെന്നും ജോണി പറയുന്നു.

കുണ്ടറ ജോണിയുടെ വാക്കുകള്‍: 'ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദ്രാസ് ആര്‍ കെ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവിയെ കാണുന്നത്. അന്ന് അദ്ദേഹം അത്ര പ്രശസ്തന്‍ ഒന്നുമല്ല. അന്ന് ഒരേ നിലയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ ആര്‍ കെ ലോഡ്ജിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലും ആയിരുന്നു താമസം. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്ന്റൈന്‍ ചെയ്യുമായിരുന്നു.

കോണിപ്പടി കയറി വരുമ്പോള്‍ തന്നെ കാണുന്നത് ചിരഞ്ജീവിയുടെ മുറി ആയിരുന്നു. അന്ന് പുറത്തു പോയി വരുമ്പോള്‍ നാന പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വരുമായിരുന്നു. ഞാന്‍ ഇതുമായി പോകുമ്പോള്‍ സാര്‍ കൊടുങ്കോ എന്ന് പറഞ്ഞ് ചിരഞ്ജീവി അത് വാങ്ങും. എന്റെ ഫോട്ടോ കാണുമ്പോള്‍ സാര്‍ ഉങ്കളുടെ ഫോട്ടോ എന്ന് പറഞ്ഞ് കാണിച്ചു തരും. പിന്നെ സിനിമ വിശേഷങ്ങളും അദ്ദേഹം ചോദിച്ചിരുന്നു. അന്ന് ചിരഞ്ജീവി വളര്‍ന്നു വരുന്ന സമയമായിരുന്നു. അല്ലാതെ തന്നെ കാണുമ്പോഴെല്ലാം വിശേഷം ചോദിച്ചും സംസാരിച്ചും ഒപ്പം ഉണ്ടാവും. പിന്നെ പിന്നെ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് ചിരഞ്ജീവി വളര്‍ന്നു.'

Related Stories

No stories found.