'മോഹന്‍ലാല്‍ റിഹേഴ്‌സല്‍ ചെയ്താണോ അഭിനയിച്ചത്'; താളവട്ടം കണ്ട് ആമീര്‍ ഖാന്‍ പറഞ്ഞതിനെ കുറിച്ച് പ്രിയദര്‍ശന്‍

'മോഹന്‍ലാല്‍ റിഹേഴ്‌സല്‍ ചെയ്താണോ അഭിനയിച്ചത്'; താളവട്ടം കണ്ട് ആമീര്‍ ഖാന്‍ പറഞ്ഞതിനെ കുറിച്ച് പ്രിയദര്‍ശന്‍

വാനപ്രസ്ഥത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച സമയത്ത് മോഹന്‍ലാലിനെ കുറിച്ച് ദൂരദര്‍ശന്‍ ഒരുക്കിയ ഡോക്യുമെന്ററി അടുത്തിടെ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. താരങ്ങളുടെ താരം എന്ന ഡോക്യൂമെന്ററിയില്‍ മോഹന്‍ലാലിനെ കുറിച്ച് സംവിധായകരായ ഷാജി എന്‍ കരുണ്‍, വി പി ധനഞ്ജയന്‍, ഫാസില്‍, സിബി മലയില്‍, എംടി വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവര്‍ സംസാരിക്കുന്നുണ്ട്. അതില്‍ മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ മറ്റ് ഇതിഹാസ നടന്‍മാരില്‍ നിന്ന് മോഹന്‍ലാല്‍ എങ്ങനെ വ്യത്യസ്തനാവുന്നു എന്നതിനെ കുറിച്ചാണ് പ്രിയദര്‍ശന്‍ സംസാരിച്ചിരിക്കുന്നത്. താളവട്ടത്തിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് ആമീര്‍ ഖാന്‍ ചോദിച്ച കാര്യങ്ങളും പ്രിയദര്‍ശന്‍ പങ്കുവെച്ചു.

പ്രിയദര്‍ശന്റെ വാക്കുകള്‍: 'ലാലിനെ കുറിച്ച് പറയുമ്പോള്‍ ഒരു സുഹൃത്ത് എന്നതിനെക്കാള്‍ അയാളിലെ നടനെ കുറിച്ച് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. ഞാന്‍ പല ഭാഷകളിലുള്ള ഇന്ത്യയിലെ നടന്‍മാര്‍ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. അവരില്‍ നിന്നെല്ലാം മോഹന്‍ലാലിന്റെ അഭിനയയം വ്യത്യസ്തമാണ്. രണ്ട് തരം അഭിനയ രീതിയുണ്ട്. ഒന്ന് മെത്തോടിക്കല്‍ ആക്ടിങ്ങ്. നമ്മുടെ ലെജന്റുകളായ കമല്‍ ഹാസന്‍, നസറുദ്ദീന്‍ ഷാ, പരേഷ് രാവല്‍ എന്നിവരെല്ലാം മെത്തോടിക്കല്‍ ആക്ടിങ്ങ് ചെയ്യുന്നവരാണ്.

എന്റെ താളവട്ടം എന്ന സിനിമ കണ്ടതിന് ശേഷം എന്നോട് ആമീര്‍ ഖാന്‍ ചോദിച്ചു മോഹന്‍ലാല്‍ നേരത്തെ റിഹേഴ്‌സല്‍ ചെയ്തിട്ടാണോ ഈ റോള്‍ ചെയ്തതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു അല്ല അത് വളരെ സ്വാഭാവികമായി ലാല്‍ ആ നിമിഷത്തില്‍ ചെയ്യുന്നതാണ്. അതാണ് ലാലിന്റെ ഗുണവും. ഒരു തയ്യാറെടുപ്പുമില്ലാതെ വളരെ സ്വാഭാവികമായും അനായാസമായും അഭിനയിക്കാന്‍ കഴിയുമെന്നതാണ് ലാലിന്റെ പ്രത്യേകത. അല്ലാതെ സീന്‍ കേട്ടതിന് ശേഷം കുറച്ച് സമയം തനിച്ച് ഇരിക്കുകയോ ഒന്നും ചെയ്യില്ല. ക്യാമറ ഓണ്‍ ചെയ്ത് സ്റ്റാര്‍ട്ട് പറഞ്ഞാല്‍ മോഹന്‍ലാലില്‍ നിന്ന് അയാള്‍ കഥാപാത്രമായി മാറും. അത് വലിയ നേട്ടം തന്നെയാണ്.'

Related Stories

No stories found.