'ഫഹദ് കണ്ണ് അനക്കുന്നത് പോലും ഗംഭീര അഭിനയം'; അസാമാന്യ നടനെന്ന് ശിവകാര്‍ത്തികേയന്‍

'ഫഹദ് കണ്ണ് അനക്കുന്നത് പോലും ഗംഭീര അഭിനയം'; അസാമാന്യ നടനെന്ന് ശിവകാര്‍ത്തികേയന്‍

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ ഡോക്ടര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തന്റെ മികച്ച അഭിനയ ശൈലികൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയിലും താരത്തിന് ആരാധകരുണ്ട്.

ഡോക്ടര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ 'ഡി.ആര്‍.എസ് വിത്ത് ആഷ്' എന്ന പരിപാടിയില്‍ ശിവകാര്‍ത്തികേയന്‍ സംസാരിച്ചിരുന്നു. പരിപാടിയില്‍ ഫഹദ് ഫാസിലിനെ കുറിച്ച് താരം നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട നടന്‍മാര്‍ ആരാണെന്ന ചോദ്യത്തിനാണ് ശിവകാര്‍ത്തികേയന്‍ ഫഹദിനെ കുറിച്ച് സംസാരിച്ചത്.

'ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അന്ന് ഫഹദിന്റെ അഭിനയം കണ്ട് അതിശയപ്പെട്ട് പോയിട്ടുണ്ട്. അഭിനയത്തില്‍ ഭയങ്കരമായ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാവില്ല. പക്ഷെ വളരെ ചെറിയ രീതിയിലുള്ള ഭാവ വ്യത്യാസങ്ങളായിരിക്കും. കണ്ണ് അനങ്ങുന്നത് പോലും മികച്ച അഭിനയമായിരിക്കും. ശരീരത്തിലും കഥാപാത്രത്തിന് വേണ്ടി വലിയ മാറ്റങ്ങളൊന്നും ഫഹദ് ചെയ്യില്ല. അതെന്ത് കൊണ്ടാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ശാരീരികമായ മാറ്റം വരുത്തുന്നത് അസ്വസ്തതയുണ്ടാക്കുമെന്നാണ് പറഞ്ഞത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൊക്കെ ഫഹദിന്റെ ചെറിയ റിയാക്ഷനുകള്‍ പോലും ഗംഭീരമാണ്. ഫഹദ് സിനിമയില്‍ ഉള്ളത് തന്നെ എനിക്ക് അഭിമാനമാണ്. ഫഹദ് ഒരു അസാമാന്യ നടനാണ്. ' - ശിവകാര്‍ത്തികേയന്‍

2017ല്‍ റിലീസ് ചെയ്ത വേലൈക്കാരനിലാണ് ഫഹദും ശിവകാര്‍ത്തികേയനും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.