രാവണന്‍ ഇനി സ്‌ക്രീനില്‍; 'ആദിപുരുഷ്' ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി സൈഫ് അലി ഖാന്‍

രാവണന്‍ ഇനി സ്‌ക്രീനില്‍; 'ആദിപുരുഷ്' ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി സൈഫ് അലി ഖാന്‍

ഓം റാവത്ത് ചിത്രം 'ആദിപുരുഷി'ന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ബോളിവുഡ് താരം സൈഫ് അലി ഖാന്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ രാവണനായാണ് താരം എത്തുന്നത്. ഓം റാവത്താണ് സൈഫ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. താരത്തിന് നല്‍കിയ റാപ്പ്-അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ സംവിധായകന്‍ ഓം റാവത്ത് പങ്കുവെച്ചു. 'സിനിമയില്‍ ലങ്കേഷിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി' എന്ന ക്യാപ്ക്ഷനോടെയാണ് ഓം ചിത്രങ്ങള്‍ പങ്കുവെച്ചത്.

'ആദിപുരുഷി'ല്‍ പ്രഭാസാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ കൃതി സനോണ്‍, സണ്ണി സിങ്ങ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. 2022 ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഓം റാവത്തിന്റെ 'തന്‍ഹാജി' എന്ന ചിത്രത്തിലും സൈഫ് പ്രധാന കഥാപാത്രമായിരുന്നു. 2020ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, കജോള്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ആദിപുരുഷിന് പുറമെ 'ഹണ്ടര്‍', 'ബണ്ടി ആന്റ് ബബ്ലി 2' എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൈഫ് അലി ഖാന്‍ ചിത്രങ്ങള്‍. ഈ വര്‍ഷം ആമസോണ്‍ സീരീസായ 'താണ്ഡവി'ല്‍ സൈഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ താരത്തിന്റെ 'ഭൂത്‌പൊലീസ്' എന്ന ചിത്രവും സെപ്റ്റംബറില്‍ റിലീസ് ചെയ്തു. ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍, ജാക്കലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Related Stories

No stories found.