'ഈ പ്രതിസന്ധികള്‍ നിന്നെ മികച്ച വ്യക്തിയാക്കും'; ആര്യന്‍ ഖാന് കത്തെഴുതി ഹൃത്വിക് റോഷന്‍

'ഈ പ്രതിസന്ധികള്‍ നിന്നെ മികച്ച വ്യക്തിയാക്കും'; ആര്യന്‍ ഖാന് കത്തെഴുതി ഹൃത്വിക് റോഷന്‍

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണയറിയിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ആര്യന് ഇന്‍സ്റ്റഗ്രാമിലൂടെ കത്തെഴുതിയാണ് താരം പിന്തുണ അറിയിച്ചത്. നിലവില്‍ ആര്യന്‍ കടന്ന് പോകുന്ന പ്രതിസന്ധികള്‍ ഭാവിയിലേക്ക് കരുത്തേകാനുള്ളവയാണെന്നാണ് ഹൃത്വിക് കത്തില്‍ പറയുന്നു.

ഹൃത്വിക് റോഷന്റെ കത്ത്:

'എന്റെ പ്രിയപ്പെട്ട ആര്യന്,

ജീവിതം വളരെ വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് ജീവിതത്തെ മഹത്വപൂര്‍ണ്ണമാക്കുന്നത്. നമുക്ക് മുന്നിലേക്ക് ജീവിതം പ്രതിസന്ധികളെ എറിഞ്ഞുകൊണ്ടേ ഇരിക്കും. എന്നാല്‍ ദൈവം കരുണയുള്ളവനാണ്. അവന്‍ കരുത്തരായവര്‍ക്കാണ് കഠിനമായ പ്രതിസന്ധികള്‍ നല്‍കുക. നീ ഇപ്പോള്‍ കടന്നുപോകുന്ന സംഘര്‍പരിതമായ നിമിഷങ്ങളില്‍ നീ തിരിച്ചറിയേണ്ടതും അതാണ്. ഇപ്പോള്‍ നിനക്ക് ദേഷ്യവും, നിസ്സഹായതയും, സംശയവുമെല്ലാം അനുഭവപ്പെടുന്നുണ്ടാവും. അതെല്ലാം നിന്റെ ഉള്ളിലെ ധീരനായ വ്യക്തിയെ പുറത്തുകൊണ്ട് വരാന്‍ സഹായിക്കും. പക്ഷെ ഇതെല്ലാം തന്നെ നിന്റെ ഉള്ളിലെ നന്മയെ ഇല്ലാതാക്കാനും കാരണമാവും. സ്വയം എരിയാന്‍ അനുവദിക്കുക പക്ഷെ ആവശ്യത്തിന് മാത്രം.

തെറ്റുകളും, തോല്‍വിയും വിജയവുമെല്ലാം തന്നെ ഒരുപോലെയാണ്. അതില്‍ നിന്നെല്ലാം എന്താണ് ജീവിതത്തോട് ചേര്‍ത്ത് പിടിക്കേണ്ടതെന്നും എന്താണ് പുറത്ത് കളയേണ്ടതെന്നും മനസിലാക്കണം. പക്ഷെ ഈ അനുഭവങ്ങളില്‍ നിന്നെല്ലാം നിനക്ക് മികച്ച വ്യക്തിയായി വളരാന്‍ സാധിക്കും. എനിക്ക് നിന്നെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടേ അറിയാവുന്നതാണ്. അതിനാല്‍ നീ അനുഭവിക്കുന്നതിനെല്ലാം ചേര്‍ത്ത് പിടിക്കുക. കാരണം അതെല്ലാം നിനക്കുള്ള സമ്മാനമാണ്. സമയമാവുമ്പോള്‍ നിനക്ക് എല്ലാത്തിനും വ്യക്തത വരും. ഞാന്‍ നിനക്ക് വാക്ക് തരുന്നു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്താല്‍ ഉടന്‍ തന്നെ നിനക്ക് പ്രകാശം കാണാന്‍ സാധിക്കും. അത് നിന്നില്‍ തന്നെയുണ്ട്.

ലവ് യൂ മാന്‍'

ഹൃത്വിക്ക് റോഷന്റെ പോസ്റ്റിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത്തും ആര്യന്‍ ഖാന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരണം അറിയിച്ച് രംഗത്തെത്തി. 'ബോളിവുഡിലെ എല്ലാ മാഫിയ പപ്പുകളും ഇപ്പോള്‍ ആര്യന്‍ ഖാനെ പിന്തുണക്കുകയാണ്. നമ്മള്‍ എല്ലാവരും തെറ്റുകള്‍ ചെയ്യും പക്ഷെ അതൊരിക്കലും ആഘോഷിക്കരുത്. ഈ അനുഭവത്തിലൂടെ ആര്യന് അവന്റെ പ്രവൃത്തികളുടെ ഫലമെന്താണെന്ന് മനസിലാക്കാന്‍ സാധിക്കട്ടെ. ഒരാള്‍ പ്രതിസന്ധിയിലാവുമ്പോള്‍ അയാളെ കുറിച്ച് മോശം പറയുന്നത് ശരിയല്ല. എന്നാല്‍ അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ലെ'ന്നാണ് കങ്കണ കുറിച്ചത്.

അതേസമയം ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടന്‍ അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുണ്‍മൂണ്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പടെ 16 പേരെയാണ് മയക്കുമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in