'മോഹന്‍ലാല്‍ ഒറ്റക്കോ?'; ഷാജി കൈലാസ് ചിത്രം എലോണ്‍

'മോഹന്‍ലാല്‍ ഒറ്റക്കോ?'; ഷാജി കൈലാസ് ചിത്രം എലോണ്‍

ട്വില്‍ത്ത് മാന്‍ പൂര്‍ത്തിയാക്കി ഷാജി കൈലാസ് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍. എലോണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആന്റണി പെരുമ്പാവൂര്‍, ഷാജി കൈലാസ് എന്നിവരുടെ സാന്നിധ്യത്തില്‍ മോഹന്‍ലാലാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മുപ്പതാമത്തെ ചിത്രം കൂടിയാണ് എലോണ്‍. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ.

12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. യഥാര്‍ഥ നായകന്‍ എല്ലായിപ്പോഴും ഒറ്റക്കാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമായിരിക്കും കഥാപാത്രമായി ഉണ്ടായിരിക്കുക എന്നാണ് സൂചന. ഷാജി കൈലാസിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് ടൈറ്റില്‍ ലോഞ്ചിങ്ങ് ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിച്ചു.

'ആശിര്‍വാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകന്‍മാര്‍ എപ്പോഴും ശക്തരാണ് ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.'-മോഹന്‍ലാല്‍

2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ് ഒടുവില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം, ബാബാ കല്യാണി എന്നിവയാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രങ്ങള്‍.

Related Stories

No stories found.