കരീനക്ക് പകരം സീതയായി കങ്കണ, പിന്‍മാറ്റത്തിനുള്ള കാരണം

കരീനക്ക് പകരം സീതയായി കങ്കണ, പിന്‍മാറ്റത്തിനുള്ള കാരണം

പീരിയഡ് ഡ്രാമ ചിത്രം 'സീത ദ ഇന്‍കാര്‍നേഷനി'ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കങ്കണ റണാവത്. രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ചൊവ്വാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നടിയും സോഷ്യല്‍ മീഡിയ പേജിലൂടെ വിവരം പങ്കുവെച്ചിട്ടുണ്ട്.

അലൗകിക് ദേശീയിക്കൊപ്പം ചിത്രത്തിന്റ കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ്. കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം തലൈവിയുടെ രചയിതാവും അദ്ദേഹമായിരുന്നു. സലോലി ശര്‍മയാണ് നിര്‍മ്മാണം.

ചിത്രത്തില്‍ സീതയാകാന്‍ ഏറ്റവും അനുയോജ്യം കങ്കണയാണെന്ന് നിര്‍മ്മാതാവ് സലോലി ശര്‍മ്മ പ്രതികരിച്ചു. ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും എഴുതുന്നത് മനോജ് മുസ്താഷിറാണ്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

സിനിമയില്‍ സീതയായി കരീന കപൂര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ കരീന 12 കോടി ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ കരീനക്കെതിരെ വലിയ വിമര്‍ശനമാണുണ്ടായത്. സീതയുടെ വേഷം ചെയ്യാന്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നതിലൂടെ കരീന മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണവുമായായിരുന്നു ട്വിറ്ററിലെ അടക്കം പ്രചരണം.

എന്നാല്‍ കരീനയെ പിന്തുണച്ച് തപ്‌സി പന്നു, പ്രിയാമണി, പൂജ ഹെഗ്‌ഡെ തുടങ്ങിയ താരങ്ങളും രംഗത്തെത്തി. നടിമാര്‍ പ്രതിഫലം വര്‍ധിപ്പിക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനമുണ്ടാകുന്നതെന്നും, അതേസമയം ഒരു നടനാണ് ഇങ്ങനെ ചെയ്തതെങ്കില്‍ അത് അയാളുടെ വിജയത്തിന്റെ അടയാളമായി കണക്കാക്കപ്പെടുമെന്നുമായിരുന്നു ഇവരുടെ പ്രതികരണം.

Related Stories

No stories found.
The Cue
www.thecue.in