ആറാം തമ്പുരാന്‍ ആദ്യം ആലോചിച്ചത് മനോജ് കെ.ജയനെയും ബിജു മേനോനെയും കഥാപാത്രങ്ങളാക്കിയെന്ന് ഷാജി കൈലാസ്

ആറാം തമ്പുരാന്‍ ആദ്യം ആലോചിച്ചത് മനോജ് കെ.ജയനെയും ബിജു മേനോനെയും കഥാപാത്രങ്ങളാക്കിയെന്ന് ഷാജി കൈലാസ്

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നൊന്നായ 'ആറാം തമ്പുരാന്‍', മനോജ് കെ.ജയനെയും ബിജു മേനോനെയും കഥാപാത്രങ്ങളാക്കി ചെയ്യാനിരുന്ന സിനിമയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് ആദ്യം ചിത്രം ആലോചിച്ചതെന്നും സംവിധായകന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ട സിനിമയായിരുന്നു ആറാം തമ്പുരാനെന്നും ഷാജി കൈലാസ്. 'രണ്ട് സുഹൃത്തുക്കളുടെ കഥ എന്നനിലയിലാണ് ഞാനും രഞ്ജിത്തും ആലോചന തുടങ്ങിയത്. മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നു അന്ന് മനസില്‍. മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു വന്നു. ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി.

രണ്ട് ദിവസംകഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ്‌കുമാര്‍ വിളിക്കുന്നു. രാജുവില്‍നിന്ന് കഥകേട്ട് താത്പര്യമറിയിച്ചുള്ള വിളിയാണ്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും അറിയിച്ചു. സുരേഷ്‌കുമാര്‍ മദ്രാസിലേക്ക് വന്നു, രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിനുപറ്റിയരീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട്ട് വെച്ചാണ് ലാല്‍ കഥകേള്‍ക്കുന്നത്', ഷാജി കൈലാസ് പറഞ്ഞു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇവരുടെ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രാജേഷ് ജയറാം ആണ് തിരക്കഥ.

റെഡ് ചില്ലീസ് ആണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ പ്രോജക്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ ബറോസിന്റെ അടുത്ത ഘട്ട ചിത്രീകരണത്തിലേക്ക് കടക്കും.

ആറാം തമ്പുരാന്‍ ആദ്യം ആലോചിച്ചത് മനോജ് കെ.ജയനെയും ബിജു മേനോനെയും കഥാപാത്രങ്ങളാക്കിയെന്ന് ഷാജി കൈലാസ്
കടുവക്ക് മുമ്പ് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം, 12 വര്‍ഷത്തിന് ശേഷം

Related Stories

No stories found.
The Cue
www.thecue.in