'നിങ്ങള്‍ക്ക് എന്നെ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു', പാലിയേറ്റീവ് കെയറിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്

'നിങ്ങള്‍ക്ക് എന്നെ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു', പാലിയേറ്റീവ് കെയറിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്

മമ്മൂട്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ രക്ഷാധികാരി ആവാന്‍ സമ്മതിച്ചത് പബ്ലിസിറ്റി നല്‍കരുത് എന്ന നിബന്ധനയോടെ ആണെന്ന് പ്രേംചന്ദ് ദ ക്യു ലേഖനത്തില്‍ എഴുതിയിരുന്നു. മമ്മൂട്ടി ഇതേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.

സ്‌പോണ്‍സറാകാനെത്തി പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രധാന രക്ഷാധികാരിയായതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത് ഇങ്ങനെ;

'കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് ഒരു ഒറ്റമുറിയില്‍ പാലിയേറ്റീവ് കെയര്‍ സെന്ററുണ്ടായിരുന്നു. ഇതുപോലെ സിനിമാ ഷൂട്ടിങിന്റെ തിരക്കില്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രമുഖ തിരക്കഥാകൃത്ത് ശ്രീ ടി.ദാമോദരന്‍ എന്നോട് പറഞ്ഞു, 'കാന്‍സര്‍ ബാധിച്ച ആളുകളെ സഹായിക്കുന്ന ഒരു ചാരിറ്റബിള്‍ സെന്റര്‍ ഇവിടെ ഉണ്ട്, നിങ്ങള്‍ രണ്ടാളുകളെ സ്‌പോണ്‍സര്‍ ചെയ്യണം'. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.

ഇതിന്റെ ആളുകള്‍ക്ക് എന്നെ വന്ന് കാണണം എന്നും പറഞ്ഞു. മനസില്ലാ മനസോടെയാണ് അവരെ കാണാന്‍ ഞാന്‍ സമ്മതിച്ചത്. ചിത്രഭൂമി മാസികയുടെ എഡിറ്റര്‍ പ്രേംചന്ദും ഡോ.സുരേഷും ഒരു ഫ്രഞ്ച് സായിപ്പും കൂടിയാണ് എന്നെ കാണാന്‍ വന്നത്. അവരില്‍ നിന്നാണ് ഞാന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് അല്ലെങ്കില്‍ പാലിയേറ്റീവ് കെയര്‍ എന്താണ്, സാന്ത്വന ചികിത്സ എന്താണെന്നെല്ലാം മനസിലാക്കുന്നത്.

രണ്ടാളുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്, അല്ലാതെ നിങ്ങള്‍ക്കെന്നെ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അങ്ങനെയാണ് കോഴിക്കോട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രധാന രക്ഷാധികാരിയായി മാറുന്നത്.

മറ്റുള്ളവരുടെ വേദന അറിയാനും അവരെ സാന്ത്വനിപ്പിക്കാനും മനസുള്ള ഒരുപാട് ആളുകള്‍ ചേര്‍ന്ന് അതൊരു മഹാസംരംഭമായി മാറി. പാലിയേറ്റീവ് കെയറിനെ കുറിച്ച് ഞാന്‍ പറഞ്ഞതിന് ശേഷമാണ് ഇന്നസെന്റ് ഇതില്‍ തല്‍പരനായത്. കാന്‍സര്‍ മാത്രമല്ല, കാന്‍സറിനോട് ചേര്‍ന്ന് രോഗങ്ങളും മറ്റും മൂലം ഒരുപാട് വേദനയനുഭവിക്കുന്നവരുണ്ട്. മരുന്ന് കൊണ്ടോ പണം കൊണ്ടോ ഒന്നും അവരുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സ്‌നേഹം കൊണ്ടും ശുശ്രൂഷ കൊണ്ടും അവര്‍ക്ക് ജീവിതത്തിലുള്ള പ്രതീക്ഷ കൊണ്ടും മാത്രമേ അവരെ നമുക്ക് സാന്ത്വനിപ്പിക്കാനാകൂ.

കോഴിക്കോട് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പോകാന്‍ എനിക്ക് മടിയാണ്. ഞാന്‍ അവിടെ ചെല്ലുന്നത് അവിടെ എല്ലാവര്‍ക്കും സന്തോഷമാണ്. പക്ഷെ അവരുടെ മുഴുവന്‍ ദുഃഖം പേറി കൊണ്ടായിരിക്കും ഞാന്‍ തിരിച്ചു വരിക. അത്രയും ദുഃഖം പേറാനുള്ള ശേഷിയെനിക്കില്ലാത്തത് കൊണ്ട് പലപ്പോഴും ഞാന്‍ പോകാന്‍ മടിക്കും. പക്ഷെ എന്നെകൊണ്ടാകുന്ന സമയത്തൊക്കെ അവിടെ പോവുകയും അവരെ കാണുകയുമൊക്കെ ചെയ്യാറുണ്ട്.

നമുക്കാര്‍ക്കും അസുഖങ്ങള്‍ വരാതിരിക്കട്ടെ, ലോകത്തെ എല്ലാ കാന്‍സര്‍ പാലിയേറ്റീവ് കെയറുകളും പൂട്ടട്ടെ ഒരുകാലത്ത്. ഇതൊന്നും പുഷ്പിച്ച് വലുതായി ലോകത്തെ വലിയ സംഭവമായി മാറരുത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാന്‍സര്‍ ലോകത്ത് നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണം. കാന്‍സര്‍ മൂലം മനുഷ്യന്‍ വേദനിക്കരുത്', മമ്മൂട്ടി പറഞ്ഞു.

'നിങ്ങള്‍ക്ക് എന്നെ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു', പാലിയേറ്റീവ് കെയറിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്
'ഇതിന് എനിക്ക് പബ്ലിസിറ്റി വേണ്ട. ഞാന്‍ രക്ഷാധികാരിയായി പണിയെടുക്കുന്ന വിവരം ആരെയും അറിയിക്കേണ്ട'

Related Stories

No stories found.
The Cue
www.thecue.in