'സിനിമ ബിഗ് സ്‌ക്രീനിനുള്ളതാണ്, അത് തിയറ്ററിലേക്ക് തന്നെ തിരിച്ചുവരും'; മോഹന്‍ലാല്‍

'സിനിമ ബിഗ് സ്‌ക്രീനിനുള്ളതാണ്, അത് തിയറ്ററിലേക്ക് തന്നെ തിരിച്ചുവരും'; മോഹന്‍ലാല്‍

സിനിമ ബിഗ് സ്‌ക്രീന്‍ മാധ്യമമാണെന്നും, അത് തിയറ്ററുകളിലേക്ക് തന്നെ തിരിച്ചുവരുമെന്നും നടന്‍ മോഹന്‍ലാല്‍. സാറ്റലൈറ്റ് ചാനലുകള്‍ക്കപ്പുറം സിനിമകള്‍ക്ക് വലിയൊരു വിപണിയാവുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെന്നും നടന്‍ റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'നല്ലൊരു ശതമാനം സിനിമകള്‍ ഒടിടി റിലീസായി എത്തുകയും അവ ആളുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈറ്റുകളിലെ ഹിറ്റുകളുടെ അടിസ്ഥാനത്തിലാണ് കാഴ്ച്ചക്കാരുടെ വിലയിരുത്തല്‍ നടക്കുന്നത്. സിനിമകളുടെ റേറ്റിങും വരുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. സിനിമ ഒരു ബിഗ് സ്‌ക്രീന്‍ മാധ്യമമാണ്, അത് തിയറ്ററുകളിലേക്ക് തന്നെ തിരിച്ചുവരും', മോഹന്‍ലാല്‍ പറഞ്ഞു.

'കൊറോണ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സിനിമ, നൃത്തം, സംഗീതം, നാടകം തുടങ്ങി എല്ലാ മേഖലകളിലും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.'

കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അസാധ്യമാക്കിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 'ബ്രോ ഡാഡി' ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.

'ഒരു സെറ്റില്‍ സൗണ്ട് റെക്കോഡിങിനും, ലൈറ്റ് സെറ്റ് ചെയ്യുന്നതിനും, മേക്കപ്പിനും ഒക്കെയായി ഒരു മിനിമം നമ്പര്‍ ആളുകള്‍ വേണ്ടി വരും. ഇപ്പോള്‍ പല സപ്പോര്‍ട്ടിങ് ടീമുകളെയും ഇവിടുന്ന്(തെലങ്കാന) തന്നെയാണ് നിയമിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചെറുകിട സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് ഈ അവസരങ്ങള്‍ നഷ്ടപ്പെടുന്നത്.'

ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമ സംഘടനയായ അമ്മ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍. പഠനം ഓണ്‍ലൈന്‍ ആയതോടെ മൊബൈലോ കംപ്യൂട്ടറോ ഇല്ലാതെ വിഷമിക്കുന്ന കുട്ടികള്‍ക്കായി 300 ടാബുകള്‍ വിതരണം ചെയ്തുവെന്നും മോഹന്‍ലാല്‍.

Related Stories

No stories found.
logo
The Cue
www.thecue.in