പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്ത്, അറിവ് റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ പുതിയ കവര്‍ ചിത്രം

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്ത്, അറിവ് റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ പുതിയ കവര്‍ ചിത്രം

റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ കവര്‍ ഫോട്ടോയില്‍ നിന്ന് റാപ്പറും ഗാനരചയിതാവുമായ തെരുക്കുറല്‍ അറിവിനെ മാറ്റിനിര്‍ത്തിയെന്ന വിവാദത്തില്‍ റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ തിരുത്ത്. അറിവിനെ ഫീച്ചര്‍ ചെയ്ത് പുതിയ കവര്‍ റോളിംഗ് സ്റ്റോണ്‍ പുറത്തുവിട്ടു. എന്‍ജോയ് എന്‍ജാമി, നീയേ ഒലി എന്നീ ഗാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട കവര്‍ ഫോട്ടോയില്‍ ഈ രണ്ട് പാട്ടുകളുടെ രചയിതാവും എന്‍ജോയ് എന്‍ജാമിയിലെ ഗായകനുമായ അറിവിനെ ഒഴിവാക്കിയതിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

'വ്യവസ്ഥാപിതമായ അനീതികള്‍ക്കെതിരെ തമിഴ് കാലാകാരന്‍ ഓഫ്രോയ്‌ക്കൊപ്പം (രോഹിത് എബ്രഹാം) ചെയ്ത തെരുക്കുറല്‍ എന്ന ആല്‍ബത്തിന് അംഗീകാരമായാണ് കവര്‍'എന്ന് റോളിംഗ് സ്റ്റോണ്‍ ഇന്ത്യ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

റാപ്പര്‍ തെരുക്കുറല്‍ അറിവിനെ മാറ്റി നിര്‍ത്തി കനേഡിയന്‍ തമിഴ് റാപ്പര്‍ ഷാന്‍ വിന്‍സെന്റ് ഡീ പോളിനെയും ഗായിക ദീ'യെയും ഫീച്ചര്‍ ചെയ്തതിനെതിരെ സംവിധായകന്‍ പാ രഞ്ജിത്തും പരസ്യമായി പ്രതിഷേധമറിയിച്ചിരുന്നു.

തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹം എഴുതിയ പാട്ടുകളുടെ റീമിക്സുകളില്‍ നിന്നും പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കപ്പെടുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. എന്‍ജോയ് എന്‍ജാമി പാടിയ ദീക്ഷിത (ദീ)യുടെയും നീയേ ഒലി പാടിയ ശ്രീലങ്കന്‍ കനേഡിയന്‍ റാപ്പറായ വിന്‍സന്റ് ഡി പോളിന്റെയും ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

'നീയേ ഒലി രചിച്ചതും എന്‍ജോയ് എന്‍ജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍കൂടി അപ്രത്യക്ഷനാക്കപ്പെട്ടിരിക്കുന്നു. പൊതുഇടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഈ രണ്ട് പാട്ടുകളിലൂടെയും അറിവ് ചെയ്യുന്നതെന്ന് റോളിംഗ് സ്റ്റോണ്‍ ഇന്ത്യയ്ക്കും മാജയ്ക്കും മനസിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?,' എന്നായിരുന്നു പാ.രഞ്ജിത്ത് ചോദിച്ചത്. എന്നാല്‍ അറിവിനെ പിന്തുണച്ചും പാരഞ്ജിത്തിനെ വിമര്‍ശിച്ചും ഷാന്‍ തന്നെ രംഗത്തെത്തി.

താന്‍ എപ്പോഴും അറിവിനൊപ്പമാണെന്നും, മാധ്യമ വാര്‍ത്തകള്‍ക്കും, ചിലരുടെ രാഷ്ട്രീയങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും ഷാന്‍ വിന്‍സന്റ് ട്വീറ്റ് ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു. പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നതയുണ്ടാക്കിയെന്നാണ് ഷാന്‍ പറഞ്ഞത്.

'സത്യാവസ്ഥയറിയാതെ അദ്ദേഹത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. അദ്ദേഹത്തിന്റെ ട്വീറ്റില്‍ നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് ഭാഗങ്ങളാണ് അറിവ് എഴുതിയത്. അതൊരു സഹകരണമായിരുന്നു.' എന്നും ഷാന്‍ പറഞ്ഞു.

അറിവിനെ കവര്‍ ആക്കാനുള്ള റോളിംഗ് സ്റ്റോണിന്റെ ഏറെ വൈകിയുള്ള തീരുമാനത്തിനെതിരെയും ചിലര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത്രവൈകിയല്ല, തെരുക്കുറല്‍ ഇറങ്ങിയ സമയത്ത് തന്നെ കവര്‍ ചെയ്യേണ്ടതായിരുന്നെന്നാണ് ചിലരുടെ പ്രതികരണം. എന്തിനാണ് ഇപ്പോള്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നാണ് മറ്റു ചിലര്‍ റോളിംഗ് സ്റ്റോണിന്റെ പോസ്റ്റിനടിയില്‍ കമന്റ് ചെയ്യുന്നത്.

Related Stories

No stories found.
The Cue
www.thecue.in