കെ.ടി.എസ് പടന്നയിൽ അന്തരിച്ചു, സ്വഭാവ കഥാപാത്രങ്ങളിലെ കുലുങ്ങിച്ചിരി

കെ.ടി.എസ് പടന്നയിൽ അന്തരിച്ചു, സ്വഭാവ കഥാപാത്രങ്ങളിലെ കുലുങ്ങിച്ചിരി

പ്രശസ്ത ചലച്ചിത്ര നാടക താരം കെ.ടി. സുബ്രഹ്മണ്യൻ എന്ന കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്.

നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 1957 ൽ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചരുന്നു.

നീണ്ട നാടക ജീവിതത്തിനിടയിൽ രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വ്യത്യസ്തമായ കുലുങ്ങി ചിരിയുമായി ആദ്യസിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തെ തേടി നിരവധി വേഷങ്ങൾ എത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. സിനിമയിൽനിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പ്രതിഫലം പോലും നൽകാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. ഇനി ചാൻസ് ചോദിച്ച് ആരുടേയും മുൻപിൽ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്ന് പടന്നയിൽ പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in