കുഞ്ഞപ്പനാണ് സീക്വലിലും താരം, ഒപ്പം ടോവിനോയും സുരാജു സൗബിനും

കുഞ്ഞപ്പനാണ് സീക്വലിലും താരം, ഒപ്പം ടോവിനോയും സുരാജു സൗബിനും

വാർധ്യകത്തിലെ ഒറ്റപ്പെടലും വേദനയും ഹൃദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെര്‍ഷന്‍ 5.25 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഏലിയൻ അളിയനിൽ പ്രധാന വേഷത്തിൽ ടോവിനോ തോമസും. ആദ്യ ഭാഗത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്കര പൊതുവാളിനെ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ കഥാഗതി. എന്നാൽ രണ്ടാം ഭാഗത്തിൽ റോബോട്ട് കുഞ്ഞപ്പനൊപ്പമായിരിക്കും പ്രേക്ഷകർ യാത്ര ചെയ്യുന്നതെന്ന് സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞു.

വലിയ തോതിലുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആവശ്യമുള്ള സിനിമയാണ്. സ്ക്രിപ്റ്റിന്റെ ആദ്യ ഘട്ട വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഭാഗത്തെ പോലെ അച്ഛൻ മകൻ ബന്ധത്തിനായിരിക്കില്ല രണ്ടാം ഭാഗത്തിൽ ഊന്നൽ കൊടുക്കുന്നത്. ഒന്നാം ഭാഗത്തിലെ പ്രധാന അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കും. എന്നാൽ രണ്ടാം ഭാഗത്തിൽ പുതിയ അഭിനേതാക്കളും ഉണ്ടാകും. സിനിമയിലെ ചില സീനുകൾ വിദേശ രാജ്യത്ത് വെച്ചായിരിക്കും ഷൂട്ട് ചെയ്യുന്നത്. ഏത് രാജ്യമാണ് എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ ആയിട്ടില്ല. വിഎഫ്എക്‌സിന് ഏറെ സാധ്യതയുള്ള ചിത്രമാണ്. മിക്കവാറും അടുത്ത വർഷമായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. രതീഷ് പൊതുവാൾ ദ ക്യുവിനോട് പറഞ്ഞു. രതീഷ് ബാലകൃഷ്ണൻ തന്നെയാണ് സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത്. എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. രണ്ട് ചിത്രങ്ങള്‍ കൂടി രതീഷിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്യാനുണ്ട്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'കനകം കാമിനി കലഹം', കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ, താന്‍ കേസ് കൊട്' എന്നിവയാണ് ചിത്രങ്ങള്‍. ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

No stories found.
The Cue
www.thecue.in