അന്‍വര്‍ അബ്ദുള്ളയുടെ 'മതിലുകള്‍', കൊവിഡിലെ പരീക്ഷണചിത്രം ഒടിടി റിലീസിന്

അന്‍വര്‍ അബ്ദുള്ളയുടെ 'മതിലുകള്‍', കൊവിഡിലെ പരീക്ഷണചിത്രം ഒടിടി റിലീസിന്

കൊവിഡ് കാലത്തെ പരിമിതികളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കി എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ അന്‍വര്‍ അബ്ദുള്ളയുടെ സംവിധാനത്തിലുള്ള ചിത്രം. മതിലുകള്‍ എന്ന സിനിമ ഒറ്റ കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്. സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന റൂട്‌സ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ ജൂണ്‍ 11ന് പ്രേക്ഷകരിലെത്തും.

സിനിമയെക്കുറിച്ച് സംവിധായകന്‍ അന്‍വര്‍ അബ്ദുള്ള

മതിലുകള്‍: Love in the time of Corona ഒരു സ്വതന്ത്ര സിനിമയാണ് (independent Cinema). ക്യാമറാമാന്‍, ഏകകഥാപാത്രമായ നടന്‍ കൂടിയായ സംവിധായകന്‍ എന്നീ രണ്ടു പേര്‍ മാത്രം ചിത്രീകരണത്തില്‍ പങ്കെടുത്ത പരീക്ഷണ നിര്‍മാണരീതിയായിരുന്നു. കോവിഡ് ഒന്നാം തരംഗം കൊടുമ്പിരിക്കൊണ്ട 2020 മെയ് - ഓഗസ്റ്റ് സമയത്തായിരുന്നു പ്രവര്‍ത്തനം മുഴുവന്‍. പ്രേമത്തെ ഉപഹാസ ദുരന്തവീക്ഷണത്തില്‍ക്കാണുന്ന (Satire - tragedy)ബഷീറിയന്‍, മാര്‍ക്വേസിയന്‍ വിചാരങ്ങളെ ചേര്‍ത്തിണക്കി, മഹാമാരിയുടെ ഡിസ്റ്റോപ്പിയന്‍ വര്‍ത്തമാനത്തില്‍ വളരെ ലളിതമായി മനുഷ്യജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമമാണ് സിനിമ. ബഷീറിന്റെയും അടൂരിന്റെയും മതിലുകളുടെയും മാര്‍ക്വേസിന്റെ Love in the time of cholera യുടെയും ഒരു De-reading കൂടിയാണു സങ്കല്പിച്ചിരിക്കുന്നത്.

മുഹമ്മദ് എ. ആണ് ക്യാമറ. 24/1 ഇന്‍ഡിപെന്‍ഡന്റ് ഫിലിം ആക്ടിവീറ്റിസാണ് നിര്‍മ്മാണം. സ്മിതാ ആരബിയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂഷന്‍. രാജ്കുമാര്‍ വിജയ് ചിത്രസംയോജനവും പശ്ചാത്തലസംഗീതവും.

കുറ്റാന്വേഷണ രചനകളില്‍ പുതിയൊരു ശൈലി പരിചയപ്പെടുത്തിയ നോവലിസ്റ്റ് കൂടിയാണ് അന്‍വര്‍ അബ്ദുള്ള. അന്‍വര്‍ രചിച്ച ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, പ്രൈം വിറ്റ്‌സ്, റിപ്പബ്ലിക്, ഡ്രാക്കുള എന്നിവ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തും പുതിയ പതിപ്പുകളെത്തിയ രചനകളായിരുന്നു. malayal.amല്‍ അബൂബക്കര്‍ എന്ന പേരില്‍ അന്‍വര്‍ അബ്ദുള്ള ചലച്ചിത്ര നിരൂപണം എഴുതിയിരുന്നു. പിന്നീട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റിവേഴ്‌സ ക്ലാപ് എന്ന സിനിമാ നിരൂപണ പരിപാടിയും ചെയ്തിരുന്നു.

മഹത്തായ കലാസൃഷ്ടികൾ കാലത്തിൽ വീണ്ടും വീണ്ടും വായിക്കപ്പെട്ടുകൊണ്ടിരിക്കും. ബഷീറിന്റെ മതിലുകൾ അത്തരമൊരു കലാസൃഷ്ടിയാണ്. അൻവർ അബ്ദുള്ള സംവിധാനം ചെയ്ത മതിലുകൾ (Love in the time of corona) പേരുപോലെ തന്നെ കോവിഡ് കാലത്തെ ആവിഷ്കരിക്കാനും അടയാളപ്പെടുത്താനും ശ്രമിക്കുന്ന സിനിമകളിൽ ഒന്നാണ്. അതിലുപരി ബഷീറിന്റെയും പിന്നീട് സിനിമയായി മാറിയ അടൂരിന്റെയും മതിലുകളുടെ ഒരു പുനർവായന കൂടിയാണ് ഈ സിനിമ. സംവിധായകൻ എന്ന നിലയിലും കേന്ദ്ര കഥാപാത്രം എന്ന നിലയിലും അൻവർ അബ്ദുള്ള തന്റെ ദൗത്യം വിജയകരമായി നിർവഹിച്ചിരിക്കുന്നു.
പ്രതാപ് ജോസഫ്, സംവിധായകന്‍

Related Stories

No stories found.
The Cue
www.thecue.in